
പൊതുവേ ഇന്ത്യക്കാർ വിവര സാങ്കേതികവിദ്യയിലും ഗണിതത്തിലും മിടുക്കരാണ് എന്നാണ് ധാരണ. എന്നാൽ, ഒരു റിക്രൂട്ടിംഗ് മാനേജർ റെഡ്ഡിറ്റിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സാങ്കേതിക അഭിമുഖങ്ങളിൽ ഇന്ത്യൻ ഡെവലപ്പർമാരാണ് ഏറ്റവും കൂടുതൽ കോപ്പിയടിക്കുന്നതെന്നാണ് മാനേജരുടെ വാദം. ലോകമെമ്പാടുമുള്ള 80 -ലധികം ഡെവലപ്പർമാരെ അഭിമുഖം ചെയ്തതിൽ നിന്നും താൻ ഒരു സ്ഥിരം പാറ്റേൺ നിരീക്ഷിച്ചു എന്നാണ് മാനേജർ പറയുന്നത്. മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യൻ ഉദ്യോഗാർത്ഥികളാണ് ഏറ്റവും കൂടുതൽ അഭിമുഖത്തിനെത്തിയത്. എന്നാൽ, ഇവരിൽ ചിലർ കൃത്യമായും വ്യക്തമായും കോപ്പിയടിക്കാൻ ശ്രമിക്കുന്നത് കണ്ടെത്തി എന്നും അദ്ദേഹം പറയുന്നു.
മാനേജരുടെ അഭിപ്രായത്തിൽ കള്ളത്തരം കാണിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ ഒരു ഇന്ത്യൻ ഉദ്യോഗാർത്ഥി മികച്ച പ്രകടനം കാഴ്ചവെച്ചാൽ പോലും ഉടൻ തന്നെ അവർ കോപ്പിയടിച്ചതായി കണക്കാക്കപ്പെടുന്നു. ഈ നടപടി ആഗോളതലത്തിൽ ഇന്ത്യൻ ഡെവലപ്പർമാർക്ക് നാണക്കേട് ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു. എന്നാൽ, ഇദ്ദേഹത്തിൻറെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. വെറും 80 പേരെ മാത്രം അഭിമുഖം ചെയ്ത മാനേജർ ഈ ചെറിയ സാമ്പിളുകളിൽ നിന്ന് ഒരു രാജ്യത്തെ മുഴുവൻ തൊഴിൽ മര്യാദയും വിലയിരുത്താൻ ശ്രമിച്ചത് ശരിയായ നടപടി അല്ലെന്ന് വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ, മാനേജരുടെ വിലയിരുത്തലുകളെ പിന്തുണച്ചും ചിലർ രംഗത്തെത്തി . പ്രശ്നം സാങ്കേതിക അഭിമുഖങ്ങൾക്കെത്തിയ ഉദ്യോഗാർത്ഥികളുടേതല്ല, മറിച്ച് റിക്രൂട്ട്മെന്റ് രീതികളുടേതാണെന്ന് ഒരു കമന്റിൽ അഭിപ്രായം ഉയർന്നു. എന്തായാലും മാനേജരുടെ അഭിപ്രായപ്രകടനങ്ങൾക്ക് ശേഷം നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അഭിമുഖപ്രക്രിയയിൽ പരിഷ്കരണം ആവശ്യമുണ്ടോ, സാങ്കേതിക അഭിമുഖങ്ങളിൽ കോപ്പിയടി നടക്കുന്നുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ ചർച്ചയായി.