ഇടനിലക്കാരില്ല, കര്‍ഷകര്‍ക്ക് നേരിട്ട് ലാഭം; ഇത് 'ഫണ്ട് മൈ ക്രോപ്പ്' എന്ന സ്റ്റാര്‍ട്ടപ്പിലൂടെ...

Published : Jan 08, 2020, 05:13 PM IST
ഇടനിലക്കാരില്ല, കര്‍ഷകര്‍ക്ക് നേരിട്ട് ലാഭം; ഇത് 'ഫണ്ട് മൈ ക്രോപ്പ്' എന്ന സ്റ്റാര്‍ട്ടപ്പിലൂടെ...

Synopsis

ഒരു കര്‍ഷകന് ഒരു ഏക്കര്‍ കൃഷിഭൂമി ഉണ്ടെന്നിരിക്കട്ടെ. അയാള്‍ക്കു തന്റെ പതിനായിരം കിലോഗ്രാം തക്കാളി വില്പന നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫണ്ട് മൈ ക്രോപ്പിനെ സമീപിക്കാം.

കര്‍ണാടകയിലെ എന്‍ജിനീയറിങ്ങ് ബിരുദധാരികളായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കര്‍ഷകരെ സഹായിക്കാനായി ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയാണ് ഫണ്ട് മൈ ക്രോപ്പ്.  ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ലാഭം നേടിക്കൊടുക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. നിധിന്‍ ഭട്ടും ശരത്തും ചേര്‍ന്ന് 2019 ജനുവരിയിലാണ് ഇത്തരമൊരു സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. സബ്‌സ്‌ക്രിപ്ഷന്‍ നടത്തി നേരത്തേതന്നെ പണം നല്‍കി ആവശ്യക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളുമെല്ലാം ഓര്‍ഡര്‍ നല്‍കാം.

നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെവലപിങ്ങ് ആന്റ് ഹാര്‍നസിങ്ങ് ഇന്നൊവേഷന്‍സ് എന്റര്‍പ്രീനേഴ്‌സ് ഇന്‍ റെസിഡന്‍സ് എന്ന പദ്ധതി പ്രകാരം കര്‍ണാടക സര്‍ക്കാരിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന്റെ പിന്തുണയും ഈ സ്റ്റാര്‍ട്ട് അപ്പിനുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പ്രത്യേക പദ്ധതി പ്രകാരമുള്ള ഗ്രാന്റും ഇവരുടെ സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കുന്നുണ്ട്.

ഫണ്ട് മൈ ക്രോപ്പിന്റെ പ്രവര്‍ത്തനം

ഒരു കര്‍ഷകന് ഒരു ഏക്കര്‍ കൃഷിഭൂമി ഉണ്ടെന്നിരിക്കട്ടെ. അയാള്‍ക്കു തന്റെ പതിനായിരം കിലോഗ്രാം തക്കാളി വില്പന നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ ഫണ്ട് മൈ ക്രോപ്പിനെ സമീപിക്കാം. 'നിങ്ങള്‍ക്ക് അഞ്ച് കിലോ ഗ്രാം തക്കാളി വാങ്ങിക്കണമെന്നുണ്ടെങ്കില്‍ അഡ്വാന്‍സ് ആയി പണം നല്‍കാം. അതുപോലെ മറ്റൊരാള്‍ക്ക് രണ്ട് കിലോഗ്രാം തക്കാളി ബുക്ക് ചെയ്യാം. അങ്ങനെ ആ കര്‍ഷകന്റെ തോട്ടത്തിലെ പതിനായിരം കിലോ തക്കാളിയും വില്പന നടത്താന്‍ കഴിയും' ശരത് തങ്ങളുടെ പ്രവര്‍ത്തനരീതി വിശദമാക്കുന്നു.

അഡ്വാന്‍സ് ബുക്കിംഗ് രീതിയാണ് തങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് നിധിന്‍ പറയുന്നു. ഉത്പന്നങ്ങള്‍ വാങ്ങുമെന്ന് ഉറപ്പാക്കുമ്പോള്‍ നിങ്ങള്‍ കര്‍ഷകനെ സഹായിക്കുകയും കൂടിയാണ് ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തക്കാളി നേരിട്ട് തന്നെ എല്ലാ ആഴ്ചയും വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും എത്തിക്കുകയും ചെയ്യുന്നു. 'അതുകൂടാതെ ഗ്രാമങ്ങളിലെ കര്‍ഷകരുമായി നഗരങ്ങളില്‍ ഉള്ളവര്‍ക്ക് നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഈ കര്‍ഷകരുടെ ഗ്രാമങ്ങളിലേക്ക് പോകാനും അവരുടെ വിളകള്‍ കാണാനുള്ള അവസരമുണ്ട്.' നിതിന്‍ പറയുന്നു.

ധര്‍വാദിലേയും ബെലഗാവിലെയും മൈസൂരിലെയും  നിരവധി പച്ചക്കറി കര്‍ഷകര്‍ക്ക് ഇവരുടെ പദ്ധതി വളരെ സഹായകരമായിട്ടുണ്ട്. മൈസൂര്‍ അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ പലവിധം

കാര്‍ഷികരംഗത്ത് യുവാക്കള്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂരിലെ അഗ്രി സ്റ്റാര്‍ട്ട് അപ്പ് ഒരു പുതിയ സാങ്കേതികവിദ്യയുമായി രംഗത്തുവന്നിരുന്നു. ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകളുടെ കാലദൈര്‍ഘ്യം കണ്ടെത്താനുള്ള ഒരു സാങ്കേതികവിദ്യയാണ് ഇവര്‍ ആവിഷ്‌കരിച്ചത്.

ക്രോപ്പിന്‍ ടെക്‌നോളജി സൊല്യൂഷന്‍സ് ആണ് ഈ ആശയവുമായി രംഗത്ത് വന്നത്. കേരളത്തിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും എല്ലാം പ്രത്യേകത അറിയാന്‍ സഹായിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് ഇത്. നമ്മുടെ കേരളത്തിലെ കര്‍ഷകരുടെ വിഭവങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചു.

നിങ്ങള്‍ കടയില്‍ നിന്ന് പഴം വാങ്ങുമ്പോള്‍ എവിടെയാണ് പഴം കൃഷി ചെയ്തതെന്നും, എത്രകാലം പഴക്കമുണ്ട് എന്നുമെല്ലാം അറിയാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് ക്രോപ്പിന്‍ ടെക്‌നോളജി സൊല്യൂഷന്‍സ് കണ്ടെത്തിയത്.

നിങ്ങള്‍ കൊടുക്കുന്ന പച്ചക്കറി ഏത് കര്‍ഷകന്റെ കൃഷിയിടത്തില്‍ ഉല്‍പാദിപ്പിച്ചുവെന്നും ഏതൊക്കെ വളങ്ങളാണ് പ്രയോഗിച്ചതെന്നും കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും പറഞ്ഞു തരാന്‍ ഈ സ്റ്റാര്‍ട്ട് അപ്പിന് കഴിയും. കൃഷിയിടത്തിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് കര്‍ഷകന് വിളവു കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ബിഗ് ഡാറ്റ സാങ്കേതികവിദ്യയാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകളുടെ സേവനം ആവശ്യമുള്ളത് വിളവെടുപ്പിന് മുമ്പുള്ള സമയത്താണ്. പരമ്പരാഗതമായ രീതിയില്‍ കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ വരുമാനമുണ്ടാക്കാനും കഴിയും. ഇന്ത്യയില്‍ നിന്നുള്ള ഇരുപത്തിയഞ്ചിലധികം അഗ്രി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകരെ ലക്ഷ്യമിട്ടുള്ള ഇത്തരം പദ്ധതികള്‍ സാമ്പത്തികമായ ഉന്നമനത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ആരംഭിച്ച പദ്ധതിയാണ് അഗ്രി ഉഡാന്‍. ഇന്ത്യയില്‍ നിന്ന് പത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ അഗ്രി ഉഡാനില്‍ ഇടം നേടിയിട്ടുണ്ട്.

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി