ദുബായില്‍നിന്നും തട്ടിക്കൊണ്ടുവന്ന 'ഹോട്ടല്‍ റുവാണ്ട' നായകന്‍ ഭീകരവാദിയെന്ന് കോടതി; 25 വര്‍ഷം തടവ്

By Web TeamFirst Published Sep 21, 2021, 4:04 PM IST
Highlights

വംശഹത്യയില്‍നിന്നും ആയിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയ 'ഹോട്ടല്‍ റുവാണ്ട' നായകന് 25 വര്‍ഷം തടവ് 

'ഹോട്ടല്‍ റുവാണ്ട' എന്ന ഹോളിവുഡ് സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പോള്‍ റുസേസബാഗിനയ്ക്ക് 25 വര്‍ഷം കഠിനതടവ്. ഭീകരവാദ ബന്ധം ആരോപിച്ചാണ് റുവാണ്ടന്‍ കോടതി ശിക്ഷ വിധിച്ചത്.  റുവാണ്ടയില്‍ അധികാരം പിടിച്ചെടുത്ത വിമത ഭരണകൂടത്തിന്റെ ശത്രുവാണ്  പോള്‍. ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ നേതാവും സര്‍ക്കാറിന്റെ വിമര്‍ശകനും കൂടിയാണ് ഇദ്ദേഹം. 

അമേരിക്കയില്‍ താമസിക്കുന്ന ബെല്‍ജിയന്‍ പൗരനായ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നും ഇദ്ദേഹത്തെ റുവാണ്ടന്‍ സൈന്യം തട്ടിക്കൊണ്ടുപോന്ന ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിചാരണ പ്രഹസനമാണെന്ന് ആരോപിച്ച് ഇദ്ദേഹം വിചാരണയില്‍നിന്നും ഈയിടെ വിട്ടുനിന്നിരുന്നു. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ നടന്ന വിചാരണയിലാണ് ജഡ്ജി 25 വര്‍ഷം തടവുശിക്ഷ വിധിച്ചത്. റുവാണ്ടയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദ സംഘടനയുടെ സ്ഥാപകനാണ് പോള്‍  എന്നും ഇദ്ദേഹം രാജ്യദ്രോഹ കുറ്റം തുടരുകയാണെന്നും ജഡ്ജ് വിധിപ്രസ്താവത്തില്‍ പറഞ്ഞു. വിചാരണയുടെ തുടക്കത്തില്‍ തന്നെ ഈ ആരോപണങ്ങള്‍ പോള്‍ നിഷേധിച്ചിരുന്നു. 

67 വയസ്സുള്ള തന്റെ പിതാവിനെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം ശിക്ഷ തന്നെയാണ് ഇതെന്ന് റുസേസബാഗിനയുടെ മകള്‍ അഭിപ്രായപ്പെട്ടു. എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചാണ് പിതാവിനെ തട്ടിക്കൊണ്ടുപോന്നത്. വിചാരണയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരുന്നു. പിതാവിനെ എത്രയും വേഗം വിട്ടയക്കണമെന്നും മകള്‍ ആവശ്യപ്പെട്ടു. 


സിനിമയായ വിധം 
1994-ല്‍ റുവാണ്ടയില്‍ നടന്ന ഭീകരമായ വംശഹത്യക്കിടെ ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയതിനെ തുടര്‍ന്നാണ്  പോള്‍ പ്രശസ്തനായത്. 1994ലാണ് 100 ദിവസത്തിലേറെ നീണ്ടുനിന്ന വംശഹത്യ നടന്നത്. ഹുടു വിഭാഗക്കാര്‍ ടുട്സി ഗോത്രവിഭാഗത്തില്‍പ്പെട്ട എട്ടുലക്ഷത്തിലേറെ പേരെയാണ് അന്ന് വംശഹത്യ നടത്തിയത്. പ്രശ്‌നം കൊടുമ്പിരിക്കൊണ്ട കാലത്ത് താന്‍ മാനേജരായിരുന്ന ഹോട്ടലില്‍ ആയിരത്തിലേറെ ടുട്സി വിഭാഗക്കാരെ റുസേസബാഗിന ഒളിപ്പിച്ചു. സ്വന്തം ജീവന്‍ വകവെയ്ക്കാതെയാണ് അദ്ദേഹം ഇത്രയും പേരുടെ ജീവന്‍ രക്ഷിച്ചത്. ഈ സംഭവമാണ് പിന്നീട് 'ഹോട്ടല്‍ റുവാണ്ട' എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രമായത്. ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഈ ചിത്രം ലോകമാകെ പോളിന് ആരാധകരെ നേടിക്കൊടുത്തിരുന്നു. 

 

 


തട്ടിക്കൊണ്ടുപോവലിന്റെ കഥ
സംഭവം പുറത്തറിഞ്ഞതോടെ 1996-ല്‍ ഇദ്ദേഹത്തിന് എതിരെ വധശ്രമമുണ്ടായി. അതില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പോള്‍  റുവാണ്ടയില്‍ താമസിച്ചിട്ടില്ല. ബല്‍ജിയത്തിലേക്ക് രക്ഷപ്പെട്ട പോളിന് ഇവിടത്തെ പൗരത്വം നല്‍കിയിരുന്നു. അവിടെനിന്നും അമേരിക്കയിലേക്ക് ചെന്ന ഇദ്ദേഹത്തിന് യു എസ് പ്രസിഡന്റിന്റെ പ്രത്യേക ബഹുമതി ലഭിച്ചിരുന്നു.  റുവാണ്ടയിലെ സൈനിക ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായ റുസേസബാഗിന ഏറെക്കാലമായി നോട്ടപ്പുള്ളിയാണ്. 

അന്താരാഷ്ട്ര സഹായത്തോടെയാണ് റുസേസബാഗിനയെ അറസ്റ്റ് ചെയ്തതെന്നാണ് റുവാണ്ടന്‍ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍, സഹായിച്ച രാജ്യത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബെല്‍ജിയത്തില്‍ നിന്നാണ് പിടികൂടിയതെന്ന് റുവാണ്ട അവകാശപ്പെട്ടുവെങ്കിലും അപ്പോള്‍ തന്നെ ബെല്‍ജിയം ആരോപണം നിഷേധിച്ചിരുന്നു. പിന്നീടാണ്, ദുബൈയില്‍വെച്ച് റുവാണ്ടന്‍ സൈനികര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. വിചാരണയിലും ശിക്ഷ വിധിച്ചതിലും അമേരിക്ക ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തിരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 37 യു എസ് സെനറ്റര്‍മാര്‍ റുവാണ്ടന്‍ ഭരണാധികാരിക്ക് കത്തയച്ചിരുന്നു. വിചാരണ വെറും പ്രഹസനമായിരുന്നുവെന്ന് അമേരിക്കന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിക്കുകയും ചെയ്തു. 

click me!