തിമിര പരിശോധനാക്യാമ്പ്, അനുസരണയോടെ ആനകൾ, സംരക്ഷണകേന്ദ്രത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Jun 22, 2023, 12:25 PM IST
തിമിര പരിശോധനാക്യാമ്പ്, അനുസരണയോടെ ആനകൾ, സംരക്ഷണകേന്ദ്രത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

Synopsis

വിദഗ്ദസംഘത്തിന്റെ പ്രവർത്തനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി പ്രശംസിച്ചു. വന്യജീവികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഇത്തരം ആരോഗ്യ പരിശോധനാ ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വനപാലകർക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നും നെറ്റിസൺസ് പ്രതികരിച്ചു.

കാട്ടിലെ കൊമ്പനാണെങ്കിലും നാട്ടിൽ ഏറെ ആരാധകരുള്ള ജീവിയാണ് ആന. അതുകൊണ്ട് തന്നെ അവയുടെ ആരോഗ്യ പരിപാലനത്തിലും മറ്റും പ്രത്യേകമായ ഇടപെടലുകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ആനകൾക്കായി വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള ഒരു സംഘം നടത്തിയ പ്രത്യേക ആരോഗ്യ പരിശോധന ക്യാമ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ് ഈ പരിശോധനാ ക്യാമ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഡോക്ടർമാർ പരിശോധിക്കുമ്പോൾ അനുസരണയുള്ള കുട്ടികളെപ്പോലെ അടങ്ങി കിടക്കുന്ന ആനകളുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ആകർഷിച്ചത്.

ചിത്രങ്ങൾക്കൊപ്പം ആരോഗ്യ പരിശോധനാ ക്യാമ്പിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ട്വീറ്റും സുപ്രിയ സാഹു പങ്കുവെച്ചിരുന്നു. ആനകളുടെ ആരോഗ്യവും ചൈതന്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്  ഈ സംരംഭം എന്നാണ് ട്വീറ്റിൽ സുപ്രിയ സാഹു കുറിച്ചത്. ആനകളുടെ തിമിരം പരിശോധിച്ച് കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിനുള്ള ശ്രമങ്ങളാണ് വിദഗ്ദസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയതെന്നും അവർ പറഞ്ഞു. ആനമല കടുവാ സങ്കേതത്തിലെ  കോഴിക്കമുടി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടത്തിയത്

വിദഗ്ദസംഘത്തിന്റെ പ്രവർത്തനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി പ്രശംസിച്ചു. വന്യജീവികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഇത്തരം ആരോഗ്യ പരിശോധനാ ക്യാമ്പുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന വനപാലകർക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നും നെറ്റിസൺസ് പ്രതികരിച്ചു.

ആനകളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ഇവിടം കേന്ദ്രീകരിച്ച് ഇപ്പോൾ നടത്തി വരുന്നത്. ഈ വർഷം ആദ്യം കർണാടക കോളറയിലെ കജികല്ലഹള്ളിയിൽ ആന സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, എൻജിഒ, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.  നിരാലംബരായ ആനകൾക്കും വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും മറ്റ് രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ആനകൾക്കും പ്രത്യേക പരിചരണം നൽകുന്നതിനായാണ് ഈ കേന്ദ്രം.

നിലവിൽ, ഈ കേന്ദ്രത്തിൽ ദുർഗ, അനീഷ, ഗൗരി, ജാനുമണി എന്നീ നാല് പിടിയാനകളാണ് ഉള്ളത്. ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നതിനായി ഈ ആനകളെ ബെംഗളൂരു, തൂത്തുകോണം, നഞ്ചനഗഡ്, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ചതാണ്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