ആര്‍ക്കും വേണ്ടാത്ത ഒരു സ്‌കൂള്‍  ഒരധ്യാപകന്‍ അടിമുടി മാറ്റിയ കഥ!

Published : Nov 28, 2019, 03:20 PM IST
ആര്‍ക്കും വേണ്ടാത്ത ഒരു സ്‌കൂള്‍  ഒരധ്യാപകന്‍ അടിമുടി മാറ്റിയ കഥ!

Synopsis

പുതിയ കോമ്പൗണ്ട് മതില്‍, നല്ല അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, ശുദ്ധമായ ടോയ്ലറ്റുകള്‍, ഒരു സ്‌പോര്‍ട്‌സ് റൂം, ലൈബ്രറി, നാല് പുതിയ ക്ലാസ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സ്‌കൂളായി അത് മാറി. ഇതിനെല്ലാം ആരംഭം കുറിച്ചത് അദ്ദേഹം തുടങ്ങി വച്ച പെന്‍സില്‍ എന്ന സ്‌കൂള്‍ മാസികയാണ്.

38 വയസുകാരനായ ബി കോത്രേഷ് കര്‍ണാടകയിലെ തന്റെ സ്വന്തം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയമായ ബെല്ലഗുര്‍കി ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ സ്‌കൂളിന്റെ നില തീരെ  മോശമായിരുന്നു. പഠനത്തില്‍ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ഥികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, തകര്‍ന്നുകിടക്കുന്ന സ്‌കൂള്‍ കെട്ടിടം, മോശം പഠന ഉപകരണങ്ങള്‍ , ഗ്രാമീണരുടെ സ്‌കൂളിനോടുള്ള മതിപ്പില്ലായ്മ എന്നിവയാണ് അവിടെ അദ്ദേഹത്തെ വരവേറ്റത്. എന്നിട്ടും, അയാള്‍ തന്റെ  ജോലിയെ അളവറ്റു സ്‌നേഹിച്ചു.  ഒരു മാറ്റത്തിനായി പരിശ്രമിച്ചു.

അയാളുടെ പ്രരിശ്രമങ്ങള്‍ക്കൊടുവില്‍, ഒരു ദശാബ്ദത്തിനുശേഷം, പുതിയ കോമ്പൗണ്ട് മതില്‍, നല്ല അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, ശുദ്ധമായ ടോയ്ലറ്റുകള്‍, ഒരു സ്‌പോര്‍ട്‌സ് റൂം, ലൈബ്രറി, നാല് പുതിയ ക്ലാസ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സ്‌കൂളായി അത് മാറി. ഇതിനെല്ലാം ആരംഭം കുറിച്ചത് അദ്ദേഹം തുടങ്ങി വച്ച പെന്‍സില്‍ എന്ന സ്‌കൂള്‍ മാസികയാണ്.

സ്‌കൂളില്‍ പഠിപ്പുനിര്‍ത്തിപോകുന്ന കുട്ടികളുടെ നിരക്ക് വളരെ കൂടുതലായിരുന്നു. ഇത് മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വെല്ലുവിളി. സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്നത് ഇതിന്  ആക്കം കൂട്ടി. വിദ്യാര്‍ത്ഥികള്‍ കലയും ചിത്രരചനയും ഇഷ്ടപ്പെടുന്നവരാണ് എന്ന് മനസിലാക്കിയ അദ്ദേഹം അവരെ കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തി. 2013 ല്‍ പെന്‍സില്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ മാസിക ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അത് വലിയ മാറ്റങ്ങള്‍ക്കു വഴിവച്ചു.  ''വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വളര്‍ത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ ഇത് തുടങ്ങിയത്,'' -കോത്രേഷ് പറഞ്ഞു.

എല്ലാ മാസവും അവര്‍ കുറഞ്ഞത് 500 കോപ്പികള്‍ പ്രസിദ്ധീകരിക്കുകയും, അത് വായനക്കാര്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്തു. ''ഇതിന് എനിക്ക് ഓരോ മാസവും 4000 രൂപ ചിലവാകും, ഈ പണം എല്ലാ മാസവും എന്റെ സ്വന്തം പോക്കറ്റില്‍ നിന്നാണ് ഞാന്‍ എടുത്തിരുന്നത്. എനിക്ക് ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഗ്രാന്റ് ലഭിച്ചതും കൂടുതല്‍ സഹായമായി, ''അദ്ദേഹം പറഞ്ഞു.

