ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയായ അമ്മ: അഞ്ച് മക്കളേയും കൊന്നത് മുന്‍ ഭര്‍ത്താവ്...

Published : May 22, 2019, 12:30 PM ISTUpdated : Aug 16, 2021, 05:58 PM IST
ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയായ അമ്മ: അഞ്ച് മക്കളേയും കൊന്നത് മുന്‍ ഭര്‍ത്താവ്...

Synopsis

"മക്കളെ... എന്റെ പൊന്നു മക്കളെ... ദൈവമേ..!  എന്റെ ദൈവമേ..കൊണ്ടുപോയില്ലേ നീ.." അവരുടെ സങ്കടം ആ അത് കണ്ടുകൊണ്ട് ആ കോടതിമുറിയയ്ക്കുള്ളിലിരുന്ന സകലരെയും  കണ്ണീരണിയിച്ചു, ഒരാളെ ഒഴിച്ച്. 

കൊളംബിയ, അമേരിക്ക: ആംബർ കെയ്സർ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ അമ്മയാണ്. അഞ്ചു മക്കളെ പെറ്റുവളർത്താൻ ഭാഗ്യം കിട്ടിയ അവരുടെ ജീവിതത്തിലേക്ക് അധികം താമസിയാതെ ദുരന്തം വിരുന്നുവന്നു. ഭർത്താവുമായുള്ള അഭിപ്രായഭിന്നതകൾ ആദ്യം അവരെ വിവാഹമോചനത്തിലേക്കെത്തിച്ചു. അഞ്ചു പേരെ പോറ്റാൻ പോയിട്ട്, വിവാഹമോചനത്തിന്റെ കേസുപറയാൻ ഒരു വക്കീലിനെ വെക്കാൻ പോലും സാമ്പത്തികമില്ലാതിരുന ആംബർ, കുഞ്ഞുങ്ങളുടെ കസ്റ്റഡി നല്ല സാമ്പത്തിക നിലയും പ്രോഗ്രാമർ ജോലിയുമുള്ള ഭർത്താവിന് വിട്ടുകൊടുത്തു.  ആഴ്ചയിൽ ഒരിക്കൽ മക്കളെ അയാളുടെ വീട്ടിൽ ചെന്ന് കാണാനും, ദിവസവും വിളിക്കുവാനും ഉള്ള അനുമതിയിൽ ഉള്ളുരുകിയെങ്കിലും അവർ തൃപ്തിയടഞ്ഞു. 

ഒരു സുപ്രഭാതത്തിൽ അവരുടെ ഹൃദയം തകർക്കുന്ന ഒരു വാർത്ത  അവരെത്തേടിയെത്തി. ആംബറിന്റെ  മുൻ ഭർത്താവ്, തിമോത്തി ജോൺസ്‌ തന്റെ അഞ്ചുമക്കളെയും കൊലപ്പെടുത്തിയിരിക്കുന്നു. കൊന്നത് താൻ തന്നെ എന്ന് തിമോത്തി സമ്മതിച്ചിരിക്കുന്നു. എന്നാൽ അമേരിക്കയിൽ 'ടെമ്പററി ഇൻസാനിറ്റി ' എന്നൊരു വകുപ്പുണ്ട്. 'നൈമിഷികമായി ആവേശിച്ച ഉന്മാദം' - അതിന്റെ പശ്ചാത്തലങ്ങൾ സ്ഥാപിച്ചെടുക്കുക വളരെ പ്രയാസമെങ്കിലും, ഒരിക്കൽ സ്ഥാപിച്ചെടുത്താൽ പിന്നെ നിങ്ങൾ ചെയ്ത കുറ്റങ്ങളൊക്കെയും മാപ്പാക്കപ്പെടും. കൃത്യം നടക്കുന്ന സമയത്ത് നിങ്ങളിൽ ഒരു പ്രത്യേക തരം മനോരോഗം ചെലുത്തിയ സ്വാധീനമാണ് നിങ്ങളെക്കൊണ്ട് അത് ചെയ്യിച്ചത്, അല്ലാതെ നിങ്ങൾ മനഃപൂർവം ചെയ്തതല്ല എന്നതാണ് വാദം. അതായത് വാദം നടക്കുന്ന സമയത്ത് നിങ്ങൾക്ക്  മനോരോഗം ഉണ്ടാവണമെന്നില്ല. കൃത്യം നടക്കുന്ന സമയത്തെ ഉന്മാദാവസ്ഥ മാത്രം തെളിയിച്ചാൽ മതി.  നിങ്ങൾക്ക് ഒരു ദിവസം പോലും പിന്നെ ജയിലിൽ കിടക്കേണ്ടി വരില്ല. 

