'ഡബിൾ മേജർ' ജനറേഷനാവാൻ ജെൻ സി, കാരണം ഭാവിയേക്കുറിച്ചുള്ള ഈ ആശങ്ക

Published : Nov 20, 2025, 07:28 PM IST
Double majors

Synopsis

തൊഴിലില്ലായ്മ പ്രതിസന്ധിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവും കാരണം, അമേരിക്കയിലെ ജെൻ സി വിദ്യാർത്ഥികൾ തങ്ങളുടെ കോളേജ് പഠന രീതിയിൽ മാറ്റം വരുത്തുന്നു. ഇന്ന് വിദ്യാർത്ഥികൾ കോളേജിൽ നിന്ന് അക്കാദമിക് ബിരുദമല്ല…

ഇന്ന് കോളേജ് കാമ്പസുകളിൽ പണം കൊടുത്ത് വിദ്യാർഥികൾ വാങ്ങുന്നത് അക്കാദമിക് ബിരുദമല്ല, 'ജോലി സുരക്ഷയാണ്. സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പുതുതലമുറ നേരിടുന്ന രൂക്ഷമായ തൊഴിൽ ഇല്ലായ്മ പ്രതിസന്ധിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവും ജെൻ സി എന്ന യുവതലമുറയുടെ പഠന രീതിയെ തന്നെ മാറ്റിമറിക്കുകയാണ്. അമേരിക്കയിലെ പുതിയ കണക്കുകൾ പ്രകാരം, വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനായി ഒരു വിഷയത്തിൽ മാത്രം പഠനം ഒതുക്കുന്നില്ല. ഒരേ സമയം രണ്ട് പ്രധാന വിഷയങ്ങളിൽ (Double Major) ബിരുദം നേടുന്ന പ്രവണത ഇന്ന് 'അക്കാദമിക് അംബീഷൻ' എന്നതിലുപരി 'ആത്മരക്ഷാ കവചം' ആയി മാറിയിരിക്കുന്നു.

ഒരു കാലത്ത് പഠനത്തിൽ അതീവ താൽപര്യമുള്ളവർ മാത്രം തെരഞ്ഞെടുത്തിരുന്ന 'ഡബിൾ മേജർ' ഇപ്പോൾ ഒരു ജനറേഷൻ ഷിഫ്റ്റ് ആയി മാറിയിരിക്കുന്നു. പ്രമുഖ സർവകലാശാലകളിൽ രേഖപ്പെടുത്തിയ വർധനവ്; ഡ്രെക്സൽ സർവ്വകലാശാലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഡബിൾ മേജർ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 591% വർദ്ധനവുണ്ടായി ,ഹാർവാർഡ് സർവ്വകലാശാലയിലും 334% വർദ്ധനവാണ് ഉണ്ടായതെന്ന് സുചിപ്പിക്കുന്നു. യുസി സാൻ ഡീഗോ സർവ്വകലാശാലയിൽ വർദ്ധനവ് 169% ആണ്.

എന്തുകൊണ്ട്

തൊഴിൽ രഹിതരായ ബിരുദധാരികളുടെ എണ്ണം വർധിക്കുകയും , എഐ കടന്നുവന്നതോടെ പല അടിസ്ഥാന ജോലികളും ഇല്ലാതാവുകയും ചെയ്യുന്ന പുതിയ സാമ്പത്തിക സാഹചര്യമാണ് ഇതിന് പിന്നിൽ. നാഷണൽ ബ്യൂറോ ഓഫ് എക്കണോമിക് റിസർച്ച് നടത്തിയ പഠനം പ്രകാരം, സിംഗിൾ മേജർ എടുത്തവരെ അപേക്ഷിച്ച് ഡബിൾ മേജർ എടുത്ത വിദ്യാർത്ഥികൾക്ക് വരുമാന പ്രതിസന്ധികൾ 56% കുറവാണെന്ന് കണ്ടെത്തി. അതായത്, ഒരു ജോലിയിൽ തിരിച്ചടി നേരിട്ടാൽ, രണ്ടാമത്തെ വിഷയത്തിലെ വൈദഗ്ധ്യം അവർക്ക് ഒരു ഇൻഷുറൻസ് പോലെ പ്രവർത്തിക്കുന്നു.

വിജയിക്കുന്ന കോമ്പിനേഷൻ: STEM + ഹ്യുമാനിറ്റീസ്

പലരും ഡബിൾ മേജറിനായി തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് പോലുള്ള സാങ്കേതിക വിഷയങ്ങളാണ്. ഉദാഹരണത്തിന്, വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസും ഡാറ്റാ സയൻസും ചേർന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. എന്നാൽ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയ ഒരു പുതിയ ഗവേഷണഫലം ഇതിലും വലിയൊരു 'പവർ പെയറിംഗ്' നിർദ്ദേശിക്കുന്നു: STEM വിഷയങ്ങളോ ബിസിനസ് വിഷയങ്ങളോ ഹ്യുമാനിറ്റീസ് വിഷയങ്ങളുമായി സംയോജിപ്പിക്കുക. ഉദാഹരണത്തിന്, എഞ്ചിനീയറിംഗിനൊപ്പം ഫിലോസഫി, ബയോളജിക്കൊപ്പം ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്പ്യൂട്ടർ സയൻസിനൊപ്പം ചരിത്രം. ഈ ക്രോസ്-ഡിസിപ്ലിനറി വൈദഗ്ധ്യം നേടിയ വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ ലഭിക്കാനും, റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് മേഖലകളിൽ തിളങ്ങാനും സാധ്യത കൂടുതലാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പറയുന്നത്.

കമ്പ്യൂട്ടറിൽ അങ്ങേയറ്റം ബുദ്ധിശാലികളായിട്ടും, ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനോ, ഒരു ആശയം ഫലപ്രദമായി അവതരിപ്പിക്കാനോ, വിമർശനാത്മകമായി ചിന്തിക്കാനോ കഴിവില്ലാത്ത ഉദ്യോഗാർത്ഥികളിൽ തൊഴിലുടമകൾക്ക് മടുപ്പായിത്തുടങ്ങി. ഒരുകാലത്ത് 'ഒരു വിഷയത്തിൽ മാത്രം വിദഗ്ധനാകുക' എന്നതായിരുന്നു ഉപദേശം. എന്നാൽ ഓട്ടോമേഷൻ അടിസ്ഥാന ജോലികളെ വിഴുങ്ങുകയും ആദ്യ ജോലിയിൽ നിലനിൽപ്പ് കുറയുകയും ചെയ്യുന്ന ഈ കാലത്ത്, പൊരുത്തപ്പെടാനുള്ള കഴിവിനാണ് കമ്പനികൾ പ്രാധാന്യം നൽകുന്നത്.

പലപ്പോഴും ശ്രദ്ധയില്ലാത്തവരെന്നും തിടുക്കക്കാർ എന്നുമെല്ലാം മുദ്രകുത്തപ്പെടുന്ന ജെൻ സി, ജോലിയിലെ നിയമങ്ങൾ തിരുത്തിയെഴുതുകയാണ്. അവർ ഇല്ലാത്ത ജോലികൾക്ക് വേണ്ടി മാത്രമല്ല തയ്യാറെടുക്കുന്നത്; വരാനിരിക്കുന്ന പ്രതിസന്ധികളെ മുൻകൂട്ടി കണ്ട് സ്വയം പ്രതിരോധിക്കുകയാണ് ഈ 'ഡബിൾ മേജർ ജനറേഷൻ'.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?