
മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം നമുക്ക് അറിയാവുന്നതാണ്. എന്നുവച്ച് എല്ലാ മാതാപിതാക്കളും അത്ര സ്നേഹമുള്ളവരാണ് എന്നല്ല. എന്നാൽ, ചിലരുണ്ട് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഏത് വ്യത്യസ്തമായ വഴിയും സ്വീകരിക്കുന്നവർ. അങ്ങനെ ഒരാളാണ്, മാർക്ക് ഓവൻ ഇവാൻസ്. മാർക്ക് തന്റെ മകളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്താണ് ചെയ്തത് എന്നല്ലേ?
അദ്ദേഹത്തിന്റെ ദേഹത്ത് ഒരുപാട് ടാറ്റൂ ഉണ്ട്. എന്നാൽ, അതിൽ ഭൂരിഭാഗവും മാർക്കിന്റെ മകളുടെ പേരാണ്. 667 തവണ മകളുടെ പേര് ദേഹത്ത് ടാറ്റൂ ചെയ്തതിന് വേൾഡ് റെക്കോർഡ് വരെ സ്വന്തമാക്കിയ ആളാണ് മാർക്ക്. ഒരേ പേര് ഏറ്റവുമധികം തവണ ദേഹത്ത് ടാറ്റൂ ചെയ്യുന്നതിനുള്ള റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
ലൂസി എന്നാണ് മാർക്കിന്റെ ഏഴ് വയസുള്ള മകളുടെ പേര്. 2017 -ൽ 267 തവണ ലൂസി എന്ന പേര് മാർക്ക് ടാറ്റൂ ചെയ്തിരുന്നു. അന്ന് അദ്ദേഹം ആദ്യമായി ലോക റെക്കോർഡ് നേടി. എന്നാൽ, 2020 -ൽ മാർക്കിന്റെ റെക്കോർഡ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഡീദ്ര വെജിൽ എന്ന 27 വയസ്സുകാരി മറികടന്നു. സ്വന്തം പേര് 300 തവണയാണ് അവൾ സ്വന്തം ദേഹത്ത് പച്ചകുത്തിയത്.
എന്നാൽ, വീണ്ടും ആ റെക്കോർഡ് നേടിയെടുക്കുന്നതിന് വേണ്ടി ടാറ്റൂ ചെയ്യാൻ മാർക്ക് തീരുമാനിച്ചു. അതിനായി ഒരു പുതിയ പ്ലാൻ തയ്യാറാക്കി. അങ്ങനെ കാലിലും മകളുടെ പേര് ടാറ്റൂ ചെയ്തു. ഓരോ കാലിലും 200 വീതം വച്ച് ടാറ്റൂ ചെയ്ത് പൂർത്തിയാക്കാൻ അഞ്ചര മണിക്കൂറാണ് എടുത്തത്.
തന്റെ മകൾ ലൂസിയുടെ ജനനത്തെ കുറിച്ച് ഓർക്കുന്നതിനും അതുപോലെ അവൾ ജനിച്ച സമയത്ത് പരിചരണം നൽകിയ സ്ഥാപനങ്ങൾക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും വേണ്ടിയാണ് ഇത് ചെയ്തത് എന്നാണ് മാർക്ക് പറയുന്നത് എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് വെളിപ്പെടുത്തുന്നത്.