
ഇന്ത്യയിലെ പല കമ്പനികളും മനുഷ്യരെ പണിയെടുപ്പിച്ച് കൊല്ലാറാണ് പതിവ്. പലർക്കും സ്വന്തം കുടുംബത്തിനൊപ്പം നേരം ചെലവഴിക്കാനോ, സ്വന്തമായി ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യാനോ ഒന്നും നേരം കിട്ടാറില്ല. ലീവ് ചോദിച്ചാലും കിട്ടില്ല. എന്നാൽ, പല വിദേശരാജ്യങ്ങളിലും അങ്ങനെ അല്ല സ്ഥിതി. മിക്ക കമ്പനികളും ജീവനക്കാരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധ നേടുന്നത്. പാരീസിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ പലപ്പോഴും പല കമ്പനികളിലും ലീവ് ആവശ്യത്തിന് ഉണ്ടെങ്കിലും അത് എടുക്കാൻ പോലും സാധിക്കാത്ത സാഹചര്യം നിലനിൽക്കാറുണ്ട്. അടിസ്ഥാനപരമായ തൊഴിലാളികളുടെ അവകാശം പോലും നിഷേധിക്കുന്ന പല കമ്പനികളെയും നമുക്ക് പല രാജ്യങ്ങളിലും കാണാം. എന്നാൽ, ഈ പോസ്റ്റിൽ പറയുന്നത്, എല്ലാ സൗകര്യങ്ങളും ഉള്ള ജോലിയിടങ്ങളെ കുറിച്ചാണ്.
അഖിലേഷ് എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിലവിലെ ഈ വർക്ക് ലൈഫ് ബാലൻസ് ഉപയോഗിച്ച് യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ എത്രകാലം നിലനിൽക്കുമെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞാണ് യുവാവിന്റെ പോസ്റ്റ് തുടങ്ങുന്നത് തന്നെ.
വൈകുന്നേരം 6 മണിക്ക് ശേഷം ഒരു സഹപ്രവർത്തകന് ഇമെയിൽ അയച്ചാൽ നിങ്ങളിൽ നിന്നും ഫൈൻ വരെ ഈടാക്കാം. ഒന്നര മണിക്കൂറിന് പകരം 30 മിനിറ്റിനുള്ളിൽ ഉച്ചഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഭ്രാന്താണ് എന്ന് കരുതും. ഓഗസ്റ്റിൽ ആളുകൾ ഒരു മാസത്തെ അവധിയെടുക്കുന്നത് ഇവിടെ അടിസ്ഥാനപരമായിട്ടുള്ള അവകാശം പോലെയാണ്. കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ തിരക്കിട്ട ജീവിതം കാണ്ടേണ്ടതില്ല, പിക്നിക്കിലായിരിക്കുന്നത് കാണാം. ജിം, അവധിക്കാലം, വൈൻ, റിപ്പീറ്റ്. അതാണ് സിഇഒ എന്നും യുവാവ് കുറിക്കുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ജീവനക്കാർ ഹാപ്പി ആയിരിക്കുമ്പോൾ അത് കമ്പനിക്ക് തന്നെയാണ് നേട്ടമാവുക എന്ന് കമന്റ് നൽകിയവരുണ്ട്. ഇങ്ങനെയാണ് ജീവനക്കാരെ പരിഗണിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.