
ആദ്യത്തെ ശമ്പളം കിട്ടിയതിന്റെ തൊട്ടുപിന്നാലെ ജോലി രാജിവെച്ച ജീവനക്കാരനെ കുറിച്ച് എച്ച് ആർ പ്രൊഫഷണലിന്റെ പോസ്റ്റ്. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും വലിയ ചർച്ചയാണ് പിന്നാലെ ലിങ്ക്ഡ്ഇന്നിൽ നടന്നത്.
രാവിലെ 10 മണിക്ക് ശമ്പളം ക്രെഡിറ്റായി. 10.05 -ന് രാജിക്കത്തും ഇമെയിൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. യുവാവിനെ കമ്പനിയിലെ കാര്യങ്ങൾ മനസിലാക്കിപ്പിക്കാനും പരിശീലിപ്പിക്കാനും ടീം ആഴ്ചകളോളം ചെലവഴിച്ചു എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
തൊഴിലിലെ ധാർമ്മികതയെ കുറിച്ച് നമുക്ക് സംസാരിക്കാം. കമ്പനി നിങ്ങളെ സ്വാഗതം ചെയ്യുന്നു, വിശ്വസിക്കുന്നു, നിങ്ങൾക്കുയർന്നു വരാനായി ഒരു വേദിയൊരുക്കുന്നു. എന്നാൽ, നിങ്ങളുടെ ആദ്യത്തെ ശമ്പളം അക്കൗണ്ടിൽ എത്തി അഞ്ച് മിനിറ്റു കഴിഞ്ഞയുടനെ നിങ്ങൾ പോകുന്നു. അത് ന്യായമാണോ? ധാർമ്മികമാണോ? എന്നാണ് അവർ കുറിക്കുന്നത്.
ഇങ്ങനെ പോകാനാണെങ്കിൽ എന്തിനാണ് ഈ ജോലി സ്വീകരിച്ചത്, എന്തുകൊണ്ടാണ് എച്ച് ആർ ടീം കാര്യങ്ങൾ നീക്കുന്നത് വരെ, പരിശീലനം നൽകുന്നത് വരെ മിണ്ടാതിരുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് എച്ച് ആർ പ്രൊഫഷണലായ യുവതി പോസ്റ്റിൽ ചോദിക്കുന്നത്.
ശമ്പളം കിട്ടിയതിന് തൊട്ടുപിന്നാലെ രാജി വയ്ക്കുന്നത് നിങ്ങളുടെ പക്വതക്കുറവിനേയും ഉത്തരവാദിത്തക്കുറവിനേയുമാണ് കാണിക്കുന്നത്. പ്രൊഫഷണലിസം എന്നാൽ എല്ലാ കാലവും ഒരേയിടത്ത് തുടരുന്നതല്ല. എന്നാൽ, സത്യസന്ധതയോടെ കാര്യങ്ങൾ പറയുകയും മറ്റുള്ളവർ നിങ്ങൾക്ക് തരുന്ന സമയവും പരിശ്രമവും തബഹുമാനിക്കുക എന്നത് കൂടിയാണ് എന്ന് പോസ്റ്റിൽ കാണാം.
എന്നാൽ, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഏറെയും വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. അങ്ങനെ രാജി വയ്ക്കുന്നതിൽ എന്താണ് കുഴപ്പം എന്നാണ് മിക്കവരും ചോദിച്ചത്. ഒരു മാസത്തിൽ കൂടുതൽ ആ ജീവനക്കാരനെ കമ്പനിയിൽ നിലനിർത്താൻ സാധിച്ചില്ലെങ്കിൽ മാനേജ്മെന്റും എച്ച് ആർ ടീമും സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും ആളുകൾ കമന്റ് ചെയ്തു.