
ഇനി ഒരു വർഷം കൂടിയേ താനീ ഭൂമിയിൽ ജീവിച്ചിരിക്കൂ എന്ന് അറിയുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കും? അതിനേക്കാൾ വേദനാജനകമായി ഒന്നുമില്ല അല്ലേ? അങ്ങേയറ്റം സ്നേഹിക്കുന്ന ഭർത്താവിനെയും രണ്ട് കുഞ്ഞുമക്കളെയും കൂടി ഉപേക്ഷിച്ചാണ് പോകേണ്ടത് എങ്കിലോ?
ഇവിടെ ഒരു യുവതി അതേ അവസ്ഥയിലാണ്. അവർക്ക് ബ്രെയിൻ ട്യൂമറാണ്. പക്ഷേ, വളരെ വൈകിയാണ് അറിഞ്ഞത്. ഒരിക്കൽ പോലും പുകവലിച്ചിട്ടില്ലാത്ത തന്റെ കാൻസറിന്റെ ആരംഭം ശ്വാസകോശത്തിൽ നിന്നുമായിരുന്നു എന്നും അവർ പറയുന്നു. ടെക്സാസിൽ നിന്നുമുള്ള യുവതിയുടെ പേര് അമാര ടാഫ്റ്റ്.
സഹിക്കവയ്യാത്ത തലവേദന വന്ന് വീട്ടിലിരുന്ന് കരയുകയായിരുന്ന അമാരയെ അന്ന് ആശുപത്രിയിലെത്തിച്ചത് ഭർത്താവാണ്. തുടർന്ന് നടന്ന പരിശോധനയിലാണ് അവളുടെ അസുഖം തിരിച്ചറിയപ്പെടുന്നത്. അപ്പോഴേക്കും വളരെ വൈകിയിരുന്നു. ഇപ്പോൾ അവളുടെ പത്താമത്തെയും അവസാനത്തെയും കീമോതെറാപ്പിയും കഴിഞ്ഞിരിക്കുകയാണ്. ഡോക്ടർ തന്നെയാണ് അവളോട് ഇനി ഒരു വർഷം കൂടിയേ അവൾക്ക് ആയുസുണ്ടാകൂ എന്ന് പറയുന്നത്. നാലും മൂന്നും വയസായ രണ്ട് പെൺകുട്ടികളാണ് അമാരയ്ക്ക്.
ഇപ്പോൾ ഈ ലോകത്ത് നിന്നും എന്നേക്കുമായി മടങ്ങുന്നതിന് മുമ്പ് അവർക്കും അവരുടെ അച്ഛനും ഒരിക്കലും തന്നെ മറക്കാതിരിക്കാനുള്ള ഓർമ്മകൾ സമ്മാനിക്കാൻ ശ്രമിക്കുകയാണ് അമാര. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കുടുംബത്തോടൊപ്പം ഫ്ലോറിഡയിൽ ഡിസ്നി വേൾഡ് സന്ദർശിക്കുക എന്നത്. ചികിത്സയ്ക്കും യാത്രയ്ക്കും മറ്റുമുള്ള ചെലവുകൾക്കായി GoFundMe -യിലൂടെ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് അമാര ഇപ്പോൾ.
ഈ രോഗത്തെ കുറിച്ചും ഭൂമിയിൽ അവശേഷിച്ച അവളുടെ ചുരുങ്ങിയ ദിവസത്തെ കുറിച്ചും അറിഞ്ഞപ്പോൾ അവൾ ആദ്യം ആലോചിച്ചത് തന്റെ കുടുംബത്തെ കുറിച്ചാണ്. എന്റെ ലോകം ആകെ തകർന്ന് പോയി എന്നാണ് എനിക്ക് അപ്പോൾ തോന്നിയത് എന്നാണ് അമാര പറയുന്നത്.
എന്തായാലും എന്നേക്കുമായി വിട പറയുന്നതിന് മുമ്പായി മക്കൾക്ക് വേണ്ടുന്ന ഓർമ്മകൾ നിറച്ച് വയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ന് അമാര.