ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ ചുരുങ്ങിയത് 12.5 കോടി മരണം ഉറപ്പെന്ന് പഠനം

By Web TeamFirst Published Oct 4, 2019, 12:37 PM IST
Highlights

"സമാനതകളില്ലാത്ത ഒരു യുദ്ധമായിട്ടായിരിക്കും അത് മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക." ടൂൺ പറഞ്ഞു. "അത്തരത്തിൽ ഒരു യുദ്ധമുണ്ടാവുകയോ ആണവബോംബുകൾ പ്രയോഗിക്കപ്പെടുകയോ ചെയ്‌താൽ അത് ഈ രണ്ടു രാജ്യങ്ങളെ മാത്രമാവില്ല ബാധിക്കുക. ലോകത്തെ മുഴുവൻ അത് ആപത്തിലാക്കും." 

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു ആണവയുദ്ധമുണ്ടായാലോ?  കൊളറാഡോ ബോൾഡർ യൂണിവേഴ്‌സിറ്റിയും, റട്ട്ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയും ചേർന്നുകൊണ്ട്,  അത്തരത്തിൽ, ഒട്ടു സാങ്കല്പികമായ ഒരു സാഹചര്യത്തെ പരിഗണിച്ചുകൊണ്ട് വിശദമായ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ ഫലങ്ങൾ ഇപ്പോൾ ജേർണൽ ഓഫ് സയൻസ് അഡ്വാൻസസ് എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധം ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ ജീവിക്കുന്നവർ എന്ന നിലയിൽ നമ്മൾ ഓരോരുത്തർക്കും ഏറെ നിർണായകമാണ് ഈ പഠനഫലം.

ആ പഠനഫലം പ്രവചിക്കുന്നത്, ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ആണവയുദ്ധം തുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഒരൊറ്റ ആഴ്ചക്കുള്ളിൽ അഞ്ചുകോടിക്കും പന്ത്രണ്ടര കോടിക്കും ഇടയിൽ മനുഷ്യ ജീവനുകൾ ഇരുപക്ഷത്തുമായി പൊലിഞ്ഞേക്കുമെന്നാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ ജീവനാശത്തെക്കാൾ അധികം വരും അത്. ഗുരുതരമായ കാലാവസ്ഥാവ്യതിയാനങ്ങൾക്കും അത് കാരണമായേക്കും എന്നാണ് അമേരിക്കൻ ഗവേഷകരുടെ പക്ഷം.

ഇന്ത്യയുടെ കയ്യിലും പാകിസ്ഥാന്റെ കയ്യിലും 150 വീതം ആണവായുധങ്ങളുണ്ട്. 2025  ആവുമ്പോഴേക്കും അത് 200 ആകുമെന്നാണ് കരുതപ്പെടുന്നത്. കശ്മീരിന്റെ പേരും പറഞ്ഞുകൊണ്ട് ഇപ്പോൾ ഇരുരാജ്യങ്ങൾക്കും ഇടയിൽ നടക്കുന്ന സംഘർഷങ്ങൾ ഇത്തരത്തിൽ ഒരു യുദ്ധത്തിന് സാധ്യത ഏറ്റിയിട്ടുണ്ട് എന്നാണ് അമേരിക്കൻ ഗവേഷകർ തങ്ങളുടെ പഠനത്തിൽ പറഞ്ഞിരിക്കുന്നത്. "ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ ഒരു യുദ്ധമുണ്ടായാൽ അത് ലോകത്തിലെ മരണനിരക്ക് ഒറ്റയടിക്ക് ഇരട്ടിയാക്കും" എന്നാണ് കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഗവേഷകനായ ബ്രയാൻ ടൂൺ പറയുന്നത്.

