
തന്റെ ആദ്യത്തെ സ്റ്റൈപ്പെൻഡായ ഒരുലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്ന് ചോദിച്ച് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഗുഡ്ഗാവിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ്. തന്റെ മെന്റർമാർ ആ പണമെല്ലാം ചെലവാക്കാനാണ് ഉപദേശിച്ചത് എന്നാണ് യുവാവ് പറയുന്നത്. തന്റെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നതുൾപ്പടെ എല്ലാവരും ചെയ്യാറുള്ള കാര്യങ്ങളെല്ലാം താനും ചെയ്തു കഴിഞ്ഞു എന്നും യുവാവ് പറയുന്നു. എന്നാൽ, ഇപ്പോൾ തനിക്കുവേണ്ടി, തന്നെ സന്തോഷിപ്പിക്കുന്ന എന്തിനെങ്കിലും വേണ്ടി പണം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്.
'എന്റെ കൈവശം ചെലവഴിക്കാനായി ഏകദേശം 90-102,000 രൂപ വരെയുണ്ട്. എന്നെത്തന്നെ കണ്ടെത്താനും എന്നെ സന്തോഷിപ്പിക്കാനും സഹായിക്കുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. 'ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് (ഇപ്പോഴും ഒരു ഇന്റേൺ ആണ്), ഗുഡ്ഗാവിൽ താമസിക്കുന്നു. അടിയന്തര സാഹചര്യങ്ങൾക്കായി പണം സേവ് ചെയ്യണമെന്ന് ഞാൻ കരുതി, പക്ഷേ എന്റെ ആദ്യത്തെ സ്റ്റൈപ്പൻഡായതിനാൽ എന്റെ മെന്റർമാരും സുഹൃത്തുക്കളും അതെല്ലാം ചെലവഴിക്കാനാണ് എന്നോട് പറയുന്നത്. എന്റെ മാതാപിതാക്കളെ പുറത്തു കൊണ്ടുപോവുക, എന്റെ പെൺകുട്ടിയെ പുറത്തു കൊണ്ടുപോവുക, ആളുകൾക്ക് സാധനങ്ങൾ സമ്മാനമായി നൽകുക, കുറച്ച് പണം സംഭാവന ചെയ്യുക ഇതെല്ലാം ഞാൻ ചെയ്ത് കഴിഞ്ഞു. പക്ഷേ എനിക്ക് എല്ലാ ദിവസവും ശൂന്യത അനുഭവപ്പെടുകയാണ്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞത്, 'അതിന് സ്വർണത്തിന്റെയോ മറ്റോ ആഭരണങ്ങൾ വാങ്ങുക. അപ്പോൾ ധരിക്കുമ്പോൾ സന്തോഷം തോന്നുകയും ചെയ്യും പിന്നീടുള്ള കരുതലുമാവും' എന്നാണ്. അനേകങ്ങളാണ് സമാനമായ നിർദ്ദേശങ്ങൾ യുവാവിന് നൽകിയിരിക്കുന്നത്. അതുപോലെ, മെന്റർമാരുടെ നിർദ്ദേശ പ്രകാരം പണം ചെലവഴിച്ച് കളയുന്നത് ആലോചിച്ച് മതി എന്നും പലരും അഭിപ്രായപ്പെട്ടു.