
'യോജിച്ച ഒരു പങ്കാളിക്ക് വേണ്ടിയുള്ള അന്വേഷണ'ത്തിലാണെന്ന കോളേജ് ലക്ചറുടെ മറുപടിയില്‍ കുടുംബ കോടതി തരിച്ചിരുന്നു. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. യുപിയിലെ ബറെയ്‍ലിയിലെ നാല്പതുകാരനായ കോളേജ് ലക്ചർ തന്‍റെ നാലാമത്തെ വിവാഹ ബന്ധം വേര്‍പെടുത്താനായി എത്തിയതായിരുന്നു. അതും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാമത്തെ വിവാഹ മേചനം. എന്നാല്‍, നാലാം ഭാര്യയുടെ വാദം കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടാക്കിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
തന്‍റെ നാലാമത്തെ വിവാഹ ബന്ധം വേര്‍പെടുത്താനായിട്ടാണ് ഇയാൾ വീണ്ടും കുടുംബ കോടതിയെ സമീപിച്ചത്. അതേസമയം കോളേജ് ലക്ചറുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യോജിച്ച ഒരു പങ്കാളിക്ക് വേണ്ടിയാണ് താന്‍ വീണ്ടും വിവാഹം കഴിച്ചതെന്ന് ഇയാൾ കോടതിയില്‍ സമർപ്പിച്ച രേഖയില്‍ പറയുന്നു. എപ്പോൾ, ഞാന്‍ എനിക്ക് അനുയോജ്യമായ ഒരു ഭാര്യയെ കണ്ടെത്തുന്നോ അന്ന് താന്‍ വിവാഹം കഴിക്കുന്നത് നിര്‍ത്തുമെന്നും ഇയാൾ അവകാശപ്പെട്ടു. തന്‍റെ ജീവിത രീതികളില്‍ ഭാര്യമാര്‍ അസ്വസ്ഥരാകുമ്പോഴാണ് താന്‍ വിവാഹമോചനം തേടുന്നത്. വിവാഹ മോചനത്തിന് ശേഷം താന്‍ ജീവനാംശം നല്‍കാറുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു.
അതേസമയം വിവാഹം കഴിക്കുക. മാസങ്ങൾക്കുള്ളില്‍ വിവാഹ മോചനം തേടുക എന്ന ഇയാളുടെ രീതി വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവാഹം കഴിക്കുക വിവാഹ മേചനം തേടുക എന്നതിന് ഇയാൾ അടിമപ്പെട്ടെന്ന് 32 -കാരിയായ നാലാം ഭാര്യ ആരോപിച്ചു. തന്നെയും മറ്റ് സ്ത്രീകളെ പോലെ ഉപേക്ഷിക്കാനാണ് അയാളുടെ പദ്ധതിയെന്നും ഇവര്‍ ആരോപിച്ചു. മറ്റുള്ളവരെ പോലെ ഒരു നമ്പര്‍ മാത്രമായിത്തീരാന്‍ തനിക്ക് താത്പര്യമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 35, 30, 28 എന്നീ പ്രായത്തിലുള്ളവരായിരുന്നു ഇയാളുടെ മുന്‍ഭാര്യമാർ. നാലാം ഭാര്യയുടെ ആരോപണത്തോടെ ഇയാളുടെ വിവാഹമോചന അപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിവച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.