കാഴ്ച പോയതായി അഭിനയിക്കും, നാലുമാസം കൊണ്ട് തട്ടിയത് ഒരുകോടി, തട്ടിപ്പ് ബ്യൂട്ടി ക്ലിനിക്കുകൾ കേന്ദ്രീകരിച്ച്

Published : Dec 13, 2023, 01:23 PM IST
കാഴ്ച പോയതായി അഭിനയിക്കും, നാലുമാസം കൊണ്ട് തട്ടിയത് ഒരുകോടി, തട്ടിപ്പ് ബ്യൂട്ടി ക്ലിനിക്കുകൾ കേന്ദ്രീകരിച്ച്

Synopsis

മുഖത്ത് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പിനായി ഓൺലൈനിലൂടെ  ഒരു ബ്യൂട്ടി ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് എടുക്കുന്നിടത്താണ് ഇവരുടെ തട്ടിപ്പ് ആരംഭിക്കുന്നത്.

ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത് തട്ടിപ്പിന്റെ അമ്പരപ്പിക്കുന്ന കഥകളാണ്. സൗത്ത് ചൈന മോണിംഗ്  പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചൈനയിൽ ബ്യൂട്ടി ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഒരു സംഘം നാലുമാസം കൊണ്ട് തട്ടിയെടുത്തത് ഒരു കോടി രൂപയാണ്. 

ബ്യൂട്ടി ക്ലിനിക്കുകളിൽ എത്തി സൗന്ദര്യവർദ്ധക ചികിത്സയ്ക്കിടയിൽ കണ്ണ് കാണാതെയായി എന്ന് നടിച്ച് ബ്യൂട്ടി ക്ലിനിക്ക് ഉടമകളെ ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയിരുന്നത്. നാലുലക്ഷം രൂപ വരെ ഓരോ തവണയും തട്ടിപ്പിലൂടെ ഇവർ നേടിയിരുന്നു. 2022 ഓഗസ്റ്റ് മുതൽ നവംബർ വരെ 20 ബ്യൂട്ടി ക്ലിനിക്കുകളിൽ നടത്തിയ തട്ടിപ്പിലൂടെ ഇവർ സ്വന്തമാക്കിയത് ഒരു കോടി രൂപയോളം ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യിച്ചാങ്ങിൽ ബ്യൂട്ടി ക്ലിനിക് നടത്തിവന്നിരുന്ന ക്വിയാൻ,സൂ എന്നീ രണ്ടുപേർ ചേർന്നാണ് തട്ടിപ്പിന് നേതൃത്വം കൊടുത്തിരുന്നത്. തട്ടിപ്പ് നടത്തുന്നതിനായി പ്രത്യേകം പരിശീലനം നൽകിയ 9 പേരടങ്ങുന്ന ഒരു സംഘം തന്നെ ഇവർക്ക് ഉണ്ടായിരുന്നു. 

മൈഡ്രിയാറ്റിക് ഐ ഡ്രോപ്പുകൾ ഉപയോഗിച്ച് കണ്ണുകളിൽ വ്യാജ മുറിവ് ഉണ്ടാക്കി അന്ധത അഭിനയിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണിൻറെ പേശികളെ വിശ്രമിപ്പിക്കുന്ന മരുന്ന് ഡോക്ടർമാർ രോഗികളുടെ കണ്ണിന്റെ ഉൾഭാഗം പരിശോധിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നതാണ്. ഈ മരുന്ന് ഒഴിച്ച് കഴിഞ്ഞാൽ കുറച്ചുസമയത്തേക്ക് മങ്ങിയ കാഴ്ചയായിരിക്കും അനുഭവപ്പെടുക.

മുഖത്ത് ഹൈലൂറോണിക് ആസിഡ് കുത്തിവയ്പ്പിനായി ഓൺലൈനിലൂടെ  ഒരു ബ്യൂട്ടി ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് എടുക്കുന്നിടത്താണ് ഇവരുടെ തട്ടിപ്പ് ആരംഭിക്കുന്നത്. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ആയി ബ്യൂട്ടി ക്ലിനിക്കുകളിൽ നൽകിവരുന്ന ഒന്നാണ് ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പ്. നിശ്ചയിച്ച തീയതിയിൽ ക്ലിനിക്കിൽ എത്തുന്ന ഇവർ ചികിത്സയ്ക്കിടയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തങ്ങളുടെ കൈയിൽ സൂക്ഷിച്ചിട്ടുള്ള മൈഡ്രിയാറ്റിക് ഐ ഡ്രോപ്പ് കണ്ണിൽ ഒഴിക്കുന്നു. തുടർന്ന് തങ്ങളുടെ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി അഭിനയിച്ച് അത് ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നു.

തുടർന്ന്  ആവശ്യപ്പെടുന്ന പണം നഷ്ടപരിഹാരമായി നൽകിയില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്നു. പൊലീസ് കേസ് ഭയപ്പെട്ട് ബ്യൂട്ടി ക്ലിനിക് ഉടമകൾ ഇവർ ആവശ്യപ്പെടുന്ന പണം നൽകുന്നു. നാലുലക്ഷം രൂപ വരെ ഇത്തരത്തിൽ ഇവർ ഓരോ തവണയും തട്ടിയെടുത്തതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കിട്ടുന്ന പണം ഇവർ തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്.

ഒരു ബ്യൂട്ടി ക്ലിനിക് ഉടമയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പ് സംഘം പിടിയിലായത്. 2,000 മുതൽ 50,000 യുവാൻ വരെ പിഴയും ഒമ്പത് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷയാണ് പ്രതികൾക്ക് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം