
വിദേശത്ത് നിന്നുള്ള ഒരു വിനോദസഞ്ചാരിയായ യുവാവ് കഴിച്ച ഭക്ഷണത്തിന്റെ പണം താൻ നൽകാമെന്ന് പറയുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. @jaystreazy എന്ന വ്ലോഗറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്ററായ ജയ് ഒരു റസ്റ്റോറന്റിൽ ഒരു ഇന്ത്യക്കാരനോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം. ബില്ലെടുക്കാൻ ജയ് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
എല്ലാത്തിന്റെയും പണം ഞാൻ നൽകണോ എന്ന് ജയ് ചോദിക്കുന്നതും കേൾക്കാം. എന്നാൽ, ഇന്ത്യക്കാരനായ യുവാവ് അത് വേണ്ട എന്ന് പറയുന്നതാണ് പിന്നെ കാണുന്നത്. ആ പണം ദയവായി താൻ നൽകാമെന്നാണ് ഇന്ത്യക്കാരൻ പറയുന്നത്. മുഴുവൻ ബില്ലും അടയ്ക്കാൻ തന്നെ അനുവദിക്കണമെന്ന് അയാൾ ആവർത്തിച്ച് ജയ്‍യോട് പറയുകയാണ്. ജയ് പണം നൽകാൻ ശ്രമിക്കുമ്പോഴും ആ യുവാവ് അത് നിരസിക്കുന്നത് തുടരുകയാണ്.
അതിനിടയിൽ ജയ് പണം നൽകാനായി പോകാൻ തുനിയുമ്പോൾ ഇന്ത്യക്കാരൻ അയാളുടെ കൈ പിടിച്ച് വലിക്കുന്നതും അയാളെ പണം നൽകാൻ അനുവദിക്കാതിരിക്കുന്നതും വീഡിയോയിൽ കാണാം. ജയ് എത്ര പറഞ്ഞിട്ടും ഇന്ത്യക്കാരൻ പണം നൽകാൻ അനുവദിക്കുന്നില്ല. താൻ പണം നൽകിക്കോളാമെന്നും ഭക്ഷണം കഴിക്കൂ എന്നുമാണ് ഇന്ത്യക്കാരൻ ജയ്‍യോട് പറയുന്നത്.
'ഇന്ത്യക്കാരൻ നിങ്ങളെ ബില്ലടയ്ക്കാൻ അനുവദിക്കാതിരിക്കുമ്പോൾ' എന്നും പറഞ്ഞാണ് വീഡിയോ ജയ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'രണ്ട് പെഗ് അകത്ത് ചെന്നാൽ ഇന്ത്യക്കാർ ഇങ്ങനെയാണ്' എന്ന് രസകരമായി ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. അതേസമയം, ഏറ്റവുമധികം ആളുകൾ കമന്റ് നൽകിയിരിക്കുന്നത് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ചാണ്. ഇന്ത്യക്കാർ ആതിഥ്യമര്യാദയുള്ളവരാണ് എന്നും അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് എന്നും നിരവധിപ്പേരാണ് പറഞ്ഞത്.