
മഴക്കാലമായി. ഇനി മിന്നൽ, ഇടി തുടങ്ങി എല്ലാത്തിനേയും ഭയക്കേണ്ടുന്ന കാലമാണ്. അതുപോലെ, വർഷങ്ങൾക്ക് മുമ്പ് എലിസബത്ത് ക്രോൺ എന്ന അമേരിക്കക്കാരിക്ക് ഒരു ഭയപ്പെടുത്തുന്ന അനുഭവമുണ്ടായി. അവർക്ക് മിന്നലേറ്റു. അതിനുശേഷം തനിക്ക് വളരെ വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായി എന്നാണ് അവരുടെ വാദം.
1988 -ലാണ് എലിസബത്തിന് മിന്നലേൽക്കുന്നത്. അതിനുശേഷം താൻ വിചിത്രമായ, പ്രവചനാത്മകമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയെന്നും ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ അറിയാൻ തുടങ്ങിയെന്നുമാണ് അവർ പറയുന്നത്. 1988-ൽ, 28 വയസുള്ളപ്പോഴാണ് എലിസബത്തിന് ഇടിമിന്നലേറ്റത്. തൻ്റെ കുട്ടികളുമായി സിനഗോഗിലേക്ക് പോവുകയായിരുന്നു അവർ.
മഴ നനയാതിരിക്കാൻ വേണ്ടി കുട എടുത്തതാണ് എലിസബത്ത്. വിവാഹമോതിരം ധരിച്ച വിരൽ കുടയുടെ പിടിയിൽ മുട്ടിയതോടെയാണ് അവൾക്ക് മിന്നലേൽക്കുന്നത്. മിന്നലേറ്റതിന് പിന്നാലെ വളരെ വിചിത്രമായ അനുഭവങ്ങളാണ് തനിക്കുണ്ടായത് എന്നാണ് അവൾ പറയുന്നത്.
'എൻ്റെ കുട എവിടെ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. പിന്നാലെ, ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പാർക്കിംഗ് ലോട്ടിൽ എൻ്റെ കുട ഉണ്ടായിരുന്നു. കുടയിൽ നിന്ന് ഏകദേശം 20 അടി അകലെ വലതുവശത്തായി ഞാനും കിടക്കുന്നുണ്ടായിരുന്നു. എനിക്ക് എന്നെത്തന്നെ നിലത്ത് കിടക്കുന്ന രീതിയിൽ കാണാൻ സാധിച്ചു' എന്നാണ് അവർ പറയുന്നത്.
'മരിച്ചതായി തനിക്ക് തോന്നി, അതുകൊണ്ടാണ് തന്റെ തന്നെ നിശ്ചലമായ ശരീരം തനിക്ക് കാണാനായത്. പിന്നാലെ താൻ സ്വർഗത്തിലെ പൂന്തോട്ടത്തിലെത്തി. അത് ഭൂമിയിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. വേറെ തരം പൂക്കൾ, തിളങ്ങുന്ന നിറം. അതിനെ വിവരിക്കാൻ വാക്കുകളില്ല' എന്നും എലിസബത്ത് പറയുന്നു.
'അവിടെ വച്ച് വളരെ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട തന്റെ മുത്തച്ഛനെ കണ്ടുമുട്ടി. മുത്തച്ഛൻ തനിക്ക് രണ്ട് ഓപ്ഷൻ നൽകി. ഒന്നുകിൽ അവിടെ നിൽക്കാം. അല്ലെങ്കിൽ ഭൂമിയിലേക്ക് തിരികെ പോകാം. താൻ ഭൂമിയിലേക്ക് തിരികെ പോകണം എന്ന് പറഞ്ഞു. അപ്പോൾ മുത്തച്ഛൻ തനിക്കൊരു കുട്ടി കൂടി ഉണ്ടാകുമെന്നും പിന്നീട് വിവാഹമോചനം നടക്കുമെന്നും പറഞ്ഞു. രണ്ടാഴ്ച താൻ അവിടെ ചിലവഴിച്ചു. പക്ഷേ, അത് ഭൂമിയിലെ രണ്ട് മിനിറ്റ് പോലെയാണ്' എന്നും അവൾ പറയുന്നു. ഒപ്പം സുനാമിയും ഭൂകമ്പവും അടക്കം ഭാവിയിലെ പ്രകൃതിദുരന്തങ്ങൾ തനിക്ക് നേരത്തെ അറിയാൻ സാധിച്ചു എന്നും എലിസബത്ത് അവകാശപ്പെടുന്നു.
എന്തായാലും മിന്നലേറ്റു വീണ എലിസബത്തിന്റെ രക്ഷയ്ക്ക് നാട്ടുകാരെത്തി. പിന്നെ കുറച്ചുനാൾ അവൾ പരിക്കിനും മറ്റും ചികിത്സയിലായിരുന്നു. പിന്നീടാണ് ഇവർ ആരോഗ്യം വീണ്ടെടുത്തത്. പല മാധ്യമങ്ങളോടും തന്റെ അനുഭവം എന്ന് പറഞ്ഞുകൊണ്ട് ഈ വിചിത്രമായ വാദം അവർ നിരത്താറുണ്ട്.