മരം മുറിച്ചുമാറ്റാൻ തയ്യാറില്ല, മരങ്ങൾക്കിടയിൽ തന്നെ കർഷകന്റെ വ്യത്യസ്തമായ റിസോർട്ട്

Published : Dec 19, 2021, 03:02 PM IST
മരം മുറിച്ചുമാറ്റാൻ തയ്യാറില്ല, മരങ്ങൾക്കിടയിൽ തന്നെ കർഷകന്റെ വ്യത്യസ്തമായ റിസോർട്ട്

Synopsis

വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്ന സമീപത്തെ വയലിലേക്കാണ് ഉപയോഗിച്ച വെള്ളം പോകുന്നത്. ഈ ജൈവ പച്ചക്കറികൾ അതിഥികൾക്കും ധന്‍ജിയുടെ കുടുംബത്തിനും ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു.

ഗുജറാത്തിലെ ഗിർ(Gir, Gujarat) വനം വിവിധയിനം സസ്യങ്ങൾക്കും വന്യജീവികൾക്കും പേരുകേട്ടതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രകൃതി സ്‌നേഹികൾ വർഷം മുഴുവനും വനം സന്ദർശിക്കാറുണ്ട്. അതിനാൽ, ടൂറിസം ഇവിടെ ഒരു പ്രധാന ബിസിനസ്സായി ഉയർന്നുവന്നിട്ടുണ്ട്. അതിനാൽ കാടുമൂടിക്കിടക്കുന്ന അതിരുകളോട് ചേർന്ന് മനോഹരമായ റിസോർട്ടുകൾ നിർമ്മിക്കുന്നത് ഇവിടെ അസാധാരണമല്ല. 

ഇത്തരം റിസോർട്ടുകളുടെ നിർമ്മാണ വേളയിൽ പലപ്പോഴും പ്രാദേശിക കർഷകർ ജോലി ചെയ്യാറുണ്ട്. ഈ പുതിയ തൊഴിലവസരം അവരെ സഹായിച്ചെങ്കിലും, മിക്ക കേസുകളിലും, ഈ റിസോർട്ടുകൾ സ്ഥാപിക്കുന്നതിനായി വനത്തിലെ മരങ്ങൾ നശിപ്പിക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ഗിർ സോമനാഥ് ജില്ലയിലെ ഭോജ്‌ഡെ ഗ്രാമത്തിൽ സുസ്ഥിരമായ ഒരു റിസോർട്ട് നിർമ്മിച്ച ധൻജി ഭായ് പട്ടേൽ എന്ന കർഷകൻ ഇതിൽ നിന്നും വ്യത്യസ്തനായിരുന്നു. ആകെയുള്ള 9 ഏക്കർ ഭൂമിയിൽ 3 ഏക്കർ മാത്രമാണ് ധൻജി നിർമ്മാണത്തിനായി ഉപയോഗിച്ചത്. ബാക്കിയുള്ള സ്ഥലം കൃഷിക്കും വനമേഖല വ്യാപിപ്പിക്കാനും ഉപയോഗിക്കുന്നു. ഭൂമിശാസ്ത്രപരമായ സൗന്ദര്യത്താൽ ചുറ്റപ്പെട്ട ധൻജിയുടെ ആരണ്യ റിസോർട്ട്(Aaranya Resort) അതിന്റെ വാസ്തുവിദ്യാ ചാരുത കൊണ്ടും വ്യത്യസ്തമാണ്. 

''റിസോർട്ട് നിർമ്മിക്കാൻ ഒരു മരം പോലും മുറിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ഇത് എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ, പരിസ്ഥിതി സൗഹാർദ്ദപരമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ഹിമാൻഷു പട്ടേലിന്റെ സഹായം ഞാൻ തേടി” ധൻജി പറയുന്നു. 2015 -നും 2017 -നും ഇടയിലാണ് നിർമ്മാണം നടന്നത്. ഹിമാൻഷുവിന്റെ അനുഭവവും കഴിവും ധൻജിയുടെ നാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. പരമ്പരാഗത രീതിയിൽ ഏഴ് കോട്ടേജുകൾ അദ്ദേഹം രൂപകല്പന ചെയ്തു. പ്രാദേശികമായി നിർമ്മിച്ച അസംസ്കൃത വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. 