ആദ്യ ലക്കം അവര്‍ എങ്ങനെ പ്രസിദ്ധീകരിച്ചു എന്ന് കോത്രേഷ് പറയുന്നു:  ''വളരെയധികം ഉത്സാഹത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കുചേര്‍ന്നത്. വളരെ അഭിമാനത്തോടെയാണ് അവരോരുത്തരും ഈ മാസികയില്‍ പ്രവര്‍ത്തിച്ചത്.'  ഗ്രാമീണര്‍ക്ക് സ്‌കൂളിലെ വിശേഷങ്ങളറിയാന്‍ ഈ മാസിക സഹായിച്ചു. ''തുടക്കത്തില്‍, ഒരു ഗ്രാമീണനും സ്‌കൂളിലേക്ക് കാലെടുത്തുവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല, പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങളറിയാന്‍ അവര്‍ ആകാംക്ഷയോടെ മാസികക്കായി കാത്തിരിക്കാന്‍ തുടങ്ങി,'' കോത്രേഷ് പറയുന്നു.

സ്‌കൂള്‍ മാസികയുടെ കൂടുതല്‍ വിവരങ്ങള്‍ കോത്രേഷ് പങ്കുവച്ചു, ''മാസികയില്‍ വിവിധ വിഭാഗങ്ങളുണ്ട്, അവയില്‍ രണ്ടെണ്ണം വളരെ പേരുകേട്ടതാണ് -'കെലോണ ബാനി' (നമുക്ക് ചോദിക്കാം),'നമൂര പരിചായ'(ഞങ്ങളുടെ ഗ്രാമത്തെ അറിയിക്കൂ).'' കെലോണ ബാനിയില്‍ സ്‌കൂളിലെ അധികാരികളുമായുള്ള അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, നമൂര പരിചായയില്‍ കഴിവുള്ള ഗ്രാമീണരുടെ അഭിമുഖങ്ങളും അവരുടെ നേട്ടങ്ങളും ഉള്‍കൊള്ളിക്കുന്നു.

'സാധാരണയായി അധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗൃഹപാഠങ്ങളാണ് നല്‍കാറുള്ളത്.  പക്ഷെ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഞാന്‍ നല്‍കുന്ന ജോലി വളരെ വ്യത്യസ്തമാണ്. ഞാന്‍ അവരോടു അവരുടെ വീട്ടില്‍ പിന്തുടരുന്ന പാരമ്പര്യങ്ങള്‍ നിരീക്ഷിക്കാന്‍ പറയും. ഗ്രാമീണ പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാന്‍ അവരോട് ആവശ്യപ്പെടും, '-അധ്യാപകന്‍ പറയുന്നു. 

പെന്‍സില്‍ എന്ന മാസിക വഴിയാണ് സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങള്‍ അറിഞ്ഞത്. ഇപ്പോള്‍ മാതാപിതാക്കളും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ മുന്നോട്ടു വരുന്നു. ഗ്രാമവാസികള്‍ പെന്‍സിലിനായി എങ്ങനെ ഉറ്റുനോക്കുന്നുവെന്നതിനെക്കുറിച്ച് കോത്രേഷ് പങ്കുവെക്കുന്നു, 'പല ഗ്രാമീണര്‍ക്കും ഇത് അവരുടെ കുട്ടികള്‍ ചെയ്യുന്ന കലാസൃഷ്ടി കാണാനുള്ള ഒരു മാര്‍ഗമാണ്, അവര്‍ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.'

വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അവരാണ് ഏറ്റവും സന്തോഷിക്കുന്നത്. അവര്‍ ക്രിയാത്മകമായി ഇടപഴകുക മാത്രമല്ല, സ്‌കൂളിന്റെ ഉയര്‍ച്ചക്ക് അവരുടേതായ രീതിയില്‍ സംഭാവന നല്‍കുന്നുണ്ടെന്നു അവര്‍ വിശ്വസിക്കുന്നു. പെന്‍സിലിന്റെ ഉടമസ്ഥാവകാശം ഇപ്പോള്‍ അവര്‍ക്കാണ്.'

'അവര്‍ നിരീക്ഷിക്കാനും ചിന്തിക്കാനും തുടങ്ങി. കഴിഞ്ഞ ആറ് വര്‍ഷമായി, വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തിയിലും സംസാരത്തിലും ഒരു ആത്മവിശ്വാസം നിഴലിക്കുന്നുത് ഞാന്‍ കണ്ടു. അതുതന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടം,'-അദ്ദേഹം പറയുന്നു.

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത്തരമൊരു മാറ്റമാണ് കൊണ്ടു വരേണ്ടത്. കുട്ടികളുടെ കഴിവുകളെ വളര്‍ത്താനും അവര്‍ക്കു ഉയര്‍ന്ന നിലവാരമുള്ള പഠനസാഹചര്യം ഉണ്ടാക്കിയെടുക്കാനും ഇത്തരം അധ്യാപകരുടെ സേവനം നമുക്കാവശ്യമാണ്.  

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!