
യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ (Yellowstone park) ഒരു സ്ത്രീ കരടിയുടെയും കരടിക്കുഞ്ഞുങ്ങളുടെയും തൊട്ടടുത്തുപോയി. അവിടെനിന്നും മാറാന്‍ വിസമ്മതിക്കുകയും ചെയ്തു. സ്ത്രീക്കെതിരെ കേസ്(case) എടുത്ത് നാല് ദിവസത്തേക്ക് ജയിലിലടച്ചിരിക്കുകയാണ് (jail). ഇല്ലിനോയിയിൽ നിന്നുള്ള സാമന്ത ഡെറിംഗ് എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് ജയിലിൽ അടച്ചത്. 100 യാർഡിനുള്ളിൽ വന്യജീവികളെ മനപ്പൂർവ്വം വളരെ അടുത്ത് സമീപിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു എന്ന കുറ്റം അവർ സമ്മതിച്ചു. മെയ് മാസത്തിലാണ് സംഭവം നടന്നത്.
മറ്റ് സന്ദർശകർ അവരുടെ കാറുകളിലേക്ക് പിൻവാങ്ങുമ്പോൾ ഡെറിംഗ് കരടിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ഫോട്ടോകൾ എടുക്കുന്നതായി ഒരു വീഡിയോ വ്യക്തമാക്കുന്നു. കരടി അവളുടെ പെരുമാറ്റത്തില്‍ അസ്വസ്ഥമാവുകയും ചെയ്‍തു. വിശാലമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിലേക്കുള്ള സന്ദർശകർക്ക് കരടിയുടെ 100 യാർഡിനുള്ളിൽ കയറുന്നതിനോ കരടിയ്ക്ക് ഭക്ഷണം നൽകുന്നതിനോ ചിത്രമെടുക്കാൻ അതിനെ സമീപിക്കുന്നതിനോ അനുവാദമില്ല.
ജയിൽ ശിക്ഷയ്ക്ക് പുറമേ, 1,000 ഡോളർ പിഴയും 1,000 ഡോളർ കമ്മ്യൂണിറ്റി സർവീസ് പേയ്‌മെന്റും വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് നൽകാനും ഡെറിംഗിനോട് ഉത്തരവിട്ടതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. വ്യോമിംഗ്, ഐഡഹോ, മൊണ്ടാന എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന യെല്ലോസ്റ്റോണിൽ നിന്നും അവളെ ഒരു വർഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.
'അതൊരു മൃഗശാല അല്ല. നാഷണല്‍ പാര്‍ക്കാണ്. അതിനാല്‍ മൃഗങ്ങള്‍ എപ്പോള്‍ എങ്ങനെ അടുത്ത് വരും
എങ്ങനെ പ്രതികരിക്കും എന്ന് പറയാനാവില്ല' എന്ന് യുഎസ് അറ്റോര്‍ണി ബോബ് മുറേ പറഞ്ഞു. കുഞ്ഞുങ്ങളുള്ള കരടിയുടെ അടുത്ത് പോകുന്നത് അങ്ങേയറ്റത്തെ വിഡ്ഢിത്തമാണ്. ഡെറിംഗ് ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ് എന്നും മുറേ പറയുന്നു.
ഗ്രിസ്ലി കരടികൾ സാധാരണയായി ആളുകളുമായുള്ള ഇടപെടൽ ഒഴിവാക്കുന്നവയാണ്. എന്നിരുന്നാലും ഭക്ഷണം ലഭ്യമാണെങ്കിലോ ഭീഷണി ഉണ്ടെന്ന് തോന്നുകയാണെങ്കിലോ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുമായി പോകുമ്പോള്‍ മാത്രമാണ് അവ മനുഷ്യരുടെ അടുത്തേക്ക് വരുന്നത്. മില്ല്യണ്‍ കണക്കിന് സന്ദര്‍ശകരെത്തുന്ന ഇടമാണ് യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്.