കൊവിഡ് സമയത്ത് കാലിഫോര്‍ണിയക്കാര്‍ വാങ്ങിക്കൂട്ടിയത് ഒരുലക്ഷത്തിലേറെ തോക്കുകള്‍?

By Web TeamFirst Published Oct 21, 2020, 11:21 AM IST
Highlights

എന്തുകൊണ്ടാണിങ്ങനെ തോക്കുകള്‍ വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ 75.9 ശതമാനം പേരും പ്രതികരിച്ചത്, അരാജകത്വം ഉണ്ടാകുമോ എന്നുള്ള ഭയം, സര്‍ക്കാരിന്‍റെ അനാസ്ഥ, ജയിലില്‍ കഴിയുന്ന കുറ്റവാളികളെ മോചിപ്പിച്ച നടപടി ഇവയെല്ലാമാണ് തോക്കുകള്‍ വാങ്ങാന്‍ കാരണമായത് എന്നാണ്. 

ലോകമെങ്ങും കൊവിഡ് 19 ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കാലിഫോര്‍ണിയയില്‍ ആളുകള്‍ വാങ്ങിയത് 100,000 -ത്തിലേറെ തോക്കുകളോ സമാനമായ ആയുധങ്ങളോ എന്ന് പഠനം. കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആളുകള്‍ തോക്കുകളിങ്ങനെ വാങ്ങിക്കൂട്ടുന്നതെന്നാണ് പഠനം പറയുന്നത്. 

കാലിഫോർണിയ സർവകലാശാല, ഡേവിസ് ഫയര്‍ആം വയലൻസ് റിസർച്ച് സെന്റർ, വയലൻസ് പ്രിവൻഷൻ റിസർച്ച് പ്രോഗ്രാം എന്നിവയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജൂലൈ 14 മുതൽ 27 വരെയായി കാലിഫോർണിയയിലുടനീളമുള്ള 2,870 പേര്‍ക്കിടയിലാണ് ഓൺലൈൻ സർവേ നടത്തിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് 2.4 ശതമാനം ആളുകളും കൊവിഡ് സമയത്ത് തങ്ങള്‍ തോക്കുകള്‍ വാങ്ങിയതായി വെളിപ്പെടുത്തിയത്. കൊവിഡിന് മുമ്പ് തോക്കുകള്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നില്ല എന്ന് 43 ശതമാനം പേരും പ്രതികരിച്ചു. 

കണക്കുകള്‍ പ്രകാരം ഏകദേശം 110,000 കാലിഫോർണിയക്കാരെങ്കിലും പാൻഡെമിക് സമയത്ത് തോക്കുകൾ സ്വന്തമാക്കിയതായി പറയുന്നു. 47,000 പേരാണ് പുതുതായി തോക്കുകള്‍ വാങ്ങിയതായി കണക്കാക്കുന്നത്. പകര്‍ച്ചവ്യാധി സമയത്ത് ആളുകളില്‍ അരക്ഷിതാവസ്ഥയുണ്ടാവുകയും കൂട്ട വെടിവെപ്പ്, പീഡനം, മോഷണം തുടങ്ങിയ അക്രമസംഭവങ്ങളുണ്ടാവാനിടയാവുകയും ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് തോക്കുകള്‍ വാങ്ങിയതെന്ന് ഭൂരിഭാഗം പേരും പ്രതികരിച്ചു. സ്വയരക്ഷയ്ക്കായാണ് തോക്കുകള്‍ വാങ്ങിയതെന്നും അവര്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ഭയം ഒരുപാട് കൂടിയിട്ടുണ്ട് എന്നും പലരും പ്രതികരിച്ചു. 

എന്തുകൊണ്ടാണിങ്ങനെ തോക്കുകള്‍ വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ 75.9 ശതമാനം പേരും പ്രതികരിച്ചത്, അരാജകത്വം ഉണ്ടാകുമോ എന്നുള്ള ഭയം, സര്‍ക്കാരിന്‍റെ അനാസ്ഥ, ജയിലില്‍ കഴിയുന്ന കുറ്റവാളികളെ മോചിപ്പിച്ച നടപടി ഇവയെല്ലാമാണ് തോക്കുകള്‍ വാങ്ങാന്‍ കാരണമായത് എന്നാണ്. റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നത്, ഈ മഹാമാരി സമയത്ത് മറ്റൊരിക്കലും ഇല്ലാത്തവണ്ണം സുരക്ഷയെ കുറിച്ചുള്ള ഭയം ആളുകള്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നും അതാണ് തോക്കുകള്‍ വാങ്ങാന്‍ കാരണമായത് എന്നുമാണ്. 

എന്നാല്‍, ഇതുപോലെ തോക്കുകള്‍ വീട്ടില്‍ വാങ്ങിവയ്ക്കുന്നത് എത്രമാത്രം അപകടകരമാണ് എന്നുള്ള ആശങ്കയും വര്‍ധിക്കുന്നുണ്ട്. വീട്ടിലെ കുട്ടികളോ സ്ത്രീകളോ ഇവ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്, ആളുകള്‍ തോക്കുകളുപയോഗിച്ച് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും വിദഗ്ദ്ധര്‍ പ്രതികരിച്ചു. 

click me!