കൊന്നിട്ടും പക തീരാതെ: ജോർജ്ജ് ഫ്ലോയ്‍ഡിന്റെ ഓർമ്മക്കായി സ്ഥാപിച്ച പ്രതിമ വികൃതമാക്കി അജ്ഞാതൻ

By Web TeamFirst Published Oct 4, 2021, 2:27 PM IST
Highlights

അമേരിക്കയിൽ അടിമത്തം പൂർണമായും അവസാനിച്ചതിന്‍റെ സ്മരണയ്ക്കായി രണ്ടാം വിമോചന ദിനമായി അമേരിക്കക്കാർ കാണുന്ന Juneteenth അഥവാ ജൂൺ19 അവധിദിനത്തോടനുബന്ധിച്ചാണ് ബ്രൂക്ലിനിലെ ഫ്ലാറ്റ്ബഷ് അവന്യൂവിൽ പ്രതിമ അനാച്ഛാദനം ചെയ്തത്.

ന്യൂയോർക്ക് സിറ്റിയിലെ (New York City) യൂണിയൻ സ്ക്വയർ പാർക്കിൽ സ്ഥാപിച്ച ജോർജ്ജ് ഫ്ലോയിഡിന്റെ (George Floyd ) പ്രതിമ (statue) വിരൂപമാക്കി. ഞായറാഴ്ചയാണ് പ്രതിമ പെയിന്റ് എറിഞ്ഞ് വിരൂപമാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് പറയുന്നതനുസരിച്ച്, ഒരു വീഡിയോയിൽ സ്കേറ്റ്ബോർഡിൽ എത്തിയ അജ്ഞാതനായ ഒരാൾ ഏകദേശം 10 മണിയോടെ പ്രതിമയിൽ പെയിന്റ് എറിഞ്ഞ ശേഷം ഓടിപ്പോവുന്നത് കാണാമായിരുന്നു. അന്തരിച്ച കോൺഗ്രസുകാരനായ ജോൺ ലൂയിസിന്റെയും, പൊലീസിന്‍റെ വെടിയേറ്റ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബ്രിയോണ ടെയ്‌ലറുടെയും ശില്‍പങ്ങളും ഇവിടെയുണ്ടായിരുന്നു. എന്നാല്‍, അതില്‍ രണ്ടിലും കേടുപാടുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. അജ്ഞാതന്‍ അവയെ സ്‍പര്‍ശിച്ചിട്ടേ ഇല്ല. എന്നാല്‍, പ്രതിമയിൽ പെയിന്റ് എറിയുന്ന പ്രസ്‍തുത വീഡിയോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

കഴിഞ്ഞ വർഷം മിനിയാപൊളിസിൽ വച്ച് പൊലീസിനാലാണ് ജോര്‍ജ്ജ് ഫ്ലോയ്‍ഡ് കൊല്ലപ്പെടുന്നത്. ഇതേ തുടര്‍ന്ന് 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' എന്ന പേരില്‍ വലിയ പ്രതിഷേധം തന്നെ ഉണ്ടായിരുന്നു. എന്നാല്‍, ഫ്ലോയ്‍ഡിന്‍റെ ശില്‍പം ആക്രമിക്കപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. 

അമേരിക്കയിൽ അടിമത്തം പൂർണമായും അവസാനിച്ചതിന്‍റെ സ്മരണയ്ക്കായി രണ്ടാം വിമോചന ദിനമായി അമേരിക്കക്കാർ കാണുന്ന Juneteenth അഥവാ ജൂൺ19 അവധിദിനത്തോടനുബന്ധിച്ചാണ് ബ്രൂക്ലിനിലെ ഫ്ലാറ്റ്ബഷ് അവന്യൂവിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍, അനാച്ഛാദനം ചെയ്‍ത് അഞ്ച് ദിവസത്തിന് ശേഷം കറുത്ത പെയിന്റ് ഉപയോഗിച്ച് അത് നശിപ്പിക്കുകയും വൈറ്റ് സുപ്രിമസിസ്റ്റ് ഗ്രൂപ്പിന്‍റെ ലോഗോ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രതിമ സ്ഥാപിച്ച ഗ്രൂപ്പിലെ അംഗങ്ങൾ ഇത് വൃത്തിയാക്കി, പിന്നീട് ജൂലൈയിൽ പ്രദേശവാസികളും ഫ്ലോയിഡിന്റെ ഒരു സഹോദരനും ഒത്തുകൂടി മാൻഹട്ടന്റെ ഹൃദയഭാഗത്തുള്ള യൂണിയൻ സ്ക്വയറിലേക്ക് പ്രതിമ മാറ്റുകയായിരുന്നു. അവിടെ നിന്നുമാണ് വീണ്ടും പ്രതിമയ്ക്ക് നേരെ ആക്രമമുണ്ടായിരിക്കുന്നത്. 
 

click me!