ഹോങ്കോങ്, ചിലി, ലെബനൻ - മൂന്നു പ്രതിഷേധ സമരങ്ങൾ, മൂന്നിലും നിറയുന്നത് ഒരേ ആവേശം

By Web TeamFirst Published Oct 26, 2019, 11:11 AM IST
Highlights

ഈ പ്രതിഷേധങ്ങളെല്ലാം തന്നെ ഭരണവർഗത്തോട് പറയുന്നത് ഒരേയൊരു കാര്യമാണ്, ' പോരാ..! നിങ്ങളുടെ ഭരണം ഒട്ടും പോരാ..! "

ഹോങ്കോങ്, ചിലി, ലെബനൻ - അടുത്തിടെ നടന്ന ഏതാണ്ട് എല്ലാ പ്രക്ഷോഭങ്ങൾക്കും സാമാന്യമായ  ഒന്നുണ്ട്. ഒക്കെ തുടങ്ങുന്നത് നേരിയൊരു പ്രകോപനത്തിന്റെ പേരിലാണ്. ഹോങ്കോങ്ങിൽ അത് ഒരു ചൈനയുയിലേക്കുള്ള കുറ്റവാളി കൈമാറ്റത്തിനുള്ള ബിൽ ആണ്. ചിലിയിൽ മെട്രോ യാത്രക്കൂലി കൂട്ടിയതാണ്. ലെബനനിൽ വാട്ട്സ്ആപ്പ് കോളുകൾക്ക് നികുതി ചുമത്താൻ തീരുമാനിച്ചതും. എന്നാൽ, ആ നേരിയ പ്രകോപനങ്ങൾ തുടക്കമിട്ട പ്രക്ഷോഭങ്ങൾ ഒരു ദിവസം കൊണ്ട് കെട്ടടങ്ങിയില്ല. അവ കൂടുതൽ വലിയ സമരങ്ങളിലേക്ക് അതാത് രാജ്യങ്ങളെ നയിച്ചു. സമരത്തിനായി ഒന്നിച്ചവർ പിന്നെ ശബ്ദമുയർത്തിയത് നാട്ടിൽ കൊടികുത്തിവാഴുന്ന അസമത്വത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും ഒക്കെ എതിരേയായിരുന്നു. അനുദിനം തകർന്നുകൊണ്ടിരുന്ന രാജ്യത്തെ സാമ്പത്തികവ്യവസ്ഥയുടെ പേരും പറഞ്ഞായിരുന്നു. തൊഴിലില്ലാതെ വലയുന്ന തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടിയായി പിന്നെ ആ പ്രതിഷേധങ്ങൾ. അവ ഭരണവർഗത്തോട് പറയുന്നത് ഒരേയൊരു കാര്യമാണ്, ' പോരാ..! നിങ്ങളുടെ ഭരണം ഒട്ടും പോരാ..! "

തങ്ങളെ ഭരിക്കുന്നവർ അടിച്ചേൽപ്പിക്കുന്ന സാമാന്യബുദ്ധിക്ക് നിരക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളെ പ്രബുദ്ധരായ ജനസാമാന്യം തള്ളിക്കളയുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. "ഇത്തരത്തിൽ ഒരു തരി കനൽ വലിയൊരു തീജ്വാലയായി വളരണമെങ്കിൽ ജനങ്ങൾക്കിടയിൽ നേതാക്കളെപ്രതി അത്രയുമധികം അസംതൃപ്തിയുണ്ടായിരുന്നിരിക്കണം. അത്രക്ക് അവിശ്വാസം വളർന്നിട്ടുണ്ടാകണം അവരുടെ മനസ്സുകളിൽ. അത്രക്ക് കടുത്ത സങ്കടങ്ങൾ അവർ അനുഭവിക്കുന്നുണ്ടായിരുന്നിരിക്കണം" ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ മിഡിൽ ഈസ്റ്റ് ഹിസ്റ്ററി പ്രൊഫസറായ ജോൺ ഷാൽക്രാഫ്റ്റ് സിഎൻഎന്നിനോട് പറഞ്ഞു.

ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളുടെയെല്ലാം മുൻനിരയിൽ വിദ്യാർത്ഥികളാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ചിലിയിൽ മെട്രോ യാത്രക്കൂലി വർദ്ധിപ്പിച്ചപ്പോൾ പതിനായിരക്കണക്കിന് വിദ്യാർഥികൾ 'കള്ളവണ്ടി' സമരവുമായി മെട്രോയിൽ കയറിയിറങ്ങി. സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇത് കേവലം ഒരു മെട്രോ യാത്രക്കൂലി കൂടിയതിനോടുള്ള പ്രതികരണമല്ല, മറിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി ഏറി വരുന്ന ജീവിതച്ചെലവുകളോടുള്ള പ്രതിഷേധമാണ്. എന്നാൽ, വിദ്യാർത്ഥികൾക്ക് മാത്രമായി ഇത്ര വലിയ പ്രക്ഷോഭങ്ങൾ, അതും ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സാധ്യമല്ല. അതിന് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പിന്തുണകൂടി വേണം. ലബനനിൽ  കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നടന്നുവരുന്ന പ്രക്ഷോഭം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നാണ്. ബാഴ്സലോണയിലും, കാറ്റലോണിയയിലും നടന്നതും മറ്റൊന്നല്ല. ഈ റാലികളിൽ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നടക്കുന്ന സമാന പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള റെഫറൻസുകളും, എൻക്രിപ്റ്റഡ് ശൈലിയിലെങ്കിലും ദൃശ്യമാണ്.

ഈ സമരങ്ങളൊക്കെയും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ലെബണനിൽ സമരം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ വാട്ട്സാപ്പ് കോളുകൾക്കുള്ള നികുതി പിൻവലിച്ചു. ഹോങ്കോങ്ങിൽ മാസങ്ങളായി നടക്കുന്ന സമരത്തിനൊടുവിൽ കുറ്റവാളി കൈമാറ്റ ബിൽ വേണ്ടെന്നു വെച്ചിരിക്കുകയാണ്.

 എന്നാൽ ചിലി അതിനൊരു അപവാദമായി തുടരുന്നു. പോലീസും പട്ടാളവും ചേർന്ന് സാന്റിയാഗോയുടെ തെരുവുകളിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നത് തുടരുകയാണ്. തൊണ്ണൂറുകളിൽ പിനോഷെ എന്ന സ്വേച്ഛാധിപത്യ നടത്തിയ നരനായാട്ടിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഇന്ന് ചിലിയിൽ നടക്കുന്നത്. മറ്റുള്ളിടങ്ങളിലെപ്പോലെ സമാധാനപൂർണമായി തുടങ്ങിയ ചിലിയിലെ പ്രതിഷേധങ്ങൾ പൊലീസിന്റെയും പട്ടാളത്തിന്റെയും അടിച്ചമർത്തൽ ഭ്രമത്തോടെ അക്രമങ്ങളിലേക്ക് വഴുതിവീണുകഴിഞ്ഞു. ചിലിയിൽ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കപ്പെട്ടു. പൊലീസും പട്ടാളവും സമരക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഇന്നുവരെ പതിനെട്ടിലധികം പേർ ചിലിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ചിലിയിൽ വർഷങ്ങളായി ജനങ്ങളുടെ മനസ്സുകളിൽ നിറഞ്ഞുവന്നുകൊണ്ടിരുന്ന അസംതൃപ്തി ഇപ്പോൾ പുറത്തുചാടി എന്നേയുള്ളൂ. മെട്രോ ചാർജ്ജ് വർധന പിൻവലിച്ച പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ മാപ്പും പറഞ്ഞുകഴിഞ്ഞു. സാമൂഹിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കും എന്നൊരു വാഗ്ദാനവും അദ്ദേഹം നടത്തിക്കഴിഞ്ഞു.

ലെബണനിൽ സമരങ്ങൾ വാട്ട്സ്ആപ്പ് വോയ്‌സ് കോളുകൾക്ക് മേൽ ചുമത്തിയ 20  സെന്റ്സ്/ ദിവസം എന്ന നികുതിക്കെതിരെ ആയിരുന്നെങ്കിലും, അത് ഗവണ്മെന്റിനെതിരെയുള്ള ഒരു പ്രതിഷേധപ്രകടനം കൂടി ആയിരുന്നു. 2005ന്  ശേഷം ഇപ്പോഴാണ് ഇത്ര വലിയൊരു സമരം രാജ്യത്ത് അരങ്ങേറുന്നത്. വോയ്‌സ് കോളിന്റെ ടാക്‌സിനെതിരെ തുടങ്ങിയ സമരം വളരെ പെട്ടെന്ന് തന്നെ രാജ്യം ഭരിക്കുന്നവരെ താഴെയിറക്കാനുള്ള സമരമായി പരിണമിച്ചു. സമരക്കാരുടെ ആവശ്യങ്ങളിൽ പലതും അംഗീകരിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളങ്ങൾ വെട്ടിക്കുറച്ചും, ബാങ്കുകൾക്ക് മേൽ കനത്ത നികുതി ചുമത്തിയും, കൂടുതൽ ചെലവുചുരുക്കൽ നയങ്ങൾ പ്രഖ്യാപിച്ചും മറ്റുള്ള റാഡിക്കൽ ആയ നയങ്ങൾ കൊണ്ടുവന്നും പ്രക്ഷോഭകരെ സാന്ത്വനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗവണ്മെന്റ് തുടരുകയാണ് ലബനനിൽ. ഏറെ നാളായി ക്രോണി കാപിറ്റലിസത്തിന്റെ വളർച്ചയിൽ അസംതൃപ്തരാണിവിടത്തെ ജനങ്ങൾ. അവരെ പതിറ്റാണ്ടുകളായി അവഗണിച്ചതിനുള്ള വിലയാണ് ഇപ്പോൾ അവിടത്തെ ഭരണാധികാരികൾ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. ജോക്കർ മാസ്കുകളും ധരിച്ച് തങ്ങളുടെ മുഖം മറച്ചുകൊണ്ടാണ് പല പ്രക്ഷോഭകരും തെരുവിലിറങ്ങിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.  

ഹോങ്കോങ്ങിൽ മാർച്ചിൽ തുടങ്ങിയ സമരം ഒന്ന് കാറ്റുപിടിച്ചത് ജൂണോടെയാണ്. ഇങ്ങനെ ഇത്ര അക്രമാസക്തമായ ഒരു പ്രതിഷേധം ഹോങ്കോങ്ങുകാരിൽ നിന്നുണ്ടായിരുന്നില്ല എങ്കിൽ ചൈന നിഷ്പ്രയാസം തങ്ങളുടെ അജണ്ട ഹോങ്കോങ്ങിൽ നടപ്പിലാക്കിയേനെ. എന്നാൽ, തങ്ങൾക്ക് ജനാധിപത്യം വേണെമെന്ന് ഉറക്കെ പ്രക്ഷ്യാപിച്ചുകൊണ്ട് ഹോങ്കോങ്ങുകാർ വലിയൊരു സന്ദേശം തന്നെയാണ് ലോകത്തിന് നൽകിയിരിക്കുന്നത്. സെപ്തംബറോടെ കാരി ലാം എന്ന ഹോങ്കോങ് ഭരണാധികാരി, താൻ മുന്നോട്ടുവെച്ച എക്സ്ട്രഡിഷൻ ബിൽ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. സാങ്കേതികമായി ചൈന എന്ന രാജ്യത്തിൻറെ ഭാഗം തന്നെയാണ് ഹോങ്കോങ് എങ്കിലും, മെയിൻലാൻഡ് ചൈനയിലേതിൽ നിന്ന് വ്യതിരിക്തമായ ഒരു സവിശേഷ ഹോങ്കോങ് അസ്തിത്വം അവിടുത്തുകാർ ആഗ്രഹിക്കുന്നുണ്ട്. അത് കളഞ്ഞുകുളിക്കാൻ തങ്ങൾ തയ്യാറല്ലെന്നുള്ള ഹോങ്കോങ്ങുകാരുടെ വെളിപ്പെടുത്തൽ കൂടിയാണ് വിജയം കണ്ടിരിക്കുന്ന ഈ സമരം.

എന്തായാലും ഒരു തരി കനലിന്റെ ആവേശത്തിൽ എരിഞ്ഞു തുടങ്ങിയ ഈ പ്രതിഷേധ ജ്വാലകൾ അടുത്തകാലത്തൊന്നും കെടുന്ന ഒരു ലക്ഷണവും ഇപ്പോൾ കാണുന്നില്ല. 

click me!