ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അരുമമൃഗങ്ങള്‍ക്ക് അസുഖം വരാം...

By Nitha S VFirst Published Nov 17, 2019, 11:52 AM IST
Highlights

നായ്ക്കളെ കുളിപ്പിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ ഉപയോഗിക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മനുഷ്യര്‍ ഉപയോഗിക്കുന്ന ഷാംപൂ നായ്ക്കളില്‍ ഉപയോഗിക്കരുത്. ഡെറ്റോള്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതാണ്.

'ഇന്ന് ആശുപത്രികളില്‍ വളര്‍ത്തുനായ്ക്കളുമായി വരുന്ന 30 ശതമാനം ആളുകളും പറയുന്നത് ചര്‍മരോഗങ്ങളെക്കുറിച്ചാണ്. നായ്ക്കളെ ബാധിക്കുന്ന ചര്‍മരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പയോഡെര്‍മ. ഏറ്റവും എളുപ്പത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ളത് 'പഗ്' പോലെയുള്ള ഇനങ്ങള്‍ക്കാണ്. പരിചരിക്കുന്നതിലുണ്ടാകുന്ന പിഴവാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം' . മണ്ണുത്തി വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.വിനോദ് കുമാര്‍ പറയുന്നത് നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയുന്നത് ബാക്റ്റീരിയ, ഫംഗസ്, പേന്‍, ചെള്ള് എന്നിവയെല്ലാമാണ്. പോഷകാഹാരമില്ലെങ്കിലും ചര്‍മരോഗങ്ങളുണ്ടാകാം. അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.

നായ്ക്കളുടെ തൊലിയില്‍ കാണപ്പെടുന്ന പഴുപ്പാണ് പയോഡെര്‍മ. ബാക്റ്റീരിയ മൂലമുണ്ടാകുന്ന ചര്‍മരോഗമാണിത്. സാധാരണഗതിയില്‍ വയറിന്റെ അടിഭാഗങ്ങളിലും കൈമുട്ടുകളിലുമാണ് രോഗം കണ്ടുവരുന്നത്. ചര്‍മത്തിലെ ഈര്‍പ്പം തട്ടുന്ന ഭാഗങ്ങള്‍, കാല്, കഴുത്ത് എന്നിവിടങ്ങളില്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളേക്കാള്‍ ബാക്റ്റീരിയകള്‍ ഉണ്ടാകും.

'ശരിയായ രീതിയിലുള്ള പരിചരണം നായ്ക്കള്‍ക്ക് ലഭിക്കാത്തതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം. നായ്ക്കളുടെ ശരീരത്തില്‍ ബാക്റ്റീരിയയുണ്ട്. പലരും വളര്‍ത്തു നായ്ക്കളെ ദിവസവും കുളിപ്പിക്കാറുണ്ട്. ആഴ്ചയില്‍ ഒരിക്കലാണ് നായക്കളെ കുളിപ്പിക്കേണ്ടത്. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ബാക്റ്റീരിയകള്‍ പെരുകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഡിറ്റര്‍ജന്റ് അടങ്ങിയ ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ചാല്‍ ശരീരത്തിന്റെ പി.എച്ച് തോത് മാറും. ശരിയായ ഭക്ഷണം നല്‍കിയില്ലെങ്കിലും ബാക്റ്റീരിയകള്‍ പെരുകാന്‍ സാധ്യതയുണ്ട്. ചൊറിച്ചില്‍ വന്നാല്‍ നായകള്‍ മാന്തുകയും പിന്നീട് രോഗം അധികമാകുകയും ചെയ്യും' ഡോ.വിനോദ് കുമാര്‍ നായകളില്‍ പയോഡെര്‍മ ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വിശദമാക്കുന്നു.

'മൂന്ന് തരത്തിലാണ് പയോഡെര്‍മ. സൂപ്പര്‍ഫിഷ്യല്‍, റെക്കറന്റ് ബാക്റ്റീരിയല്‍ പയോഡെര്‍മ, ഡീപ്പ് പയോഡെര്‍മ എന്നിവയാണ് അവ. കൃത്യമായ ചികിത്സ ഈ രോഗത്തിനുണ്ട്. നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവസാനഘട്ടത്തിലാണ് ചികിത്സ തേടിയെത്തുന്നത്. ഈ രീതി ഒഴിവാക്കണം. പയോഡെര്‍മ പ്രത്യക്ഷപ്പെട്ടാലും നായ്ക്കള്‍ അവസാനഘട്ടം വരെ ഭക്ഷണം കഴിച്ചേക്കാം. അതുകൊണ്ടുതന്നെ വളര്‍ത്തുന്നവര്‍ ചികിത്സിക്കാന്‍ ശ്രദ്ധിക്കാറില്ല. രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ ചികിത്സിക്കണം. ഇല്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും' വളര്‍ത്തു മൃഗങ്ങളെ അതീവശ്രദ്ധയോടെ പരിചരിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഡോ. വിനോദ് കുമാര്‍.

