ഉണ്ടോയെന്ന് പോലുമുറപ്പില്ലാത്ത നിധിയുടെ പേരിൽ കുടുംബാം​ഗങ്ങളെ കൊന്നു, ഫ്രഞ്ചുകാരന് 30 വർഷത്തെ തടവ്

By Web TeamFirst Published Jul 8, 2021, 1:06 PM IST
Highlights

ആദ്യമെല്ലാം അളിയനുമായി നല്ല ബന്ധത്തിലായിരുന്നു ഇയാള്‍. പിന്നീടാണ് നിധി ഒളിപ്പിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നതും അത് കൊലപാതകത്തിലേക്ക് എത്തുന്നതും. 

ഉണ്ടോ എന്നുപോലും ഉറപ്പില്ലാത്ത നിധിയുടെ പേരില്‍ കുടുംബാംഗങ്ങളെ കൊന്ന ഫ്രഞ്ചുകാരന് 30 വര്‍ഷത്തെ തടവ്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസികൾ കയ്യടാക്കാതിരിക്കാനായി നിധി എവിടെയോ ഒളിപ്പിച്ചിട്ടുണ്ട് എന്ന് കരുതിയാണ് ഇയാള്‍ കുടുംബാംഗങ്ങളെ കൊല്ലുകയും മൃതദേഹം നശിപ്പിക്കുകയും ചെയ്തത്. 

ഹുബര്‍ട്ട് കൗസിന്‍ എന്ന് പേരായ ഇയാള്‍ ഭാര്യാസഹോദരന്‍ പാസ്കല്‍ ട്രാക്കോഡ് എന്ന 40 -കാരന്‍, അയാളുടെ ഭാര്യ ബ്രിജീത്ത്, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരെയാണ് 2017 ഫെബ്രുവരിയില്‍ കൊന്നുകളഞ്ഞത്. നിധിയുണ്ട് എന്നും പാസ്കല്‍ അത് സഹോദരിയും ഹുബര്‍ട്ടിന്‍റെ ഭാര്യയുമായ ലിഡിയില്‍ നിന്നും മറച്ചുവച്ചിരിക്കുകയുമാണ് എന്നാണത്രെ ഇയാള്‍ ധരിച്ചിരുന്നത്. ഉണ്ടോ എന്നുപോലും ഉറപ്പില്ലാത്ത നിധിയോട് ആര്‍ത്തി മൂത്ത ഒരാള്‍ എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്. 

വെസ്റ്റേണ്‍ ഫ്രാന്‍സിലെ ഓര്‍വാള്‍ട്ടിലുള്ള ഭാര്യയുടെ കുടുംബത്തെ വര്‍ഷങ്ങളായി ഇയാള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയാണ്. ഇയാള്‍ മറഞ്ഞിരുന്ന് അവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാനും ശ്രമിച്ചു. ഒരിക്കല്‍ ദേഷ്യം സഹിക്ക വയ്യാതെ ഇയാള്‍ പാസ്കലിനെ മര്‍ദ്ദിക്കുകയും അത് മരണത്തില്‍ കലാശിക്കുകയും ചെയ്തു. അതോടെ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും ഇയാള്‍ വകവരുത്തി. കുട്ടികള്‍ രണ്ടുപേരും ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ തന്നെയാണ് അവരെ കൊന്നുകളഞ്ഞത്. ശേഷം അയാള്‍ മൃതദേഹം അവിടെനിന്നും മാറ്റുകയും പിന്നീട് അത് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഹുബര്‍ട്ടിന്‍റെ ഫാമില്‍ നിന്നും 379 ശരീരഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്. 

ലിഡിയെ മൃതദേഹം നശിപ്പിക്കാന്‍ സഹായിച്ചതിന്‍റെ പേരില്‍ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അതിലൊരു വര്‍ഷം ഇളവ് നല്‍കി. 16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹുബര്‍ട്ടിനെ 30 വര്‍ഷത്തേക്ക് ശിക്ഷിക്കുന്നത്. ആദ്യമെല്ലാം അളിയനുമായി നല്ല ബന്ധത്തിലായിരുന്നു ഇയാള്‍. പിന്നീടാണ് നിധി ഒളിപ്പിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നതും അത് കൊലപാതകത്തിലേക്ക് എത്തുന്നതും. ജര്‍മ്മന്‍ അധിനിവേശകാലത്ത് നാസികളില്‍ നിന്നും ലിഡിയുടെ പിതാവ് ഒളിപ്പിച്ച നിധിയാണ് ഇത് എന്നാണ് ഹുബര്‍ട്ട് കരുതുന്നത്. എന്നാല്‍, കൊലപാതകത്തിലേക്ക് നയിച്ച അത്തരമൊരു നിധിയുണ്ട് എന്നതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടുമില്ല. 

അറ്റോര്‍ണി ജനറല്‍ പറഞ്ഞത് ഹുബർട്ട് നടത്തിയ കൊലപാതകങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇയാള്‍ അത്യന്തം അപകടകാരിയാണ്. അതുകൊണ്ട് മോചിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്നാണ്. 

click me!