
ബസിൽ വച്ച് വഴക്കും തല്ലുമുണ്ടാകുന്ന വീഡിയോകൾ നമ്മൾ പലതവണ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. ബെംഗളൂരുവിൽ നിന്നുള്ള അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ, യാത്രക്കാർ പരസ്പരം അല്ല വഴക്കുണ്ടാക്കുന്നത്. ഒരു യാത്രക്കാരിയും ഡ്രൈവറും തമ്മിലാണ് വഴക്ക്. യാത്രക്കാരി ഡ്രൈവറുടെ സീറ്റിനരികിലേക്ക് പോവുകയും ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് കർണാടക പോർട്ഫോളിയോ എന്ന അക്കൗണ്ടിൽ നിന്നാണ്. എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ യുവതി നേരെ ഡ്രൈവറുടെ സീറ്റിനരികിലേക്ക് ചെല്ലുന്നതാണ് കാണുന്നത്. ഡ്രൈവറുടെ തൊട്ടടുത്ത് കണ്ടക്ടറും ഇരിക്കുന്നുണ്ട്. ഇവിടയെത്തിയ യുവതി ഡ്രൈവറോട് കയർക്കുന്നതാണ് പിന്നീട് കാണുന്നത്. ഇരുവരും തമ്മിൽ വലിയ വഴക്ക് തന്നെയാണ് നടക്കുന്നത്. കണ്ടക്ടർ ഇരുവരേയും ശാന്തരാക്കാൻ നോക്കുന്നുണ്ടെങ്കിലും ഇരുവരും വഴക്ക് തുടരുകയാണ്.
അവസാനം യുവതി ഡ്രൈവറെ അക്രമിക്കാൻ പോകുന്നതും ഡ്രൈവർ യുവതിയെ തല്ലുന്നതും വീഡിയോയിൽ കാണാം. പീനിയയ്ക്കടുത്തുള്ള തുമകുരു റോഡിലൂടെ ഓടുന്ന ബസിലാണ് സംഭവം നടന്നത് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. സ്ത്രീ യാത്രക്കാരിയും ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഇരുവരും പരസ്പരം തല്ലുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സമീപത്ത് നിന്ന ഒരാളുടെ മൊബൈൽ ഫോണിലാണ് ഈ രംഗം പകർത്തിയത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. വാക്കേറ്റവും കയ്യാങ്കളിയും നടക്കാനുള്ള കാരണം വ്യക്തമല്ല എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നതായി കാണാം.
അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യാത്രക്കാരിയാണ് വാക്കേറ്റം തുടങ്ങിയത് എന്ന് പറഞ്ഞവരും, ഇത്തരം പെരുമാറ്റം ഇരുവരുടെ ഭാഗത്ത് നിന്നായാലും ശരിയല്ല എന്ന് പറഞ്ഞവരും ഉണ്ട്.