Latest Videos

ആദ്യം പൊലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്, പിന്നെ ഭ്രാന്തനായി അലച്ചിൽ - ഒരു ഇൻസ്‌പെക്ടറുടെ ജീവിതം മാറിമറിഞ്ഞത്

By Web TeamFirst Published Nov 14, 2020, 5:14 PM IST
Highlights

സർവീസിൽ കയറിയപ്പോഴും, മനീഷ് മിശ്രക്ക് തോക്കുകളോടുള്ള തന്റെ പ്രണയം തുടരാനായി. മധ്യപ്രദേശ് പൊലീസ് സേനയിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി അയാൾ പേരെടുത്തു.

മധ്യപ്രദേശിലെ ഗ്വാളിയോർ പട്ടണത്തിൽ നവംബർ 10 -ന്, ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നഗരത്തിലെ നിരത്തുകളിൽ, തികഞ്ഞ ജാഗ്രതയോടെ, പോലീസ് സംഘങ്ങൾ ചുറ്റിക്കൊണ്ടിരുന്ന സമയം. ഡി‌എസ്‌പി രത്നേഷ് തോമറും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു. 

നേരം സന്ധ്യയാവാറായിരുന്നു. നഗരത്തിന്റെ ഔട്ടറിലുള്ള ഏതോ റോഡിലൂടെ പട്രോളിംഗ് വാഹനത്തിൽ കടന്നു പോവുകയായിരുന്നു ഡി‌എസ്‌പി സാബ്. പെട്ടെന്ന് ഉച്ചത്തിൽ ഒരു വിളിമുഴങ്ങി, "രത്നേഷ്..." ആരാണത് ? ഡി‌എസ്‌പി തിരിഞ്ഞുനോക്കി. നല്ല പരിചയമുള്ള ഏതോ ഒരാളുടെ ശബ്ദമെന്ന് തോമറിന്റെ മനസ്സ് പറഞ്ഞു. ആരെന്നു മാത്രം പെട്ടന്നങ്ങോട്ട് കത്തുന്നില്ല. 

വിളി കെട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് കീറിപ്പറിഞ്ഞ ഉടുപ്പിട്ട, കുളിച്ചിട്ട് മാസങ്ങളായി, തലമുടി ജടകെട്ടിയ ഒരു ഭ്രാന്തനെ ആയിരുന്നു. "ഇയാൾക്കെങ്ങനെ എന്റെ പേരറിയാം? ഇനി അറിയാമെങ്കിൽ തന്നെ യൂണിഫോമിൽ നിൽക്കുന്ന തന്നെ എങ്ങനെ, പേര് വിളിക്കാൻ ധൈര്യം വന്നു..?" തോമർ സാബ് മനസ്സിലോർത്തു. 

തോമർ ആ പിച്ചക്കാരന്റെ അടുത്തേക്ക് ചെന്നു. അയാളെ സൂക്ഷിച്ചൊന്നു നോക്കി. "മനീഷ്?" തോമറിന്റെ ഉള്ളിൽ നിന്ന് ഒരാന്തലായിട്ടാണ് ആ പേര്  പുറപ്പെട്ടുവന്നത്. 'അത് മനീഷ് ആകരുതേ' എന്ന പ്രാർഥനയായിരുന്നോ ആ വിളി എന്ന് കേട്ടവർ സംശയിച്ചാലും തെറ്റില്ല. കാരണം തോമറിന്റെ മനസ്സിലുള്ള മനീഷ് മിശ്ര എന്ന തന്റെ ഇൻസ്‌പെക്ടർ ട്രെയിനിങ് ബാച്ച് മേറ്റിനൊരിക്കലും അങ്ങനെ ഒരു പ്രാന്തന്റെ കോലത്തിൽ നിൽക്കേണ്ട കാര്യമില്ല. 

ഷാർപ്പ് ഷൂട്ടറിൽ നിന്ന് പ്രാന്തനായ പിച്ചക്കാരനിലേക്കുള്ള പതനം എങ്ങനെ?

അങ്ങനെ ഗ്വാളിയോർ പട്ടണത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നിൽ നിന്ന് യാദൃച്ഛികമായി രത്നേഷ് തോമർ എന്ന ഡിഎസ്പി കണ്ടെടുത്തത് മനീഷ് മിശ്ര എന്ന തന്റെ മുൻകാല സഹപ്രവർത്തകനായ മനീഷ് മിശ്രയെ ആയിരുന്നു. കഴിഞ്ഞ പത്തുവർഷങ്ങളായി ആ പേക്കോലത്തിലായിരുന്നു മനീഷിന്റെ അലഞ്ഞുതിരിച്ചിൽ. ഒരു ഭ്രാന്തനായി. പിച്ചയെടുത്ത് അരവയർ നിറച്ചു കഴിഞ്ഞുകൂടാനായിരുന്നു മനീഷ് സ്വയം നിശ്ചയിച്ച നിയോഗം. 

1999 -ൽ രത്നേഷ് തോമർ പൊലീസ് ട്രെയിനിങ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ സതീർഥ്യനായിരുന്നു മനീഷ് മിശ്രയും. അക്കാദമിയിലെ ഷൂട്ടിങ് ട്രെയിനിങ്ങിൽ എന്നും ഒന്നാമതെത്തുക മനീഷ് തന്നെയായിരുന്നു. പരിശീലനത്തിന് ശേഷം സർവീസിൽ കയറിയപ്പോഴും, മനീഷ് മിശ്രക്ക് തോക്കുകളോടുള്ള തന്റെ പ്രണയം തുടരാനായി. മധ്യപ്രദേശ് പൊലീസ് സേനയിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയി അയാൾ പേരെടുത്തു. ഈ കഥയൊക്കെ ഡി‌എസ്‌പി രത്നേഷ് തോമർ നേരത്തേ കേട്ടിരുന്നതാണ്. "ഇവന് പിന്നെ എന്തുപറ്റി?" തോമർ അത്ഭുതപ്പെട്ടു. 

 

 

അന്നത്തെ ഇൻസ്‌പെക്ടർ കോഴ്സിൽ ഇവർ രണ്ടുപേരുടെയും സതീർത്ഥ്യനായിരുന്ന മറ്റൊരു ഡി‌എസ്‌പി കൂടി ഉണ്ടായിരുന്നു, വിജയ് ബദൗരിയ. വിവരമറിഞ്ഞ് അദ്ദേഹവും മനീഷ് മിശ്രയെ കാണാനെത്തി. അവർ മൂന്നുപേരും കൂടി പൊലീസ് അക്കാദമിയിലെ വിശേഷങ്ങൾ പങ്കിട്ടു. മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരുന്നു. തങ്ങളോടൊപ്പം വരാൻ അവരിരുവരും മനീഷിനെ നിർബന്ധിച്ചു. അയാൾ കൂട്ടാക്കിയില്ല. ഒടുവിൽ അവർക്ക് പരിചയമുളള ഒരു എൻജിഒ വഴി, മനീഷിനെ അവർ ഒരു ആശ്രമത്തിലെത്തിച്ചു. 

എന്തുപറ്റി മനീഷിന് ?

ഒരു പൊലീസ് കുടുംബം ആയിരുന്നു മനീഷ് മിശ്രയുടേത്. സഹോദരൻ ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ. അച്ഛനും, അമ്മാവനും അടുത്തൂൺ പറ്റിയത് അഡീഷണൽ എസ്പി റാങ്കിൽ എത്തിയിട്ടാണ്. 2005 വരെ മനീഷ് മിശ്രയും സർവീസിൽ ഉണ്ടായിരുന്നതാണ്. അവസാന പോസ്റ്റിങ് ദത്തിയ ജില്ലയിൽ ആയിരുന്നു. അതിനു ശേഷം, എങ്ങനെയോ മനീഷിന്റെ മാനസിക സമനില തെറ്റി. ആദ്യത്തെ അഞ്ചു വർഷം വീട്ടിൽ ബന്ധുക്കളുടെ പരിചരണത്തിൽ തന്നെയായിരുന്നു. അതിനു ശേഷം അവർ മനീഷിനെ ഏതൊക്കെ ചിത്തരോഗാശുപത്രികളിൽ ആക്കിയോ, ആശ്രമങ്ങളിൽ ചേർത്തുവോ അവിടെനിന്നെല്ലാം മനീഷ് ഓടി തെരുവിലേക്ക് പോയി. അഭിഭാഷകയായ ഭാര്യ ഭ്രാന്തനായ ഭർത്താവിനെ ഉപേക്ഷിച്ച്, വിവാഹമോചനം നേടി തന്റെ പാട്ടിനു പോയ്ക്കഴിഞ്ഞു എന്ന വിവരം പോലും ഉള്ളിലേക്കെടുക്കാൻ ആകുന്നത്ര മാനസിക സ്വാസ്ഥ്യത്തിലേക്ക് പിന്നെ മനീഷ് ഒരിക്കലും എത്തിയതേയില്ല.

പത്തുവർഷമായി, തങ്ങളിൽ ഒരാൾ, ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്, ഷാർപ്പ് ഷൂട്ടർ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ഒരു ഓഫീസർ, ഇങ്ങനെ മാനസികനില തെറ്റി, മുഴുഭ്രാന്തനായി മധ്യപ്രദേശിന്റെ നിരത്തുകളിലൂടെ തേരാപ്പാരാ പിച്ചയെടുത്ത് നടന്നിട്ടും, കടത്തിണ്ണകളിൽ കിടന്നുറങ്ങിയിട്ടും അതൊന്നും സംസ്ഥാനത്തെ പൊലീസ് അറിയാഞ്ഞതെന്ത് എന്നൊരു ചോദ്യം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

click me!