
വെറും 28 -ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് യുകെയിലെ ഡെർബിഷെയറി(Derbyshire)ലുള്ള ആദം റെഡ്ഫെർൺ(Adam Redfern) മരിക്കുന്നത്. 2021 മാർച്ചിൽ ജോഗിംഗിനിടെയായിരുന്നു മരണം. എന്നാൽ, മകന്റെ ഈ അപ്രതീക്ഷിത വേർപാട് അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും കുറച്ചൊന്നുമല്ല തളർത്തിയത്. ഇപ്പോൾ മകന്റെ 29 -ാം ജന്മദിനത്തിൽ അവന്റെ ഓർമ്മക്കായി 29 മൈൽ ട്രെക്കിംഗ് പൂർത്തിയാക്കിയിരിക്കയാണ് ആ അച്ഛൻ. ചെറുപ്പക്കാരിൽ ഹൃദയാഘാതത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 59 -കാരനായ ഇയാൻ റെഡ്ഫെർൺ ഈ നടത്തം കൊണ്ട് ലക്ഷ്യമിടുന്നത്.
വെളുപ്പിനെ ആരംഭിച്ച നടത്തം, വൈകീട്ട് 6 -ന് മകൻ ജോലി ചെയ്തിരുന്ന ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിലെത്തിയതോടെയാണ് പൂർത്തിയായത്. മകന്റെ ജന്മദിനത്തിൽ തനിക്കും ഭാര്യ ക്രിസ്റ്റീനിനും വീട്ടിൽ ഇരിക്കാൻ പ്രയാസമായി തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. "അവന്റെ വേർപാട് ദിവസവും ചെല്ലുന്തോറും താങ്ങാൻ പ്രയാസമായി തീരുകയാണ്. അവനില്ലാതെ ഞങ്ങൾക്ക് പറ്റുന്നില്ല. എന്നാൽ അവനെ കൂടുതൽ മിസ് ചെയ്യുന്ന ചില ദിവസങ്ങളുണ്ട് - ക്രിസ്മസ്, ആദമിന്റെ ജന്മദിനം, അവന്റെ മരണ വാർഷികം. ഇവയെല്ലാം ഞങ്ങൾ എങ്ങനെ അതിജീവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. അതുകൊണ്ടാണ് ഈ ചലഞ്ച് സംഘടിപ്പിച്ചത്. ഇത് ശ്രദ്ധ മാറ്റാനും, ഞങ്ങളെ ബിസിയാക്കാനുമുള്ള ഒരു മാർഗ്ഗമായി ഞങ്ങൾ കണ്ടു" അദ്ദേഹം പറഞ്ഞു.
മകന്റെ ജന്മദിനം ബന്ധുക്കളോടും, ആദമിന്റെ സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മകന്റെ ജന്മദിനത്തിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന ചിന്തയും ഇതിന് പ്രേരണയായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം സാധാരണയായി നടക്കാറുണ്ടെങ്കിലും, അദ്ദേഹം നടന്നിട്ടുള്ള പരമാവധി ദൂരം 22 മൈൽ ആണ്. അതുകൊണ്ട് തന്നെ 29 മൈൽ തീർച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ആദമിന്റെ ജന്മദിനം ആഘോഷിക്കാൻ ഇതിലും നല്ല മാർഗ്ഗമില്ലെന്ന് അദ്ദേഹം കരുതുന്നു.
ബിരുദം നേടിയ ശേഷം, ആദം യൂണിവേഴ്സിറ്റിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ ചേരുകയായിരുന്നു. വാഴ്സിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയേറ്റീവ് കാമ്പെയ്‌നുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. സർവ്വകലാശാലയുടെ സോഷ്യൽ മീഡിയയെ ഇന്നത്തെ മികച്ച സാന്നിധ്യമായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. "മുൻപേ കണ്ടെത്താതെ പോയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായി. ഒടുവിൽ ജീവൻ തന്നെ നഷ്ടപ്പെട്ടു. അതുകൊണ്ട് ഞങ്ങൾ ഇത് ആദത്തിന് വേണ്ടി ചെയ്യുന്നതാണ്" യൂണിവേഴ്സിറ്റിയുടെ വക്താവ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സമാഹരിച്ച പണം ആദം റെഡ്‌ഫെർൺ മെമ്മോറിയൽ ഫണ്ടിലേക്ക് പോകും. ഇതുവരെ 22 ലക്ഷം രൂപയിൽ കൂടുതൽ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മീഡിയ, ജേണലിസം, കായികം എന്നിവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും, യൂണിവേഴ്സിറ്റി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സിപിആർ പരിശീലനം നൽകാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തും.