വിദേശത്ത് ഭർത്താവിനൊപ്പമുള്ള ജീവിതം വേലക്കാരിയെ പോലെ, എപ്പോഴും വീട്ടുജോലി, മടുത്ത് ഇന്ത്യയിലേക്ക് മടങ്ങി യുവതി; പോസ്റ്റ്

Published : May 25, 2026, 02:54 PM IST
indian bride

Synopsis

പ്രവാസിയെ വിവാഹം കഴിച്ച് ആഡംബര ജീവിതം നയിക്കാമെന്ന മോഹം പലപ്പോഴും ഒരു കെണിയെന്ന് യുവതി. തന്‍റെ കസിന്‍റെ അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. അസ്വസ്ഥമായ ദാമ്പത്യ ജീവിതവും കടുത്ത മാനസിക പീഡനങ്ങളും സഹിക്കവയ്യാതെ ഈ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു എന്നും പോസ്റ്റില്‍ കാണാം. 

വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രവാസിയെ വിവാഹം കഴിച്ച് ആഡംബര ജീവിതം നയിക്കാമെന്ന മോഹം പലപ്പോഴും ഒരു കെണിയായി മാറാറുണ്ടെന്ന ഒരു എക്സ് (ട്വിറ്റർ) കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. @deebayleaf എന്ന എക്സ് ഹാൻഡിലിലൂടെ ഒരു ധനകാര്യ വിദഗ്ദ്ധയാണ് തന്റെ കസിന്റെ ദുരനുഭവം പങ്കുവെച്ചത്. വിവാഹശേഷം വിദേശത്തേക്ക് പോയ തന്റെ കസിന് നേരിടേണ്ടി വന്നത് കടുത്ത ഒറ്റപ്പെടലും, ഉത്തരവാദിത്വം എന്ന പേരിൽ അടിച്ചേൽപ്പിച്ച വീട്ടുജോലികളുമായിരുന്നു എന്ന് ഇവർ പറയുന്നു.

ഒടുവിൽ അസ്വസ്ഥമായ ദാമ്പത്യ ജീവിതവും കടുത്ത മാനസിക പീഡനങ്ങളും സഹിക്കവയ്യാതെ ഈ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ‘എൻആർഐ ഡ്രീം ലൈഫ് പലപ്പോഴും ഒരു കെണിയാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നു. എന്റെ കസിൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കടുത്ത ഒറ്റപ്പെടൽ, അവസാനിക്കാത്ത വീട്ടുജോലികൾ, ‘സംസ്കാരം നിലനിർത്താൻ’ എന്ന വ്യാജേന കൂടുതൽ ജോലി ചെയ്യിപ്പിക്കുന്ന ഭർത്താവിന്റെ വീട്ടുകാർ, ഇതായിരുന്നു വിദേശ ജീവിതത്തിന്റെ യാഥാർത്ഥ്യം എന്നാണ് അവൾ പറഞ്ഞത്‘ എക്സ് പോസ്റ്റിൽ പറയുന്നു.

ഒരു സാമൂഹിക ജീവിതവുമില്ലാതെ, ദിവസം മുഴുവൻ പ്രതിഫലമില്ലാതെ പണിയെടുക്കുന്ന ഒരു തൊഴിലാളിയെപ്പോലെ ജീവിക്കേണ്ടി വന്നതോടെ വിദേശ ജീവിതത്തിന്റെ ആകർഷണീയതയെല്ലാം പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞു. ‘വിദേശത്തെ വൃത്തിയുള്ള റോഡുകളും ശുദ്ധവായുവും നൽകുന്ന ഭംഗിയൊക്കെ പെട്ടെന്ന് തന്നെ അവസാനിച്ചു. ഒരു സാമൂഹിക ജീവിതവുമില്ലാതെ, 24 മണിക്കൂറും പണിയെടുക്കുന്ന ശമ്പളമില്ലാത്ത ഒരു തൊഴിലാളിയാണ് താനെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്‘ പോസ്റ്റിൽ പറയുന്നു.

വിവാഹശേഷം വിദേശത്തേക്ക് പോകുന്ന ഒട്ടനവധി ഇന്ത്യൻ യുവതികൾ സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നാട്ടിലെ കുടുംബക്കാരുടെയും സമൂഹത്തിന്റെയും സമ്മർദ്ദം കാരണം പലർക്കും ഇതിൽ നിന്ന് ഇറങ്ങിപ്പോരാൻ കഴിയുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇത് എല്ലാ പ്രവാസികളുടെയും പൊതുവായ അവസ്ഥയല്ലെന്നും, മറിച്ച് ഒരു പരാജയപ്പെട്ട ദാമ്പത്യത്തിന്റെ പ്രശ്നമാണെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അമേരിക്കയിലെ ആമസോണിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലായ നേഹ ശർമ്മ ഇങ്ങനെ കുറിച്ചു: ‘നാട്ടിലായാലും വിദേശത്തായാലും കുടുംബാന്തരീക്ഷവും ഒറ്റപ്പെടലുമൊക്കെ ഒരുപോലെ തന്നെയാണ്. നാട്ടിലാണെങ്കിലും കുടുംബം ഒരു ഫോൺ കോളിനപ്പുറമേ ഉണ്ടാകൂ. വിദേശത്ത് വേലക്കാരെ കിട്ടിയാലും ഇല്ലെങ്കിലും വീട്ടുജോലികൾ ചെയ്യേണ്ടി വരും. അതുകൊണ്ട് ഇത് എൻആർഐ സ്വപ്നത്തിന്റെ’ പ്രശ്നമല്ല, മറിച്ച് മോശം ദാമ്പത്യത്തിന്റെ പ്രശ്നമാണ്.‘

 

 

അമിത് കിൽഹോർ എന്ന മറ്റൊരു എക്സ് ഉപയോക്താവ് കുറിച്ചതിങ്ങനെ: ‘ഇത് എൻആർഐ സ്വപ്നത്തിന്റെ പ്രശ്നമല്ല, അവൾ വിവാഹം കഴിച്ചത് സ്ത്രീവിരുദ്ധ ചിന്താഗതിയുള്ള ഒരു കുടുംബത്തിലേക്കാണ്. ഇന്ത്യയിലാണെങ്കിലും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. പ്രശ്നം എൻആർഐ ജീവിതമല്ല, തെറ്റായ ഒരു വ്യക്തിയെ വിവാഹം കഴിച്ചു എന്നതാണ്‘.

PREV
Read more Articles on
click me!

Recommended Stories

പുകവലിക്കുമ്പോൾ ഇരിക്കാൻ കസേരയില്ലെന്ന് വിദ്യാർത്ഥിയുടെ പരാതി; കിടിലൻ മറുപടിയുമായി അധ്യാപകൻ
വനിതാ ഓട്ടോ ഡ്രൈവർമാരാണ് നല്ലത്, മികച്ച ഡ്രൈവിം​ഗും കൂടുതൽ സുരക്ഷയും; പോസ്റ്റുമായി വ്യവസായി