അങ്ങനെ ഒരു വാദത്തിന്മേൽ, ഹൃദയഭേദകമായ ആയ അഞ്ചു കൊലപാതകങ്ങളുടെ വിചാരണ നടക്കുകയായിരുന്നു  കഴിഞ്ഞയാഴ്ച. വിചാരണ തുടങ്ങിയ ആ നിമിഷം മുതൽ ഇടയ്ക്കിടെ കണ്ണീർ തുടച്ചുകൊണ്ടല്ലാതെ ആംബറിനെ ആരും കണ്ടിരുന്നില്ല. വിചാരണയുടെ ഭാഗമായി, ആംബറിനോട് അവർ തന്റെ മൂത്തമകന് എഴുതിയ ഒരു കത്ത് കോടതിയിൽ വായിച്ചു കേൾപ്പിക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. അവരുടെ വിവാഹമോചനം നടന്ന്, രണ്ടുപേരും പിരിയുകയും, മക്കൾ അഞ്ചുപേരും അച്ഛനോടൊപ്പം ഒറ്റയ്ക്ക് താമസം തുടങ്ങുകയും ചെയ്ത കാലത്ത് ആംബർ തന്റെ മൂത്ത മകനായ നഥാന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടെഴുതിയ ഒരു എഴുത്തായിരുന്നു അത്. ഡിവോഴ്സ് എന്ന മുതിന്നവരുടെ ലോകത്തിലെ അതിസാധാരണം മാത്രമായ  ഒരു നടപടിയെ, കുഞ്ഞുങ്ങളുടെ ഭാഷയിൽ തന്നെ അവരെ പറഞ്ഞു മനസ്സിലാക്കുവാൻ ഒരു അമ്മ നടത്തിയ പരിശ്രമമായിരുന്നു ആ എഴുത്ത്. 

ആംബർ വായിച്ചു തുടങ്ങി, "മക്കളേ.. നിങ്ങളാണ്, നിങ്ങൾ മാത്രമാണ് ഈ അമ്മയുടെ ലോകം. നിങ്ങളെ മക്കളായി തന്നതിൽ ദൈവത്തോട് അച്ഛനുമമ്മയ്ക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട്..."  - ഇത്രയും വായിച്ച ശേഷം ആംബർ ഒരു നിമിഷമൊന്നു നിർത്തി. മുഖം കൈവെള്ളയിൽ അമർത്തി, അവർ മുള ചീന്തുന്ന ഉച്ചയോടെ കരഞ്ഞു.

"മക്കളെ... എന്റെ പൊന്നു മക്കളെ... ദൈവമേ..!  എന്റെ ദൈവമേ..കൊണ്ടുപോയില്ലേ നീ.." അവരുടെ സങ്കടം ആ അത് കണ്ടുകൊണ്ട് ആ കോടതിമുറിയയ്ക്കുള്ളിലിരുന്ന സകലരെയും  കണ്ണീരണിയിച്ചു, ഒരാളെ ഒഴിച്ച്. പ്രമാദമായ ആ കൂട്ടക്കൊലക്കേസിന്റെ വിചാരണയുടെ ആറാം ദിവസമായിരുന്നു അന്ന്  ആ അമ്മയുടെ വികാരവിക്ഷോഭങ്ങൾ  ഒരു ഭാവഭേദവുമില്ലാതെ കണ്ടും കേട്ടുമിരുന്ന ആ മുപ്പത്തേഴുകാരന്റെ പേര് തിമോത്തി ജോൺസ് എന്നായിരുന്നു. അവരുടെ മുൻ ഭർത്താവ്. 

