
ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് വിവേക് നസ്‍കർ. വിവേക് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അച്ഛൻ മരിക്കുന്നതിന് മുമ്പ് അദ്ദേഹവുമായി വേണ്ടതുപോലെ സംസാരിക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നും ഇപ്പോൾ അച്ഛനെ അവസാനമായി കാണാൻ താൻ എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്നും പറഞ്ഞുകൊണ്ടാണ് വിവേക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
'ഇന്ന് രാവിലെ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. എന്റെ അമ്മയിൽ നിന്ന് 20 -ലധികം ഫോൺ കോളുകളാണ് എനിക്ക് വന്നിരുന്നത്, പക്ഷേ വൈകിയും ജോലി ചെയ്തിരുന്നതിനാൽ ആ കോളുകൾ വന്നത് താൻ അറിഞ്ഞില്ല. ഒടുവിൽ (രാവിലെ 8 മണിക്ക്) ഞാൻ വിമാനത്തിന് ടിക്കറ്റ് എടുത്തു, എനിക്ക് കഴിയുന്നതിൽ ഏറ്റവും വേഗമെത്താനാവുന്ന ഫ്ലൈറ്റാണ് ഞാൻ ബുക്ക് ചെയ്തത്, പക്ഷേ അതുപോലും വൈകുന്നേരം 7 മണിക്ക് മാത്രമേ എത്തുകയുള്ളൂ' എന്നാണ് വിവേക് എഴുതുന്നത്.
'താനിപ്പോൾ തന്റെ രണ്ടാമത്തെ ഫ്ലൈറ്റും കാത്ത് എയർപോർട്ടിലിരിക്കുകയാണ്. നൂറുകണക്കിന് ചിന്തകളാണ് തന്റെ മനസിലൂടെ കടന്നു പോകുന്നത്. തനിക്കവ നിയന്ത്രിക്കാനാവുന്നില്ല. അച്ഛൻ തന്നെ വിളിച്ചിരുന്നു. പക്ഷേ താൻ വേണ്ടതുപോലെ സംസാരിച്ചിരുന്നില്ല. സംസാരിക്കേണ്ടതായിരുന്നു. എപ്പോഴും അദ്ദേഹത്തോടൊപ്പം തനിക്ക് ഒരുപാട് ഇനിയും സമയമുണ്ട് എന്നാണ് ഞാൻ കരുതിയിരുന്നത്. അവസാനം വിളിച്ചപ്പോൾ ചില വിയോജിപ്പുകളാണ് പങ്കുവച്ചതെന്ന് തോന്നുന്നു. എന്നോട് പറഞ്ഞില്ലെങ്കിലും അദ്ദേഹം എന്നെച്ചൊല്ലി അഭിമാനിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു.'
'താൻ വൈകാരികമായി കാര്യങ്ങൾ ചെയ്യുന്ന ആളല്ല. പക്ഷേ ഇപ്പോൾ ഭാരിച്ച ഹൃദയത്തോടും നിറഞ്ഞ കണ്ണുകളോടെയുമാണ് താനിരിക്കുന്നത്. അമ്മയേയും സഹോദരിയേയും കാണുമ്പോൾ താൻ ഇങ്ങനെയാവരുത്' എന്നും വിവേക് എഴുതുന്നു. ഒപ്പം അവസാനമായി അച്ഛനെ ഒരുനോക്ക് കാണാൻ താൻ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കുറിച്ചു.
എപ്പോഴും നമ്മുടെ അച്ഛനോടും അമ്മയോടും കരുതലോടും സ്നേഹത്തോടും ഇടപെടണം, പറ്റുന്നതും അവർക്കൊപ്പം സമയം ചെലവഴിക്കണം എന്നുമാണ് മിക്കവരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. വിവേകിന്റെ സങ്കടങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്നും ഒരുപാടുപേർ കുറിച്ചിട്ടുണ്ട്.