'അയ്യോ, അതെന്റെ മുത്തശ്ശിയാണ്'; ടിവി പരിപാടിക്കിടെ അപ്രതീക്ഷിതമായി മുത്തശ്ശിയെ തിരിച്ചറിഞ്ഞ് കൊച്ചുമകൾ

By Web TeamFirst Published Nov 24, 2020, 3:56 PM IST
Highlights

പുസ്തകത്തില്‍ സൈനികരുടെ വിവരങ്ങളും യൂണിറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് ബുള്ളറിനുള്ള സന്ദേശങ്ങളാണ്, അതില്‍ ചിലത് നര്‍മ്മം കലര്‍ന്നതാണെങ്കില്‍ ചിലത് വിശദമായവയാണ്.

നമ്മുടെ മുൻതലമുറകളിൽ പെട്ടവർക്ക് ഒരുപക്ഷേ നമുക്കറിയാവുന്നതിലും അധികമായി എത്രയോ അനുഭവങ്ങളുണ്ടാവും. ഇവിടെ ഒരു കൊച്ചുമകൾ ഇങ്ങനെ തന്റെ മുത്തശ്ശിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികർക്കിടയിൽ സേവനമനുഷ്ടിച്ചിരുന്ന നഴ്‌സിനെയാണ് കൊച്ചുമകള്‍ ടിവി പരിപാടിക്കിടെ തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ടെലവിഷന്‍ ഷോയായ ആന്റിക്കീസ് റോഡ്‌ഷോയില്‍ ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് മുത്തശ്ശിയെ കൊച്ചുമകൾ തിരിച്ചറിയുന്നത്. ഇംഗ്ലീഷ് ഹെറിറ്റേജിന്റെ ഭാഗമായി റെസ്റ്റ് പാര്‍ക്കിലെ നഴ്‌സുമാരുടെ ചിത്രങ്ങള്‍ 2018 -ലാണ് ആദ്യമായി പരിപാടിയിൽ കാണിച്ചത്. ആരെങ്കിലും ഇവരെ തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ചിത്രങ്ങള്‍ കാണിച്ചത്. എന്നാല്‍, അന്ന് അവര്‍ തിരിച്ചറിയപ്പെടുകയുണ്ടായില്ല. ആ നഴ്‌സുമാരിലൊരാളായിരുന്നു ഒലിവ് ബുള്ളർ.

1916 -ല്‍ തീപ്പിടിത്തത്തില്‍ നശിക്കുന്നത് വരെ ഒലിവ് അവിടെ സൈനികര്‍ക്കിടയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്നു. കൊച്ചുമകളായ കരോള്‍ ജെഫ്‌സണാണ് മുത്തശ്ശിയെ തിരിച്ചറിഞ്ഞത്. ആന്റിക്കീസ് റോഡ്‌ഷോയുടെ പുനസംപ്രേഷണം കണ്ടപ്പോഴാണ് കാനഡയിലുള്ള വീട്ടിലിരുന്ന് കരോള്‍ തന്റെ മുത്തശ്ശിയെ തിരിച്ചറിഞ്ഞതെന്നാണ് കരുതുന്നത്. 'കൃത്യസമയത്ത് ആ പരിപാടി കാണാനായതില്‍ സന്തോഷമുണ്ട്. റെസ്റ്റ് പാര്‍ക്കിന്റെ ചരിത്രത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഒന്നാം ലോക മഹായുദ്ധ സമയത്ത് സേവനമനുഷ്ടിച്ച നഴ്‌സുമാരുടെ ചിത്രങ്ങള്‍ കാണിച്ചത്. അക്കൂട്ടത്തില്‍ മുത്തശ്ശിയായ ഒലിവ് ബള്ളറിന്റെ ചിത്രങ്ങള്‍ കാണിച്ചത് ആകസ്മികമായിരുന്നു' കരോള്‍ പറയുകയുണ്ടായി.

കരോളിന്റെ കയ്യിലും മുത്തശ്ശിയുടെ അതേ ചിത്രം തന്നെ ഉണ്ടായിരുന്നു. അതിനാലാണ് പെട്ടെന്ന് തന്നെ നഴ്‌സുമാരുടെ കൂട്ടത്തില്‍ ഒലിവിനെ തിരിച്ചറിയാനായത്. മുത്തശ്ശിയുടെയും കൂടെയുള്ള നഴ്‌സുമാരുടെയും ചിത്രങ്ങള്‍ ചരിത്രസൂക്ഷിപ്പുകളുടെ ഭാഗമായതിലും അവരെ തിരിച്ചറിയാനാവുന്നതിലും സന്തോഷമുണ്ടെന്നും കരോള്‍ പ്രതികരിക്കുന്നു. ഒലിവിന്റെ ഓട്ടോഗ്രാഫ് ബുക്ക് അടക്കം സ്വകാര്യവസ്തുക്കള്‍ പങ്കുവയ്ക്കാന്‍ കരോള്‍ തയ്യാറാണ്. 

പുസ്തകത്തില്‍ സൈനികരുടെ വിവരങ്ങളും യൂണിറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് ബുള്ളറിനുള്ള സന്ദേശങ്ങളാണ്, അതില്‍ ചിലത് നര്‍മ്മം കലര്‍ന്നതാണെങ്കില്‍ ചിലത് വിശദമായവയാണ്. കരോളിന്റെ കയ്യില്‍ മുത്തശ്ശിയുടെ കയ്യിലുണ്ടായിരുന്ന മറ്റ് ചില ചിത്രങ്ങള്‍ കൂടിയുണ്ട്. അതില്‍, ആംബുലന്‍സില്‍നിന്നും സൈനികരെ ഇറക്കുന്നതും, ഡോക്ടര്‍മാര്‍ കാര്‍ഡ് കളിക്കുന്നതുമെല്ലാം കാണാം. ഏതായാലും ഒലിവിനെ തിരിച്ചറിഞ്ഞത് മറ്റ് യുദ്ധകാലനഴ്‌സുമാരെ തിരിച്ചറിയുന്നതിലേക്കും നയിച്ചിട്ടുണ്ട്. 

ഈ നഴ്‌സുമാരെയൊന്നും സംബന്ധിച്ച് ഔദ്യോഗികരേഖകള്‍ ലഭ്യമായിരുന്നില്ല. പലരും ആരായിരുന്നുവെന്നത് തിരിച്ചറിയപ്പെടാതെ നിഗൂഢതയായി അവശേഷിക്കുകയായിരുന്നു. എന്നാല്‍, ഒലിവിനെ തിരിച്ചറിഞ്ഞ് കരോള്‍ വന്നതോടെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെസ്റ്റ് പാര്‍ക്ക്. ഇംഗ്ലീഷ് ഹെറിറ്റേജ് ലീഡ് പ്രോപ്പർട്ടീസ് ചരിത്രകാരനായ ആൻഡ്രൂ ഹാൻ പറഞ്ഞത് 'ഈ സ്ത്രീകൾ ആശുപത്രിയുടെ നട്ടെല്ലായിരുന്നു, യുദ്ധകാല പ്രവർത്തനങ്ങളിൽ നിർണായക ഭാഗമായിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുക മാത്രമല്ല, യുദ്ധത്തിന്റെ ഭീകരതയിൽ തകർന്നുപോയ സൈനികർക്ക് ആശ്വാസമേകുക കൂടിയായിരുന്നു അവർ' എന്നാണ്. ഏതായാലും മുത്തശ്ശിയെ തിരിച്ചറിയാനായതിലും അവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ കഴിഞ്ഞതിലും സന്തോഷത്തിലാണ് കരോൾ. 
 

click me!