എട്ടുവയസ്സുകാരിയുടെ വ്യത്യസ്‍തമായ ക്രിസ്‍മസ് വിഷ്, ഇതിനേക്കാള്‍ നല്ലൊരു സന്ദേശം ക്രിസ്‍മസിന് നല്‍കാനുണ്ടോ?

By Web TeamFirst Published Dec 26, 2019, 1:17 PM IST
Highlights

ഇതാദ്യമായിട്ടല്ല ലാന്‍ഡിന്‍ ഷെല്‍ട്ടറിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്. ഇതിനുമുമ്പും ഈ മൃഗങ്ങളെ അധിവസിപ്പിക്കുന്ന ഷെല്‍ട്ടറിനായി സമ്മാനങ്ങളെത്തിച്ചുനല്‍കിയിട്ടുണ്ടവള്‍. 

എല്ലാവര്‍ക്കും ഓരോ ക്രിസ്‍മസ് ആഗ്രഹങ്ങളുണ്ടാകും. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. എന്നാല്‍, ലാന്‍ഡിന്‍ വാഡ്‍സ്‍വര്‍ത്തെന്ന എട്ടുവയസ്സുകാരിയുടെ 'ക്രിസ്‍മസ് വിഷ്' കുറച്ച് വ്യത്യസ്‍തമായിരുന്നു. മൃഗങ്ങളെ സഹായിക്കണമെന്നതായിരുന്നു അവളുടെ ആഗ്രഹം. പാസ്‍കോയിലെ ട്രൈ സിറ്റീസ് ആനിമല്‍ ഷെല്‍ട്ടറിലെ നായകളേയും പൂച്ചകളേയും സഹായിക്കണമെന്നതായിരുന്നു അവളുടെ വിഷ്. അതുകൊണ്ട് തന്നെ തനിക്ക് കളിപ്പാട്ടം വേണ്ടായെന്നും ആ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം വാങ്ങിക്കൊടുക്കുന്നതിനായി പൈസ മതിയെന്നുമാണ് ലാന്‍ഡിന്‍ പറഞ്ഞത്. 

ഇപ്പോഴിതാ, ആ മൃഗങ്ങളുടെ ഷെല്‍ട്ടര്‍ ഫേസ്‍ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്‍തിരിക്കുന്നു. ക്രിസ്‍മസ് വൈകുന്നേരം ചാക്കുകള്‍ നിറയെ പൂച്ചക്കും പട്ടിക്കുമുള്ള ഭക്ഷണവുമായി ലാന്‍ഡിന്‍ നില്‍ക്കുന്നതാണ് ചിത്രത്തില്‍. അവിടെയുള്ള മുഴുവന്‍ മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഏകദേശം 50,000 രൂപയ്ക്ക് മുകളില്‍ സംഘടിപ്പിച്ചു അവള്‍. അതിനെല്ലാം ഭക്ഷണം വാങ്ങിക്കുകയും ചെയ്‍തു. 

ഇതാദ്യമായിട്ടല്ല ലാന്‍ഡിന്‍ ഷെല്‍ട്ടറിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്. ഇതിനുമുമ്പും ഈ മൃഗങ്ങളെ അധിവസിപ്പിക്കുന്ന ഷെല്‍ട്ടറിനായി സമ്മാനങ്ങളെത്തിച്ചുനല്‍കിയിട്ടുണ്ടവള്‍. ഇത് മൂന്നാമത്തെ വര്‍ഷമാണ് തന്‍റെ പ്രിയപ്പെട്ട മൃഗങ്ങള്‍ക്കായി അവള്‍ സമ്മാനങ്ങളെത്തിക്കുന്നത്. 2016 -ല്‍ ലാന്‍ഡിന്‍ ആദ്യമായി ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ ക്രിസ്‍മസിന് പോകാന്‍ ഇവയ്ക്കൊന്നും വീടില്ലല്ലോ എന്നോര്‍ത്ത് അവള്‍ വേദനിച്ചിരുന്നുവെന്ന് ലാന്‍ഡിന്‍റെ അമ്മ അലിഷ പറയുന്നു. പിറ്റേവര്‍ഷം മുതല്‍ അവള്‍ കൃത്യമായി അവിടെ സമ്മാനങ്ങളെത്തിക്കുന്നുണ്ട്.

ഏതായാലും കുഞ്ഞുങ്ങളോളം നിഷ്‍കളങ്കരായി ഈ ലോകത്ത് ആരാണുള്ളത്? അവരുടെ ആഗ്രഹങ്ങളോളം ആത്മാവില്‍ തട്ടിയുള്ള ആഗ്രഹങ്ങളും. ലോകത്തിലെ സര്‍വ്വജീവികളോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനേക്കാള്‍ വലിയ ക്രിസ്‍മസ് സന്ദേശം എന്താണുള്ളത്. അതാണ് ആ എട്ടുവയസ്സുകാരി ചെയ്‍തത്. 

click me!