
ഈ ചിത്രത്തിൽ കാണുന്ന കോട്ടൺ കൊണ്ട് നിർമ്മിച്ച സഞ്ചി ഇന്ത്യക്കാർക്ക് ഒരു പുതിയ കാഴ്ചയായിരിക്കില്ല. ഇതിന്റെ പല വെറൈറ്റി സഞ്ചികളും നമ്മൾ കണ്ടിട്ടുണ്ടാവും. ഇന്ത്യയിലെ വീടുകളിൽ ഇത്തരം സഞ്ചികൾക്ക് വലിയ ക്ഷാമമൊന്നും വരില്ല. മിക്കവാറും എല്ലാ ഇന്ത്യൻ വീടുകളിലും ഇത് നമുക്ക് കാണാം. സഞ്ചിക്ക് പുറത്ത് മിക്കവാറും അത് ആരാണോ തരുന്നത് ആ കടയുടെ പേരും നല്ല തിളങ്ങുന്ന അക്ഷരത്തിൽ എഴുതിയിട്ടുമുണ്ടാവും.
എന്നാൽ, ഇപ്പോഴും നമുക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഈ സഞ്ചി വിദേശത്ത് കക്ഷി വേറെയാണ്. അമേരിക്കൻ ആഡംബര റീട്ടെയിലർ വെബ്‌സൈറ്റായ നോർഡ്‌സ്ട്രോമിൽ ഇതിന്റെ വില $48 ആണ്. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 4100 രൂപയ്ക്ക് മുകളിൽ വരും ഇത്.
ജാപ്പനീസ് ബ്രാൻഡായ പ്യൂബ്കോയാണ് ഇന്ത്യന്‍ സഞ്ചിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഈ ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇന്ത്യൻ സുവനീർ ബാഗ് പുനരുപയോഗിക്കാവുന്നത് എന്ന് പറഞ്ഞ് തന്നെയാണ് വിൽക്കുന്നത്. എന്നാൽ, ഇന്ത്യക്കാർ ഇതിനെ തങ്ങളുടെ പഴയ സഞ്ചി ബാഗ് ആയിട്ട് തന്നെയാവും കാണുന്നത് അല്ലേ? പലപ്പോഴും കടകളിൽ നിന്നും സൗജന്യമായി കിട്ടിയിരിക്കുന്ന ഈ ബാഗിനാണ് ഇപ്പോൾ നോർഡ്‌സ്ട്രോമിൽ $48 (₹4,100) വില പറയുന്നത്.
'അതുല്യമായ ഡിസൈനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്റ്റൈലിഷ് ബാഗ്' എന്നാണ് ഈ ബാഗിനെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ ഒരു രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനും നിങ്ങളുടെ അവശ്യവസ്തുക്കൾ കൊണ്ടുപോകാനും അനുയോജ്യമാണ് ഈ ബാഗ് എന്നും പറയുന്നു. മാത്രമല്ല, 'ഏതൊരു സഞ്ചാരിയും, ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നവരും ഉറപ്പായും കരുതിയിരിക്കേണ്ടുന്ന ഒന്നാണ് ഈ ബാഗ്' എന്നുമാണ് ഇത് വിപണിയിലിറക്കിയവർ പറയുന്നത്.
എന്തായാലും, സഞ്ചിയുടെ ഗമയും വിലയും കേട്ട് ഇന്ത്യക്കാരാണ് ശരിക്കും അമ്പരന്നിരിക്കുന്നത്.