
മെൽബൺ സ്വദേശിയായ നോയ്‌ല റുകുണ്ടോ(Noela Rukundo)യുടെ ഭർത്താവ് അവളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പാടാക്കി. എന്നാൽ, അവർ അവളെ കൊന്നില്ല, പകരം സത്യാവസ്ഥ അവളോട് തുറന്ന് പറഞ്ഞ് അവളെ വെറുതെ വിട്ടു. ഭർത്താവിന്റെ കൊലപാതകശ്രമത്തിന്റെ തെളിവുകളും അവൾക്ക് നൽകി. എന്നാൽ, ഭാര്യ കൊല്ലപ്പെട്ടു എന്ന ധാരണയിൽ ഭാര്യയുടെ ചടങ്ങുകൾ അയാൾ നടത്തി. അങ്ങനെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തിനുശേഷം അവൾ വീട്ടിലേക്ക് മടങ്ങി, സ്വന്തം മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ. അവളെ കണ്ട അയാൾ ഞെട്ടിത്തരിച്ചു. അയാളുടെ കള്ളത്തരം കോടതിയ്ക്ക് മുന്നിൽ കൊണ്ട് വന്ന് അവൾ തന്നെ ചതിച്ച ഭർത്താവിനെ ഒടുക്കം അഴിക്കുള്ളിലാക്കി.
ഭാര്യക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഭർത്താവ് ബലേംഗ കലാല(Balenga Kalala) അവളെ കൊലപ്പെടുത്താൻ കൊലയാളികളെ നിയമിച്ചത്. അവളുടെ രണ്ടാനമ്മ മരിച്ചതിനെ തുടർന്ന് നാട്ടിൽ വന്ന സമയത്തായിരുന്നു സംഭവം. തന്നെ ചതിച്ച ഭാര്യയോട് പ്രതികാരം തീർക്കാൻ അയാൾ തീരുമാനിച്ചു. രണ്ടാനമ്മയുടെ മരണാന്തര ചടങ്ങിന് ശേഷം, അവൾ വളരെ ക്ഷീണിതയായിരുന്നു. അവൾ വൈകാരികമായി തളർന്നുപോയിരുന്നു. അൽപ്പം ശുദ്ധവായു കിട്ടാൻ പുറത്തൊക്കെ ഒന്ന് നടന്ന് വരാൻ കലാല അവളോട് ആവശ്യപ്പെട്ടു. അവൾ അവന്റെ വാക്ക് അനുസരിച്ചു. "ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. അയാൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് അത് പറഞ്ഞതെന്ന് ഞാൻ കരുതി" നോയ്ല പിന്നീട് ബിബിസിയോട് പറഞ്ഞു.
എന്നാൽ, പുറത്തിറങ്ങിയ അവളെ കാത്ത് തോക്കുമായി ഒരാൾ നില്പുണ്ടായിരുന്നു. അയാൾ അവളെ ഒരു കാറിൽ കയറ്റി ദൂരെയുള്ള ഒരു കെട്ടിടത്തിലേയ്ക്ക് കൊണ്ട് പോയി. അവിടെ വേറെയും ആളുകളുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ അവർ ആരെയോ ഫോണിൽ വിളിച്ചു. "നിന്നെ കൊല്ലാൻ ഞങ്ങൾക്ക് പണം തന്നത് ആരാണോ അയാളെ ഞങ്ങൾ വിളിക്കാൻ പോവ്വാ” ഒരു തോക്കുധാരി പരിഹസിച്ചു. അയാൾ ഫോൺ എടുത്ത് പറഞ്ഞു, “അവൾ ഇവിടെയുണ്ട്”. അപ്പോൾ മറുതലയ്ക്കൽ നിന്ന് അവളുടെ ഭർത്താവിന്റെ ശബ്ദം കേട്ടു: "അവളെ കൊല്ലൂ."
ഭാര്യയുടെ മൃതദേഹം എവിടെയാണ് കൊണ്ട് തള്ളാൻ പോകുന്നതെന്ന് കലാലയോട് അവർ വിവരിക്കുന്നത് കേട്ട് നോയ്‌ല ബോധരഹിതയായി. എന്നാൽ, തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. തട്ടിക്കൊണ്ടുപോയവർ അവളോട് പറഞ്ഞു, “ഞങ്ങൾ നിന്നെ കൊല്ലാൻ പോകുന്നില്ല. ഞങ്ങൾ സ്ത്രീകളെയും കുട്ടികളെയും കൊല്ലില്ല." കൂടാതെ, സംഘത്തിന് നോയ്‌ലയുടെ സഹോദരനെ അറിയാമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം അവർ അവളെ വഴിയിൽ ഉപേക്ഷിച്ചു. കൊലപാതക ശ്രമത്തിന്റെ തെളിവുകൾ അവർ അവൾക്ക് കൈമാറി. എത്രയും വേഗം എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ സംഘം അവളോട് പറഞ്ഞു. അല്ലെങ്കിൽ അവൻ ഇനിയും അവളെ കൊല്ലാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്പോഴെല്ലാം, കലാല തന്റെ ഭാര്യ മരിച്ചുവെന്ന് വിശ്വസിച്ച് ഇരിക്കയായിരുന്നു. ഒരു ദാരുണമായ അപകടത്തിൽ അവൾ കൊല്ലപ്പെട്ടതായി അയാൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. എന്നാൽ, അയാളുടെ കള്ളക്കളി കൈയോടെ പിടിക്കാൻ അവൾ മെൽബണിലേയ്ക്ക് തിരിച്ചെത്തി. കലാലയെ കാണാൻ നേരെ വീട്ടിലേക്ക് പോയി. കലാല തന്റെ ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു അവിടെ. അതിഥികൾ പിരിഞ്ഞു പോകുന്നത് വരെ അവൾ പുറത്ത് കാറിൽ കാത്ത് നിന്നു. അതിഥികൾ പോയതിനുശേഷം അവൾ വീടിനകത്തേക്ക് നടന്നു. പ്രതീക്ഷിക്കാതെ അവളെ കണ്ട ഭർത്താവ് അന്തിച്ചു പോയി. വിറങ്ങലിച്ചു നിന്ന് ഭർത്താവിനെ നോക്കി, അവൾ പറഞ്ഞു, “സർപ്രൈസ്! ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്."
തുടർന്ന് അവൾ പൊലീസിനെ വിളിച്ചു. ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലെന്ന് കലാല പറഞ്ഞു. എന്നാൽ, നോയ്‌ലയുടെ പക്കലുള്ള തെളിവുകൾക്ക് പുറമേ, പൊലീസ് അയാളുടെ ഫോൺ സംഭാഷണം ടാപ്പ് ചെയ്തു. അതോടെ അയാൾ നിയമത്തിന് മുന്നിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കോടതി കലാലയെ ഒമ്പത് വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ നോയ്‌ലയ്ക്ക് ഭർത്താവിനോട് യാതൊരു പകയുമില്ല. "അയാളും ഒരു മനുഷ്യനാണ്. ഞാൻ അയാളോട് ക്ഷമിക്കുന്നു” അവൾ പറഞ്ഞു.