 

സൂപ്പര്‍ഫിഷ്യല്‍ പയോഡെര്‍മ കാണപ്പെടുന്നത് കഷണ്ടിപ്പാടുകള്‍ പോലെയാണ്. ചൊറി, ചിരങ്ങ് എന്നിവയും കാണപ്പെടുന്നു. പയോഡെര്‍മ ബാധിച്ച സ്ഥലങ്ങളില്‍ നിന്ന് മുടി കൊഴിഞ്ഞുപോകുന്നതുകൊണ്ടാണ് ഇത്തരത്തില്‍ കഷണ്ടിപ്പാടുകള്‍ കാണുന്നത്. ചുവന്ന പാടുകളും കാണപ്പെടുന്നു. പയോഡെര്‍മയുടെ തുടക്കത്തില്‍ തന്നെ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ രോഗതീവ്രത കൂടി റെക്കറന്റ് ബാക്റ്റീരിയല്‍ പയോഡെര്‍മയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഡീപ് പയോഡെര്‍മയുടെ ലക്ഷണങ്ങളായി പറയുന്നത് വേദനയും രക്തവും പഴുപ്പും കലര്‍ന്ന ശ്രവങ്ങളുമാണ്. നീര്‍വീക്കം, അകത്ത് ദ്രവം നിറഞ്ഞിരിക്കുന്ന രീതിയിലുള്ള കുമിളകള്‍, ചൊറി, ചിരങ്ങ് എന്നിവയും ലക്ഷണങ്ങളാണ്.

നായ്ക്കളെ കുളിപ്പിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ ഉപയോഗിക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. മനുഷ്യര്‍ ഉപയോഗിക്കുന്ന ഷാംപൂ നായ്ക്കളില്‍ ഉപയോഗിക്കരുത്. ഡെറ്റോള്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതാണ്.

വളര്‍ത്തുനായ്ക്കള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡോ.വിനോദ് കുമാര്‍. 'ഒരു നായയും മനുഷ്യനും വ്യത്യസ്തമാണെന്ന് ആദ്യം തിരിച്ചറിയണം. മനുഷ്യരുടെ ശരീരത്തില്‍ മുടി കുറവാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മനുഷ്യരില്‍ കാണാറില്ല. എന്നാല്‍ ഒരു നായയുടെ ശരീരത്തില്‍ സ്വാഭാവികമായ ചില സംവിധാനങ്ങളുണ്ട്. ദിവസവും ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് നായയുടെ ശരീരത്തില്‍ ദോഷകരമായി ബാധിച്ചേക്കാം. ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്ല കമ്പനിയുടെ ഷാംപൂ മാത്രം നായകളെ വൃത്തിയാക്കുമ്പോള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം'

 

പയോഡെര്‍മ ബാധിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അശാസ്ത്രീയമായ രീതിയിലുള്ള പരിചരണമാണ് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നത്. 'നായ്ക്കളെ കുളിപ്പിച്ചാല്‍ ഉണങ്ങിയ തുണി കൊണ്ട് നന്നായി തുടച്ച് ഈര്‍പ്പത്തിന്റെ അംശം മാറ്റണം. താമസിപ്പിക്കുന്ന കൂട് വൃത്തിയാക്കണം. ഈര്‍പ്പമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും രാവിലെ റൗണ്ട് ബ്രഷ് ഉപയോഗിച്ച് ശരീരം മുഴുവന്‍ ഉഴിയണം. ചര്‍മത്തില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഇങ്ങനെ ഉഴിയുന്നതില്‍ നിന്നും തിരിച്ചറിയാനാകും.' ഡോ.വിനോദ് ഓര്‍മപ്പെടുത്തുന്നു. ഏറ്റവും പ്രധാനം ഓരോരുത്തര്‍ക്കും വളര്‍ത്താന്‍ അനുയോജ്യമാണെന്ന് ബോധ്യമാകുന്ന ഇനങ്ങളെ മാത്രം വീട്ടില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കുകയെന്നതാണ്.

click me!