തിമോത്തിയുടെ വക്കീൽ അയാൾ തന്നെയാണ് ആ അഞ്ചു കൊലകളും ചെയ്തത് എന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാൽ, അയാളിൽ താൽക്കാലികമായി പ്രവേശിച്ച ഒരു ഭ്രാന്തമായ മാനസികാവസ്ഥയാണ് അതയാളെക്കൊണ്ട് ചെയ്യിച്ചത്, അല്ലാതെ അയാൾ മനഃപൂർവം കരുതിക്കൂട്ടി അങ്ങനെ പ്രവർത്തിച്ചതല്ല എന്നാണ് അവരുടെ വാദം. ആറുവയസ്സുമാത്രം പ്രായമുള്ള അവരുടെ മകൻ നഥാൻ, ഇലക്ട്രിസിറ്റിയിൽ വലിയ കമ്പമുള്ള ഒരു കുട്ടിയായിരുന്നു. ലെക്സിങ്ങ്ടണിൽ ഉള്ള അവരുടെ വീട്ടിലെ ഒരു ഇലക്ട്രിക്കൽ സോക്കറ്റ് അവൻ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ പൊട്ടിപ്പോയി. അതിന്റെ ദേഷ്യത്തിനാണ് തിമോത്തി എന്ന അവന്റെ സ്വന്തം അച്ഛൻ അവനെ തന്റെ കൈകൾ കൊണ്ട് തന്നെ കൊന്നുകളഞ്ഞത്. നഥാനെ കണി ശേഷം അയാൾ എട്ടുവയസ്സുള്ള മീറയെയും ഏഴുവയസ്സുള്ള ഏലിയാസിനെയും കൈകൾകൊണ്ട് കഴുത്തു ഞെരിച്ചും, രണ്ടു വയസുള്ള ഗബ്രിയേലിനെയും, ഒരു വയസ്സുമാത്രം പ്രായമുള്ള അബിഗെയ്‌ലിനെയും കഴുത്തിൽ ബെൽറ്റിട്ടു മുറുക്കിയും കൊന്നു കളയുകയായിരുന്നു. 

കുഞ്ഞുങ്ങളെ ഒന്നൊന്നായി വധിച്ച ശേഷം അയാൾ എല്ലാവരുടെയും ശരീരങ്ങൾ അടുക്കളയിൽ നിന്നും പ്ലാസ്റ്റിക് റാപ്പ് എടുത്തുകൊണ്ടുവന്ന് വൃത്തിയായി റാപ്പ് ചെയ്ത ഒന്നൊന്നായി തന്റെ എസ്‌യുവിയിൽ കൊണ്ട് വെച്ചു. എന്നിട്ട് ആ വാഹനത്തിൽ യാത്ര തുടങ്ങിയ അയാൾ അമേരിക്കയുടെ തെക്കുകിഴക്കൻ പ്രവിശ്യകളിലൂടെ തുടർച്ചയായി ഒമ്പതു ദിവസങ്ങളോളം അലക്ഷ്യമായി വാഹനം ഓടിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അലബാമയിലെ കാംഡെൻ എന്ന സ്ഥലത്തെ ഒരു മലമുകളിൽ കുഞ്ഞുങ്ങളുടെ നാറിത്തുടങ്ങിയിരുന്ന ശരീരങ്ങൾ ഉപേക്ഷിച്ച് അയാൾ തിരിച്ചു പോരുന്നതിനിടെയാണ്, ഒരു ട്രാഫിക് പോലീസുകാരൻ മിസ്സിസ്സിപ്പിയിൽ വെച്ച്, കാറിൽ നിന്നും വന്ന മൃതദേഹ ഗന്ധം തിരിച്ചറിഞ്ഞ് അയാളെ അറസ്റ്റു ചെയ്യുന്നതും ചോദ്യം ചെയ്യലിന് വിധേയനാക്കുന്നതും. തുടർന്ന് കുഞ്ഞുങ്ങളുടെ മൃത ശരീരങ്ങൾ കണ്ടെടുക്കപ്പെടുന്നു. 

തിമോത്തി ജോൺസിനെ കോടതിയിലെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്തപ്പോൾ അയാളുടെ പ്രതികരണങ്ങൾ വളരെ വിചിത്രമായിരുന്നു. മകൻ നഥാൻ വീട്ടിലെ ഇലക്ട്രിക് സോക്കറ്റ് നശിപ്പിച്ചത് തന്നെ കുപിതനാക്കിയെന്നും, തുടർന്ന് ശിക്ഷയായി അവനെ മണിക്കൂറുകളോളം താൻ വ്യായാമം ചെയ്യിച്ചു എന്നും അയാൾ സമ്മതിക്കുന്നു. അവൻ ആ സോക്കറ്റ് തകർത്തതിനെക്കാൾ അത് ചെയ്തത് താനാണ് എന്ന് സമ്മതിക്കാതിരുന്നതാണ് താനെ ദേഷ്യം പിടിപ്പിച്ചതെന്ന് തിമോത്തി പറയുന്നു. സത്യം പറയാത്തതിൽ ദേഷ്യം തോന്നിയ തിമോത്തി അവനെ രണ്ടു മണിക്കൂറോളം ഏത്തമിടീക്കുകയും, പുഷ് അപ്പ്സ് എടുപ്പിക്കയും ഒക്കെ ചെയ്തു.  എങ്ങനെയാണവൻ മരിച്ചത് എന്ന് തിമോത്തിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. അയാൾ പറയുന്നത്, മണിക്കൂറുകൾക്കു ശേഷം താൻ നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന നഥാനെയാണ് കണ്ടതെന്നാണ്. പോസ്റ്റ് മോർട്ടം നടത്തിയ  പോലീസ് സർജനും കൃത്യമായി നഥാന്റെ മരണത്തിനു കാരണമായ അക്രമം വേറിട്ടെടുത്ത് പറയാൻ സാധിച്ചിട്ടില്ല. 

"എന്റെ തലയ്ക്കുള്ളിൽ നിന്നും ഇങ്ങനെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.." തന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷമുള്ള കാര്യങ്ങളെപ്പറ്റി തിമോത്തി വിചാരണയ്ക്കിടെ ഇങ്ങനെ പറഞ്ഞു, "എന്തെങ്കിലും ചെയ്യ്.. വേഗം. ഇല്ലെങ്കിൽ പിള്ളേരെല്ലാവരും കൂടി ചേർന്ന് നിന്നെ കൊല്ലും.."എന്ന് അയാളുടെ ഉള്ളിൽ നിന്നും വന്ന ശബ്ദങ്ങൾ പറഞ്ഞതാണത്രേ അയാളെക്കൊണ്ട് ഇത്രയും ചെയ്യിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ വിചാരണയ്ക്കിടെ അഞ്ചുമക്കളുടെയും മുഴുവൻ പേരും, ജന്മദിനങ്ങളും ഒക്കെ കിറുകൃത്യമായി ആംബർ കോടതിയിൽ പറഞ്ഞു. താൻ പരിചയപ്പെട്ട, പ്രണയത്തിലായ, വിവാഹം കഴിക്കാൻ ആഗ്രഹിച്ച തിമോത്തി ജോൺസ് ഇങ്ങനെ ഒരാളായിരുന്നില്ല എന്ന് ആംബർ കോടതിയോട് പറഞ്ഞു. വളരെ സ്മാർട്ടായ, ജീവിതത്തിൽ വിജയിച്ച നല്ലൊരു ജോലിയുള്ള ഒരു പ്രോഗ്രാമർ ആയിരുന്നു അയാൾ.  തിമോത്തി കടുത്ത മതവിശ്വാസിയായിരുന്നു. അതാണ് അഞ്ചു കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിലേക്ക് ആംബറിനെ നയിച്ചത്.  അധികം താമസിയാതെ തിമോത്തിയുടെ തീവ്രമായ മതാഭിനിവേശം അവർക്കിടയിലെ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി. സ്ത്രീകൾക്ക് യാതൊരുവിധത്തിലുള്ള മൗലികാവകാശങ്ങളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളായിരുന്നില്ല തിമോത്തി. കുഞ്ഞുങ്ങളെ പെറ്റുവളർത്തുക, ഭർത്താവിനെ തൃപ്തിപ്പെടുത്തുക ഇത് രണ്ടിനും മാത്രമായിട്ടാണ് സ്ത്രീകളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരുന്ന തിമോത്തിയുമായി, നീക്കുപോക്കുകളൊക്കെ പിഴച്ചെന്നായപ്പോൾ പിരിയാൻ തന്നെ ആംബർ ഉറപ്പിച്ചു. കഷ്ടിച്ച് ജീവിതം മുന്നോട്ടു നീക്കാനുള്ള ചുറ്റുപാടുകളേ ആംബറിനുണ്ടായിരുന്നുള്ളൂ. തിമോത്തിയാവട്ടെ ആറക്ക ശമ്പളം പറ്റുന്ന സോഫ്റ്റ്‌വെയർ പ്രൊഫഷനലും. ഒടുവിൽ അച്ഛന് മക്കളുടെ കസ്റ്റഡി വിട്ടുകൊടുക്കാൻ വിവാഹമോചന ഉടമ്പടിയിൽ കരാറായി. 