മരങ്ങൾ സംരക്ഷിക്കാൻ തടി ഫ്രെയിമുകൾക്ക് പകരം ഗാൽവനൈസ്ഡ് സ്റ്റീൽ ഫ്രെയിമുകൾ സ്ഥാപിച്ചു. കോട്ടേജുകൾക്കുള്ളിൽ തണുത്ത താപനില നിലനിർത്താൻ സഹായിക്കുന്നതിന് മേൽക്കൂരയ്ക്ക് മുകളിൽ കളിമൺ ടൈലുകൾ സ്ഥാപിച്ചു. ചുവരുകൾ കല്ലുകൊണ്ട് നിർമ്മിച്ചതാണ്, അവയുടെ ഗ്രാമീണരൂപം നിലനിർത്താൻ സിമന്റ് പൂശിയില്ല. “ധാരാളം വായുവും സൂര്യപ്രകാശവും അനുവദിക്കുന്ന തരത്തിലാണ് കോട്ടേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവയെല്ലാം പരസ്പരം കുറച്ച് പടികളുടെ വ്യത്യാസത്തിലാണ്. അത് സ്വകാര്യത നിലനിർത്താൻ സഹായിക്കുന്നു. ഓരോ കോട്ടേജിലും രണ്ട് മുറികളുണ്ട്. ആകെ 14 മുറികളുള്ള കോട്ടേജുകളാണ്. ഏകദേശം 75 ലക്ഷം രൂപയാണ് നിർമാണച്ചെലവ്” ധൻജി വിശദീകരിക്കുന്നു. 

ചില്ല് കുപ്പികൾ പോലും അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ചു ചുവരുകൾ നിർമ്മിക്കുകയും അതുവഴി അവയെ ഫലപ്രദമായി പുനരുപയോഗിക്കുകയും ചെയ്തു. തറയിൽ വെള്ളം വലിച്ചെടുക്കുന്ന കറുത്ത ടൈലുകൾ വിരിച്ചിരിക്കുന്നു. വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്ന സമീപത്തെ വയലിലേക്കാണ് ഉപയോഗിച്ച വെള്ളം പോകുന്നത്. ഈ ജൈവ പച്ചക്കറികൾ അതിഥികൾക്കും ധന്‍ജിയുടെ കുടുംബത്തിനും ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു.

“ഞങ്ങൾ ഇവിടെ ഒരു ഷെഫിനെ നിയമിച്ചിട്ടില്ല. എല്ലാ സാധനങ്ങളും ഞാനും എന്റെ കുടുംബവും പാചകം ചെയ്യുന്നു. ഏകദേശം 90 ശതമാനം ചേരുവകളും ഫാമിൽ നിന്നാണ് വരുന്നത്" കർഷകൻ പറയുന്നു. സമീപത്തെ റിസോർട്ടുകളിലെ അതിഥികൾ പോലും ആരണ്യയിൽ ഭക്ഷണം കഴിക്കാൻ എത്തും വിധം ഈ ഭക്ഷണം ജനപ്രിയമാണെന്നും ധൻജി പറയുന്നു. പ്രകൃതിയോടുള്ള ധന്‍ജിയുടെ അടുപ്പത്തെ കുറിച്ചറിഞ്ഞും ഇവിടെ നിരവധി അതിഥികളെത്താറുണ്ട്. ഗിറിലെ ഭൂരിഭാഗം ആളുകളും ഇപ്പോൾ മരങ്ങൾ സംരക്ഷിക്കാൻ തടി കുറവാണ് ഉപയോഗിക്കുന്നത് എന്ന് ധൻജി അഭിപ്രായപ്പെടുന്നു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