
അങ്ങേയറ്റം ദരിദ്രമായ സാഹചര്യത്തിൽ വളർന്ന്, കഠിനാധ്വാനത്തിലൂടെ വലിയ ഉയരങ്ങൾ കീഴടക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ, ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കഠിനമായ സാഹചര്യങ്ങളിലുടെ കടന്നുവന്നെങ്കിലും വലിയ ഉയരങ്ങളിലെത്തി ഒടുവിൽ വെറും 34 -ാമത്തെ വയസ്സിൽ ജോലിയിൽ നിന്ന് വിരമിച്ച് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കയാണത്രെ ഈ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ. റെഡ്ഡിറ്റിലൂടെയാണ് ഇദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് താൻ വളർന്നത് എന്ന് പോസ്റ്റിൽ പറയുന്നു. അച്ഛൻ ഒരു എസ്‌ടിഡി ബൂത്തിൽ വെറും 1500 രൂപ ശമ്പളത്തിന് വർഷങ്ങളോളം ജോലി ചെയ്തിരുന്ന ആളായിരുന്നു. ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള കുടുംബ സാഹചര്യമായിരുന്നു തന്റേത്. 12 -ാം ക്ലാസ് വരെ സർക്കാർ സ്കൂളിലാണ് പഠിച്ചത്. തുടർന്ന് ഒരു സാധാരണ സർക്കാർ എൻജിനീയറിങ് കോളേജിൽ ചേർന്നു. അവിടെ സ്വർണമെഡലോടെ തന്നെ പാസായി. പിന്നാലെ, പ്രമുഖ കമ്പനിയായ Nvidia -യിൽ ജോലി ലഭിച്ചു. Nvidia -യിൽ 10 വർഷം ജോലി ചെയ്തതിന് പിന്നാലെ 2022 -ൽ അവിടെ നിന്ന് രാജിവെച്ചു. അപ്പോഴേക്കും അത്യാവശ്യം ഓഹരികളും സമ്പാദ്യവും ഉണ്ടാക്കിയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
പിന്നീട് ഒരുകോടി രൂപയിൽ കൂടുതൽ ശമ്പളമുള്ള മറ്റ് ചില കമ്പനികളിലും ജോലി ചെയ്തു. പിന്നാലെയാണ് ജീവിതം ആസ്വദിക്കാനായി ജോലി പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. ഇപ്പോൾ 34 -ാം വയസ്സിൽ തന്റെ ഭാര്യയോടൊപ്പം ലോകം ചുറ്റുകയാണത്രെ യുവാവ്. ഈ ലോകത്തിലെ 195 രാജ്യങ്ങളും സന്ദർശിക്കുക എന്നതാണ് ലക്ഷ്യം. ഇതിനോടകം 32 രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു എന്നും പോസ്റഅറിൽ കാണാം. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളും എയർലൈൻ മൈലുകളും ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും യാത്രകൾ. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് ശരിക്കും ഒരു പ്രചോദനം തന്നെ എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.