ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

By Web TeamFirst Published Sep 20, 2022, 9:26 AM IST
Highlights

ബോറിവ്‌ലിയിലെ അഭിഭാഷകനായ അക്ബറലി മുഹമ്മദ് ഖാനാണ് (44) സോഹിനിക്കെതിരെ കേസ് കൊടുത്തത്. അഭിഭാഷകയല്ലാതിരുന്നിട്ടും വർഷങ്ങളായി മുംബൈയിലെ കുടുംബകോടതിയിലും മറ്റ് കോടതികളിലും കക്ഷികൾക്ക് വേണ്ടി സോഹിനി ഹാജരാകുന്നുണ്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടു. 

വ്യാജ ഡോക്ടർമാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അതുപോലെ നിയമാനുസൃതമായ ബിരുദമില്ലാതെ അഭിഭാഷകവൃത്തി ചെയ്യുന്ന 72 -കാരിയായ വ്യാജ വക്കീലിനെ ബികെസി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. 2008 മുതൽ ഇവർ അഭിഭാഷകയായി പ്രവർത്തിക്കുകയാണത്രെ. ബാന്ദ്ര വെസ്റ്റിലെ പാലി ഹിൽ നിവാസിയായ മൊർദെക്കായ് റെബേക്ക ജോബ് എന്ന മന്ദാകിനി കാശിനാഥ് സോഹിനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അവളുടെ യോഗ്യതയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ജൂലൈ 15 -ന് പൊലീസ് അവർക്ക് സമൻസ് അയച്ചതായി BKC പൊലീസ് അറിയിച്ചു.

ശനിയാഴ്ച സോഹിനി പൊലീസിൽ അവരുടെ ആധാർ കാർഡും അതുപോലെ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചു. എന്നാൽ, സർട്ടിഫിക്കറ്റുകൾ വ്യാജമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. "അവരുടെ രേഖകളും നിയമപരിശീലനത്തിനുള്ള ലൈസൻസും വ്യാജമാണെന്ന് തെളിഞ്ഞു. തട്ടിപ്പിനെക്കുറിച്ച് അറിയിക്കാൻ ഞങ്ങൾ മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാർ കൗൺസിലുമായി ബന്ധപ്പെട്ടു കഴിഞ്ഞു" എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബോറിവ്‌ലിയിലെ അഭിഭാഷകനായ അക്ബറലി മുഹമ്മദ് ഖാനാണ് (44) സോഹിനിക്കെതിരെ കേസ് കൊടുത്തത്. അഭിഭാഷകയല്ലാതിരുന്നിട്ടും വർഷങ്ങളായി മുംബൈയിലെ കുടുംബകോടതിയിലും മറ്റ് കോടതികളിലും കക്ഷികൾക്ക് വേണ്ടി സോഹിനി ഹാജരാകുന്നുണ്ട് എന്ന് അദ്ദേഹം അവകാശപ്പെട്ടു. 

"കുറ്റാരോപിതയായ യുവതി 1977 -ൽ ഗവൺമെന്റ് ലോ കോളേജിൽ രണ്ടാം വർഷം നിയമം പഠിച്ചിരുന്നു. സാധുവായ ബിരുദം ഇല്ലാതിരുന്നതിന് ശേഷവും അവർ മുംബൈയിലെ ഫാമിലി കോടതികളിലും സെഷൻസ് കോടതികളിലും അടക്കം വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ഒരു വർഷം മുമ്പാണ് അവളുടെ വ്യാജ ഐഡന്റിറ്റിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത്. അന്നുമുതൽ ഞാൻ അവളെ പിന്തുടർന്നു വരുന്നുണ്ട്" എന്ന് ഖാൻ പറഞ്ഞു.

ബികെസി പൊലീസ് സോഹിനിയെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ബാന്ദ്ര അവധിക്കാല കോടതിയിൽ ഹാജരാക്കി. 

tags
click me!