"സമാനതകളില്ലാത്ത ഒരു യുദ്ധമായിട്ടായിരിക്കും അത് മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക." ടൂൺ പറഞ്ഞു. "അത്തരത്തിൽ ഒരു യുദ്ധമുണ്ടാവുകയോ ആണവബോംബുകൾ പ്രയോഗിക്കപ്പെടുകയോ ചെയ്‌താൽ അത് ഈ രണ്ടു രാജ്യങ്ങളെ മാത്രമാവില്ല ബാധിക്കുക. ലോകത്തെ മുഴുവൻ അത് ആപത്തിലാക്കും." റട്ട്ഗേഴ്‌സ് സർവകലാശാലയിലെ പ്രൊഫസറായ അലൻ റോബോക്ക് പറഞ്ഞു.

2019-നും 2025-നും ഇടയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഗവേഷകസംഘം പഠനവിധേയമാക്കിയത്. "ഇരു രാജ്യങ്ങളും അവരുടെ ആവനാഴിയിൽ മാരകായുധങ്ങൾ കൊണ്ട് നിറച്ചുകൊണ്ടിരിക്കുകയാണ്. ഇരുരാജ്യത്തും കോടിക്കണക്കിന് ജനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ യുദ്ധമുണ്ടായാൽ വളരെയധികം മരണങ്ങൾ സംഭവിച്ചേക്കും..." ടൂൺ പറഞ്ഞു.

യുദ്ധത്തിൽ ഉണ്ടായേക്കാവുന്ന സ്‌ഫോടനങ്ങൾ 16 - മില്യണിനും 36 - മില്യണിനും ഇടക്ക് ടൺ കാർബൺ അതിൽ നിന്ന് പുറന്തള്ളപ്പെടും. ആ കണികകൾ നിമിഷനേരം കൊണ്ട് അന്തരീക്ഷത്തിന്റെ ഉയർന്ന ഭാഗങ്ങളിലേക്കും പരക്കുകയും, അത് ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യും. അത് ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യരശ്മികളിൽ മൂന്നിലൊന്നിനെയും തടഞ്ഞു നിർത്തും. അതോടെ ഭൂതലത്തിന്റെ താപനില രണ്ടു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ കുറയാനും ഇടയുണ്ട്. ഭൂമിയിലെ മഴയിലും ഇരുപതു ശതമാനം വരെ ഇടിവുണ്ടാകാം. ഭൂമിയിലെയും സമുദ്രാന്തർഭാഗത്തേയും വളർച്ചയിൽ മുരടിപ്പുണ്ടാകാം.

ലോകത്ത് ഒമ്പതു രാജ്യങ്ങളുടെ കയ്യിൽ നിലവിൽ അണുവായുധങ്ങളുണ്ട്. എന്നാൽ ഇന്ത്യയും പാകിസ്ഥാനുമാണ് അക്കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ ശേഖരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നവർ. ഹിരോഷിമയിൽ അമേരിക്ക ഇട്ടതിനേക്കാൾ വലിയ പ്രത്യാഘാതങ്ങളാകും ഇന്തോ-പാക് യുദ്ധം നടന്നാൽ ഉണ്ടാവുക എന്നാണ് പറയപ്പെടുന്നത്.

"ന്യൂക്ലിയർ ആയുധങ്ങൾ രാഷ്ട്രനേതാക്കന്മാരുടെ സമ്മതത്തോടെ പ്രയോഗിക്കപ്പെടാൻ സാധ്യത കുറവാണ് എങ്കിലും, ഒരു സൈനിക അട്ടിമറിക്കു ശേഷമോ, ഇന്നത്തെ സാഹചര്യത്തിൽ ഒരു ഹാക്കിങ്ങിന്റെ ഫലമായോ ഒക്കെ സംഭവിക്കാൻ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, അത്തരത്തിലുള്ള ആയുധങ്ങൾ പൂർണമായും നശിപ്പിക്കുക എന്നതു മാത്രമാണ് അവർ പ്രയോഗിക്കപ്പെടുന്നത് തടയാനുള്ള ഒരേയൊരു വഴി." റോബോക്ക് പറഞ്ഞു.  

click me!