
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ഗണ്യമായി വഷളാക്കുമെന്ന് ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരാൻ പോകുന്ന ഭക്ഷ്യദൗർലഭ്യത്തിന് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി ദുരന്തം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ 'ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ്' തയ്യാറാക്കിയ റിപ്പോർട്ടിലാണ് ലോകം നേരിടാൻ പോകുന്ന കൊടും പട്ടിണി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.
2026 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ എൽ നിനോ അതിന്‍റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഭാവിയിലെ വിളവെടുപ്പിനെ നേരിട്ട് ബാധിക്കുന്നതിനാൽ പല സ്ഥലങ്ങളിലും 2027 ഇതിന്‍റെ ദുരിത ഫലങ്ങൾ അനുഭവപ്പെടും. വരൾച്ച, വെള്ളപ്പൊക്കം, ഉയർന്ന താപനില എന്നിവ ഇതിനകം തന്നെ പല സമൂഹങ്ങളെയും അപകടത്തിലാക്കിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 2015 - 2016 ലെ എൽ നിനോ 60 ലക്ഷം മുതൽ ഒരു കോടി പേരുടെ ഭക്ഷ്യസുരക്ഷയെയാണ് നേരിട്ട് ബാധിച്ചത്. 2026 - 2027 ലെ എൽ നിനോ 2027 അവസാനത്തോടെ കുറഞ്ഞത് 4.9 കോടി ജനത്തെയെങ്കിലും കടുത്ത ഭക്ഷ്യസുരക്ഷയിലേക്ക് തള്ളിവിടുമെന്ന് ഡബ്ല്യു.എഫ്.പിയുടെ ആദ്യകാല പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
45 രാജ്യങ്ങളിലായി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 22.5 കോടി മുതൽ 27.4 കോടിയായി ഉയരുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ റിപ്പോർട്ടിൽ പറയുന്നു. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന വർധനവ് മൂലമുണ്ടാകുന്ന 'എൽ നിനോ' പ്രതിഭാസം ആഗോള കാലാവസ്ഥാ രീതികളിൽ വലിയ മാറ്റം വരുത്തുന്നുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എൽനിനോ പ്രതിഭാസത്തിന്‍റെ ഭാഗമായുള്ള കാലവർഷം വൈകൽ, വരൾച്ച, ക്രമരഹിതമായ മഴ, പ്രാദേശികമായ വെള്ളപ്പൊക്കം എന്നിവ കാർഷിക ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കും. അതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന വിളനാശവും ഭക്ഷ്യവസ്തുക്കളുടെ വില വർധനയും ദുർബല വിഭാഗങ്ങളുടെ ഭക്ഷ്യലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നവരുടെ എണ്ണത്തിൽ മധ്യ അമേരിക്കയിൽ 83 ശതമാനവും തെക്കൻ ആഫ്രിക്കയിൽ ഏകദേശം 75 ശതമാനവും വർധനവുമുണ്ടാകും
സമുദ്രോപരിതല താപനില 1982 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്നും, ഇത് 1950 -ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി മാറിയേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ചിലപ്പോൾ അതിതീവ്രമഴ മൂലം ഉണ്ടാകുന്ന പ്രളയത്തിനോ, മറ്റ് ചിലപ്പോൾ അതികഠിനമായ വരൾച്ചയ്ക്കോ വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് പ്രകൃതിപ്രതിഭാസങ്ങളും ഭക്ഷ്യാത്പാദനത്തെ പ്രതികൂലമായി ബാധിക്കും. എൽ നിനോയുടെ ദോഷഫലങ്ങൾ നേരിടാൻ സാധ്യതയുള്ള 45 രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ ബാധിക്കുന്നവരുടെ എണ്ണം 22.5 കോടി മുതൽ 27.4 കോടിയായി ഉയരും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം വെട്ടിക്കുറച്ചത് വരും വർഷങ്ങളിൽ ഭക്ഷ്യ സുരക്ഷയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യദൗർലഭ്യത ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആഫ്രിക്കൻ രാജ്യങ്ങളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയുമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.