എല്ലാ ശനിയാഴ്ചയും തിമോത്തിയുടെ വീട്ടിൽ ചെന്ന് ആംബറിന് സ്വന്തം മക്കളെ കാണാമായിരുന്നു. ഒമ്പതു ദിവസങ്ങളോളം ആരും ഫോണെടുക്കാതിരിക്കുകയും, വീട്ടിൽ ചെന്നപ്പോൾ ആരെയും കാണാതിരുന്നതും ഒക്കെയാണ് ആംബറിനെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക്  എത്തിച്ചത്. വിവാഹമോചനത്തിന് ശേഷം തന്റെ ഭർത്താവിന്റെ മാനസിക നില അത്രയ്ക്ക് സുഖകരമല്ല എന്ന് ആംബറിന്  തോന്നിയിരുന്നു. 

തിമോത്തിയുടെ അമ്മ ഇരുപതു വർഷത്തോളം മനസികരോഗാശുപത്രിയിൽ കഴിഞ്ഞിട്ടുണ്ടെന്നും, തിമോത്തിയ്ക്കും തിരിച്ചറിയപ്പെടാതെ പോയ നിലയിൽ സ്കിസോഫ്രീനിയ എന്ന അസുഖമുണ്ടായിരുന്നു എന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. അമ്മ സിൻഡിയുടെ ശബ്ദമാണത്രെ തിമോത്തിയുടെ തലയ്ക്കകത്ത് കിടന്നു കറങ്ങിക്കൊണ്ട് അയാളെ ഓരോന്ന് ചെയ്യാൻ പ്രേരിപ്പിച്ചത്.  തന്നെപ്പിരിഞ്ഞ് മറ്റൊരാളിനെ വിവാഹം ചെയ്ത ഭാര്യയുടെ സ്നേഹരാഹിത്യം തങ്ങളുടെ ക്ലയന്റിന്റെ മാനസിക നില തെറ്റിച്ചുവെന്നും, അഞ്ചു പിഞ്ചുകുഞ്ഞുങ്ങളുടെ നോക്കിനടത്തിപ്പിന്റെ ഉത്തരവാദിത്തം ഒറ്റയടിക്ക് തലയിൽ വന്നപ്പോൾ അയാൾക്ക് സമനിലതെറ്റിയതാണ് എന്നും അവർ വാദിച്ചു. 

അവസാനമായി മക്കളെ ഫോണിൽ വിളിച്ചപ്പോൾ ആംബർ നഥാനുമായി സംസാരിച്ചിരുന്നു. അവൻ ആകെ സങ്കടത്തിലായിരുന്നു. ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് അവൻ ഒരൊറ്റക്കാര്യമേ പറഞ്ഞുള്ളൂ, "അമ്മാ.. ഞാൻ വേണമെന്ന് വെച്ച് കേടാക്കിയതല്ലമ്മാ.. ഇനി ഞാൻ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല എന്ന് അച്ഛനോട് പറയു.." പറഞ്ഞുതീരും മുമ്പേ പിന്നിൽ നിന്നും തിമോത്തിയുടെ അലർച്ച ഫോണിലൂടെ ആംബർ കേട്ടിരുന്നു, "നീ ചാവുമെടാ... മോനെ.." 

തിമോത്തിയുടെ ശബ്ദത്തിലെ ക്രോധം തന്നെ ഭയപ്പെടുത്തി എന്ന് അവർ പറഞ്ഞു. ഫോൺ പിടിച്ചു വാങ്ങിയ തിമോത്തി എന്നും മക്കളുടെ തെറ്റുകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിന്  "വെച്ചിട്ടു പോ.." എന്ന് ആംബറിനെ ശകാരിച്ചു കൊണ്ടാണ് അന്ന് ഫോൺ വച്ചത്.  മകന്റെ ഏങ്ങിക്കരച്ചിൽ അവരുടെ മനസമാധാനം കെടുത്തിയതുകൊണ്ട് ശനിയാഴ്ച കാണാൻ ചെല്ലുമ്പോൾ അവനെ അടുത്തുപിടിച്ചിരുത്തി കാര്യമായിത്തന്നെ ഒന്ന് സമാധാനിപ്പിക്കണം എന്ന് ആംബർ കരുതിയിരുന്നു. എന്നാൽ, പിന്നീടൊരിക്കലും തന്റെ മക്കളെ കാണാനോ അവരുടെ ശബ്ദമൊന്നു കേൾക്കാനോ ഉള്ള ഭാഗ്യം ആ പാവം അമ്മയ്ക്കുണ്ടായില്ല.
 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്