താനില്ലാത്ത നേരത്ത് വീട്ടിൽ നിന്നും പൂച്ചയെ ഒഴിവാക്കി, ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Published : Apr 17, 2023, 01:41 PM IST
താനില്ലാത്ത നേരത്ത് വീട്ടിൽ നിന്നും പൂച്ചയെ ഒഴിവാക്കി, ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Synopsis

വളരെ ചെറുതായിരുന്നപ്പോഴാണ് താൻ പൂച്ചയെ രക്ഷിക്കുകയും വളർത്താനാരംഭിക്കുകയും ചെയ്തത്. എന്റെ കൈപ്പത്തിയുടെ വലിപ്പമേ അന്ന് അവനുണ്ടായിരുന്നുള്ളൂ. രണ്ട് വർഷമായി അവൻ എനിക്കൊപ്പമുണ്ട്.

വിവാഹമോചനം ഇന്ന് ലോകത്ത് സാധാരണമായിക്കഴിഞ്ഞു. തീരെ യോജിക്കാൻ സാധിക്കുന്നില്ല എന്ന് തോന്നുമ്പോൾ പിരിയുന്ന ദമ്പതികൾ ഏറെയാണ്. ഓരോരുത്തർക്കും അതിന് ഓരോ കാരണങ്ങൾ ആവാം. എന്നാൽ, താൻ വീ‍ട്ടിൽ ഇല്ലാത്ത സമയത്ത് തന്റെ പൂച്ചയെ മറ്റൊരു അഭയകേന്ദ്രത്തിൽ നൽകിയതിന്റെ പേരിൽ ഭാര്യ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. സ്ത്രീയുടെ പേര് എന്താണ് എന്ന് വ്യക്തമല്ല. മിററാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ബെഞ്ചി എന്നാണ് പൂച്ചയുടെ പേര്. തന്റെ അച്ഛൻ മരിച്ചു പോയപ്പോൾ ആ വേദനയെ എങ്ങനെയെങ്കിലും മറികടക്കുന്നതിന് വേണ്ടിയാണ് യുവതി പൂച്ചയെ വളർത്താനാരംഭിച്ചത്. എന്നാൽ, അധികം വൈകാതെ യുവതി പൂച്ചയുമായി നല്ല അടുപ്പത്തിലായി. തന്റെ അച്ഛന്റെ പുനർജന്മമാണ് ഈ പൂച്ച എന്ന് വരെ യുവതി വിശ്വസിച്ചു തുടങ്ങി. 

യുവതി തന്നെയാണ് റെഡ്ഡിറ്റിൽ പൂച്ചയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഒക്കെ എഴുതിയിരിക്കുന്നത്. 'വളരെ ചെറുതായിരുന്നപ്പോഴാണ് താൻ പൂച്ചയെ രക്ഷിക്കുകയും വളർത്താനാരംഭിക്കുകയും ചെയ്തത്. എന്റെ കൈപ്പത്തിയുടെ വലിപ്പമേ അന്ന് അവനുണ്ടായിരുന്നുള്ളൂ. രണ്ട് വർഷമായി അവൻ എനിക്കൊപ്പമുണ്ട്. കേൾക്കുമ്പോൾ ഭ്രാന്താണ് എന്ന് തോന്നാം. പക്ഷേ, ബെഞ്ചി എന്റെ അച്ഛന്റെ പുനർജന്മമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പൂച്ചയുടെ കണ്ണിൽ നോക്കുമ്പോൾ വെറുമൊരു പൂച്ചയേക്കാൾ ഉപരി എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാൽ, എന്റെ ഭർത്താവ് കരുതുന്നത് ഇത് തികച്ചും വിചിത്രവും അനാരോ​ഗ്യകരവും ആണെന്നാണ്. പൂച്ചയുമായുള്ള ബന്ധം അദ്ദേഹത്തിന് ഇഷ്ടമല്ല. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. പൂച്ചയിൽ അച്ഛന്റെ ആത്മാവ് ഉണ്ട് എന്ന് ഞാൻ പറയുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി അദ്ദേഹം പറയാറുണ്ട്' എന്ന് യുവതി എഴുതുന്നു. 

പിന്നാലെ യുവതി പറയുന്നത് ഇങ്ങനെ, താൻ വേക്കേഷൻ ചെലവഴിക്കാൻ അമ്മയുടെയും സഹോദരിയുടെയും അടുത്ത് പോയി. എന്നാൽ, തിരിച്ചെത്തി നോക്കിയപ്പോൾ പൂച്ചയെ എവിടേയും കാണാനില്ല. ഭർത്താവിനോട് ചോദിച്ചപ്പോൾ പൂച്ചയെ സഹപ്രവർത്തകനെ ഏൽപ്പിച്ചു എന്നും ഇനി അതിനെ തിരികെ കിട്ടില്ല എന്നും പറയുകയായിരുന്നു. അതോടെ ഭാര്യയ്ക്ക് ഭർത്താവിനോട് കട്ടക്കലിപ്പായി. അവൾ സഹപ്രവർത്തകന്റെ ഭാര്യയോട് കാര്യം അന്വേഷിച്ചപ്പോൾ തനിക്ക് ഇതേ കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. യുവതി പൊലീസിൽ വരെ പൂച്ചയെ തിരികെ കിട്ടാൻ പരാതി നൽകി. പിന്നാലെയാണ് ഭർത്താവ് താൻ അതിനെ അടുത്തുള്ള ഒരു ഷെൽട്ടറിലാണ് ഏൽപ്പിച്ചത് എന്ന് വെളിപ്പെടുത്തുന്നത്. 

ഏതായാലും ഇതിന്റെ പേരിൽ യുവതി വിവാഹമോചനത്തിന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം