
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് താമസം മാറുന്നത് നല്ലതാണോ എന്ന സംശയവുമായി 35 -കാരൻ. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ആശങ്ക പങ്കുവച്ചിരിക്കുന്നത്. നിലവിൽ വർഷം 60 ലക്ഷം രൂപ തനിക്ക് വരുമാനമുണ്ട് എന്നും എന്നാൽ ഇപ്പോൾ L1-A വിസയിൽ സിയാറ്റിലിലേക്ക് ഒരു ട്രാൻസ്ഫർ കമ്പനി വാഗ്ദാനം ചെയ്തിരിക്കുകയാണ് എന്നും യുവാവ് പറയുന്നു. അങ്ങോട്ട് പോകുന്നതിന് പകരമായി 2025 -ൽ വർഷം ഏകദേശം 1.6 കോടി രൂപയും ഏകദേശം 1.8 കോടി രൂപയുമാണ് കമ്പനി ഓഫർ ചെയ്യുന്നത്.
തന്റെ 34 -കാരിയായ ഭാര്യ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പബ്ലിക്കേഷൻ ലീഡായി പ്രവർത്തിക്കുകയാണ് വർഷത്തിൽ 40 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. അവൾ യുഎസിൽ ജോലി ചെയ്യാൻ തയ്യാറാണെന്നും യുവാവ് പറയുന്നു. താൻ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് യാത്ര ചെയ്യാറുണ്ട്. അതിനാൽ തന്നെ താമസം മാറുന്നതിനെ കുറിച്ച് തനിക്ക് വലിയ ആകാംക്ഷ ഒന്നുമില്ല. എന്നാൽ, ഭാര്യയ്ക്ക് കുറച്ചുനാൾ പുറത്തുപോയി ജീവിച്ചാൽ കൊള്ളാം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം എന്ന് യുവാവ് പറയുന്നു. യുവാവിന്റെ സംശയം താൻ വിദേശത്തേക്ക് ചേക്കേറണമോ അതോ ഇവിടെ തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണോ എന്നാണ്.
മിക്കവരും യുവാവിനെ ഉപദേശിച്ചിരിക്കുന്നത് കമ്പനി ഓഫർ ചെയ്യുന്ന പണത്തിന് സിയാറ്റിൽ പോയി ജോലി ചെയ്യുന്നത് നഷ്ടമാണ് എന്നാണ്. ആ പണത്തിന് അവിടെ ചെലവ് കൂടി കഴിയുമ്പോൾ സേവ് ചെയ്യാനായി എന്തെങ്കിലും ബാക്കിയുണ്ടാവാൻ സാധ്യതയില്ല എന്നും പലരും പറഞ്ഞു. മറ്റ് ചിലർ ഭാര്യയോട് കൂടി അവിടെ നല്ല ജോലി നോക്കാൻ പറയുകയാണെങ്കിൽ കുഴപ്പമില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ കുട്ടികളൊന്നും ഇല്ലെങ്കിൽ കുറച്ചുകാലത്തേക്ക് പോയി താമസിച്ച് തിരികെ വരുന്നതിൽ കുഴപ്പമില്ല എന്ന് പറഞ്ഞവരും ഉണ്ട്.