
സമ്പത്ത്, സമയം, സന്തോഷം ഇവ മൂന്നും മനുഷ്യരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇവയെ കുറിച്ച് ഗുഡ്ഗാവിൽ നിന്നുള്ളൊരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. ഗുർജോത് അഹ്‌ലുവാലിയ എന്നയാളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഒരു നിശ്ചിത സാമ്പത്തിക സുരക്ഷിതത്വം നേടിക്കഴിഞ്ഞാൽ, ഒരു സാധാരണക്കാരനും ശതകോടീശ്വരനും തമ്മിലുള്ള ജീവിതനിലവാരത്തിൽ വലിയ വ്യത്യാസമൊന്നും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകുന്നത്.
പോസ്റ്റ് വായിക്കാം;
8-10 കോടി രൂപ സമ്പാദ്യം, സ്വന്തമായി ഒരു വീട്, നല്ലൊരു കാർ എന്നിവയുണ്ടെങ്കിൽ നിങ്ങളും ആർ.കെ. ദമാനിയെപ്പോലെയുള്ള ശതകോടീശ്വരന്മാരും തമ്മിലുള്ള ജീവിതനിലവാരത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ജീവിതത്തിലെ യഥാർത്ഥ കറൻസി സമയമാണ്, പണമല്ല. നിങ്ങൾക്കും അദ്ദേഹത്തിനും ഭൂമിയിൽ പരിമിതമായ സമയം മാത്രമേയുള്ളൂ, വാസ്തവത്തിൽ ആർ.കെ. ദമാനിയേക്കാൾ ഇരട്ടിയോ അതിലധികമോ സമയം നിങ്ങളുടെ കയ്യിലുണ്ടായേക്കാം, അതുകൊണ്ട് അദ്ദേഹത്തേക്കാൾ വലിയ പണക്കാരൻ നിങ്ങളാണ്.
ഒരു ശതകോടീശ്വരൻ കഴിച്ചാലും നിങ്ങൾ കഴിച്ചാലും ദാലും റൊട്ടിയും ദാലും റൊട്ടിയും തന്നെയാണ്. അതിനാൽ, ഏകദേശം 8-10 കോടി രൂപ സമ്പാദിച്ചുകൊണ്ട് സാമ്പത്തികമായി സ്വതന്ത്രരാകുക. നല്ല ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക. നന്നായി ഉറങ്ങുക. മാതാപിതാക്കളെയും സുഹൃത്തുക്കളെയും പോയി കാണുക. ഇത്രയൊക്കെയുള്ളൂ ജീവിതം. അത്യാഗ്രഹത്തിന് അവസാനമില്ല.
എത്ര നേരത്തെ നിങ്ങൾ ഇത് തിരിച്ചറിയുന്നുവോ അത്രയും സന്തോഷമായി നിങ്ങൾക്ക് ജീവിക്കാം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവാവ് പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് കമന്റ് നൽകിയവരുണ്ട്. അതേസമയം, ഇതൊക്കെ പറയാൻ എളുപ്പമാണ് സാമ്പത്തിക സുരക്ഷിതത്വം എന്നാൽ ഓരോരുത്തരേയും അപേക്ഷിച്ച് ഓരോന്നാണ് എന്ന് കമന്റ് നൽകിയവരും ഉണ്ട്.