മുതുമുത്തച്ഛൻ, മുത്തച്ഛൻ, അച്ഛൻ, ഇതാ ഇപ്പോൾ മകനും ആത്മഹത്യ ചെയ്തിരിക്കുന്നു - എല്ലാവരും ജീവനൊടുക്കിയത് ഒരേ കാരണത്താൽ..!

By Web TeamFirst Published Sep 12, 2019, 3:22 PM IST
Highlights

പഞ്ചാബ് സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന പദ്ധതി പ്രഖ്യാപിച്ചതിനു ശേഷവും അറുപതിലധികം ആത്മഹത്യകൾ നടന്നിട്ടുണ്ട് എന്നത് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളുടെ വ്യക്തമായ ലക്ഷണമാണ്. 
 

കർഷകന്റെ സന്തതസഹചാരിയായി കടം മാറിയിട്ട് ദശാബ്ദങ്ങളായി. മാറിമാറിവരുന്ന ഗവൺമെന്റുകൾ ഇടയ്ക്കിടെ ഒറ്റപ്പെട്ട എഴുതിത്തള്ളലുകൾ നടത്തും. ചിലർക്ക് അതുകൊണ്ട് ഗുണം കിട്ടും ചിലർക്ക് കിട്ടിയെന്നുവരില്ല. പഞ്ചാബിലെ ബർണാലയിൽ ഭേട്‌നാ ഗ്രാമത്തിൽ നിന്ന് ഏറ്റവും ഒടുവിലായി ഒരു യുവ കർഷകന്റെ ആത്മഹത്യാവാർത്ത പുറത്തുവന്നു. മരിച്ചത് ഇരുപത്തിരണ്ടുകാരനായ ലവ്പ്രീത് സിങ്ങ്. കടം മൂത്ത് ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് അയാൾ ജീവനൊടുക്കാൻ തീരുമാനിച്ചത്. പഞ്ചാബ് സർക്കാരിന്റെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന പദ്ധതിപ്രകാരം അഞ്ചുലക്ഷം വരെയുള്ള കടങ്ങൾ മാപ്പാക്കും എന്നാണ്. എന്നാൽ ലവ്‍പ്രീതിന് ആകെ ഒഴിവാക്കിക്കിട്ടിയത് 57,000  ന്റെ കടബാധ്യതകളാണ്. അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്ക് അറുതിവരില്ലായിരുന്നു. 

ഒഴിവാക്കിയത് കൂടാതെ പലിശക്കാരിൽ നിന്ന് പലപ്പോഴായി എടുത്ത ആറുലക്ഷം. ബാങ്കിൽ നിന്നെടുത്ത രണ്ടുലക്ഷം. അങ്ങനെ ആകെ എട്ടുലക്ഷത്തി അമ്പത്തേഴായിരം  രൂപയുടെ കടങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇത് അയാൾ ഒറ്റയ്ക്കുണ്ടാക്കിയ കടമല്ല. തലമുറകളായി കൈമറിഞ്ഞുവന്നതാണ്. ഈ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടത്തെ ആണുങ്ങളെല്ലാം തന്നെ മരിച്ചുപോയിട്ടുള്ളത് അവരുടെ നല്ല പ്രായത്തിൽ ആത്മഹത്യ ചെയ്തിട്ടാണ്. അദ്ദേഹത്തിന്റെ  മുതുമുത്തച്ഛൻ, മുത്തച്ഛൻ, അച്ഛൻ, ഇതാ ഇപ്പോൾ മകനും ആത്മഹത്യ ചെയ്തിരിക്കുന്നു - അവരൊക്കെയും ജീവനൊടുക്കിയത് ഒരേ കാരണത്താലാണ്. കടം. പെരുകിപ്പെരുകി വന്ന കടം. ഒരിക്കലും വീട്ടിത്തീരാത്ത കടം.

അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയ കടം താൻ വീട്ടും എന്ന് അമ്മ ഹർപാലിന്‌ വാക്കും കൊടുത്ത് അഞ്ചേക്കർ സ്ഥലവും ലീസിനെടുത്താണ്  ലവ്പ്രീത് സിങ്ങ് കൃഷിപ്പണിക്കിറങ്ങിയത്. എന്നാൽ കൃഷി ആകെ നഷ്ടത്തിലാണ് കലാശിച്ചത്. പാടത്ത് അച്ഛനെ സഹായിക്കാൻ മറ്റാരും തന്നെ ഇല്ലാതിരുന്നതുകൊണ്ട് പന്ത്രണ്ടാം ക്ലാസ്സിൽ വെച്ച് പഠിത്തം നിർത്തേണ്ടി വന്നിരുന്നു ലവ്പ്രീതിന്. രാത്രികാലങ്ങളിൽ ടാക്സി ഓടിച്ചും മറ്റുമാണ് തന്റെ കുടുംബം പോറ്റിയിരുന്നതും, പോക്കറ്റുമണിക്കുള്ള വക കണ്ടെത്തിയിരുന്നതും.  

കുടുംബത്തിലെ ആത്മഹത്യകളുടെ ചരിത്രം തുടങ്ങുന്നത് നാല്പതുകൊല്ലം മുമ്പാണ്. അന്നാണ്, ലവ്പ്രീതിന്റെ മുതുമുത്തച്ഛൻ ജോഗിദാർ സിങ്ങ് കടം മൂത്ത് ആത്മാഹുതി ചെയ്തു. അതിനു ശേഷം 1994-ൽ അപ്പൂപ്പൻ നഹർ സിങ്ങ് ആത്മഹത്യ ചെയ്യുന്നു. 2018  അവസാനത്തോടെ കടക്കെണിയിൽ നിന്ന് പുറത്തുകടക്കാനാകാതെ അച്ഛൻ കുൽവന്ത് സിങ്ങും ജീവനൊടുക്കി. ഇപ്പോൾ ഏറ്റവുമൊടുക്കം, ഇന്നലെ രാത്രി കീടനാശിനി കഴിച്ച് ലവ്പ്രീത് സിങ്ങും ആത്മാഹുതി ചെയ്തതോടെ ആ  തലമുറയിൽ അവശേഷിച്ചിരുന്ന അവസാന ആൺതരിയും മണ്ണടിഞ്ഞു. കടം വീട്ടാനാവാഞ്ഞതിന്റയും മൂത്ത ചേച്ചിയുടെ വിവാഹം നടത്താനാവാത്തതും ഒക്കെ ചേർന്ന് ലവ്പ്രീത് കടുത്ത വിഷാദത്തിലായിരുന്നു എന്ന് അമ്മ ഹർപാൽ പോലീസിനോട് പറഞ്ഞു. 

കൃഷിഭൂമിയായി പത്തുപന്ത്രണ്ടോളം ഏക്കർ സ്ഥലമുണ്ടായിരുന്ന സിങ്ങ് കുടുംബത്തിന്റെ കൃഷിഭൂമി ഇപ്പോൾ കടം വീട്ടാൻ വിറ്റുവിറ്റ് വെറും ഒരേക്കറിൽ താഴെയായി മാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പഞ്ചാബ് സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന പദ്ധതി പ്രഖ്യാപിച്ചതിനു ശേഷവും അറുപതിലധികം ആത്മഹത്യകൾ നടന്നിട്ടുണ്ട് എന്നത് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളുടെ വ്യക്തമായ ലക്ഷണമാണ്. 

click me!