കേക്ക് മുറിച്ചു നൽകിയതിന് 10,000 രൂപ! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി, വൈറലായതോടെ ക്ഷമാപണം

Published : May 21, 2026, 04:32 PM IST
cake cutting fee

Synopsis

ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് അമേരിക്കയിലെ ഒരു പ്രമുഖ റെസ്റ്റോറന്റ് സർവീസ് ചാർജ് ഈടാക്കിയത് 10,000 രൂപ. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, റെസ്റ്റോറന്റ് ക്ഷമാപണം നടത്തി. 

റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുക സർവീസ് ചാർജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള 'പോസ' എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് റെസ്റ്റോറന്റിനെതിരെ ഉയരുന്നത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസറാണ് തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം കണക്കാക്കിയാണ് 'കേക്ക് കട്ടിങ് ഫീ' ഇനത്തിൽ ഈ തുക ഈടാക്കിയത്. ആകെ കഴിച്ച ഭക്ഷണത്തിന്റെ ബിൽ തുക 1,100 ഡോളറിലധികം (ഒരു ലക്ഷത്തോളം രൂപ) കടന്നതിന് പിന്നാലെയാണ് ഈ അധിക നിരക്ക് ശ്രദ്ധയിൽപ്പെട്ടത്.

മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരം നിരക്കുകൾ ഈടാക്കാറുണ്ടെന്ന് ചിലർ റെസ്റ്റോറന്റിനെ പിന്തുണച്ചു. എന്നാൽ, കേക്ക് മുറിക്കുന്നതിന് മുൻപ് ഈ ചാർജിനെക്കുറിച്ച് ഉപഭോക്താക്കളെ കൃത്യമായി അറിയിക്കാത്തതാണ് വലിയ വീഴ്ചയെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. 'വെറുമൊരു കത്തി കൊണ്ട് കേക്ക് മുറിച്ചതിന് പതിനായിരത്തിലധികം രൂപ വാങ്ങുന്നത് ശുദ്ധ ഭ്രാന്താണ്' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

 

 

വിഷയം വലിയ ചർച്ചയായതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തി. തുകയെക്കുറിച്ച് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ അവർ പരസ്യമായി ക്ഷമ ചോദിച്ചു. 'കേക്ക് മുറിക്കുന്നതിനുള്ള നിരക്കിനെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് ഞങ്ങളുടെ സാധാരണ രീതിയല്ല. നിങ്ങൾ കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. അതിനാൽ, ഈ തുക പൂർണ്ണമായി റീഫണ്ട് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഒപ്പം മികച്ചൊരു ഭക്ഷണാനുഭവത്തിനായി നിങ്ങളെയും സുഹൃത്തിനെയും വീണ്ടും ഞങ്ങളുടെ റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുന്നു' അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വിമർശനങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, കേക്ക് മുറിക്കുന്നതിനായി ഈടാക്കിയിരുന്ന നിരക്ക് ഒരാൾക്ക് 10 ഡോളർ എന്നതിൽ നിന്നും 5 ഡോളറായി കുറച്ചതായും റെസ്റ്റോറന്റ് മാനേജ്മെന്റ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

എന്റമ്മോ എന്തൊരു തട്ടിപ്പ്; യാത്രക്കാർ കാർ അഴുക്കാക്കിയെന്ന് വരുത്താൻ എഐ ചിത്രം, ഡ്രൈവർക്ക് ആജീവനാന്ത വിലക്ക്
ജോലി കിട്ടി, 75000 മുടക്കി ഡെല്‍ഹിയിലെത്തി തൗമസസൗകര്യം വരെയൊരുക്കി, ഓഫീസുമില്ല, ആളുമില്ല!