ആയിരക്കണക്കിന് മരങ്ങൾ നട്ട മനുഷ്യൻ, പ്രകൃതിയോടാണ് സ്നേഹമത്രയും!

By Web TeamFirst Published Jul 11, 2021, 2:54 PM IST
Highlights

എന്നാല്‍, പരിസ്ഥിതി സംരക്ഷണം ഇതിലൂടെ മാത്രം സാധ്യമാവില്ല എന്ന് അദ്ദേഹത്തിന് മനസിലായി. പ്രദേശത്ത് എപ്പോഴും കാട്ടുതീയുണ്ടായിരുന്നു. 

തന്‍റെ സ്കൂളിന്‍റെ പരിസരത്ത് ഒരു പേരാല്‍ തൈ നടുമ്പോള്‍ ഒഡീഷയിലെ കാന്റിലോ ഗ്രാമത്തിൽ നിന്നുള്ള അന്റാരിയാമി സാഹുവിന് 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാവട്ടെ ആരും പറഞ്ഞ് ചെയ്യിച്ചതായിരുന്നില്ല. പ്രകൃതിയോടുള്ള ആ കുട്ടിയുടെ സ്നേഹത്തില്‍ നിന്നും ജനിച്ച പ്രവൃത്തിയായിരുന്നു. അന്ന് മുതല്‍ ഓരോ വര്‍ഷവും പൊതുസ്ഥലങ്ങളിലെവിടെയെങ്കിലുമായി അദ്ദേഹം ഇതുപോലെ ചെടികള്‍ നടുന്നു. 

മരങ്ങളോടുള്ള അദ്ദേഹത്തിന്‍റെ ഇഷ്ടം ഇങ്ങനെ ഓരോ വര്‍ഷങ്ങളിലും പ്രായത്തിനൊത്ത് വളര്‍ന്നു കൊണ്ടിരുന്നു. സിലെറ്റ്പാഡ സ്കൂളില്‍ അധ്യാപകനായി ജോലിക്ക് പ്രവേശിച്ച ശേഷം വിദ്യാര്‍ത്ഥികളോടും അദ്ദേഹം ഇത് പിന്തുടരാന്‍ ആവശ്യപ്പെട്ടു. അദ്ധ്യാപകനായിരുന്ന കാലത്ത് അന്റാരിയാമി സ്കൂൾ, വീട്ടുമുറ്റങ്ങളിലും ബൌദ് ജില്ലയിലെ ഗ്രാമങ്ങൾക്ക് ചുറ്റുമുള്ള പൊതു ഇടങ്ങളിലും തരിശുനിലങ്ങളിലും റോഡരികിലും ആയിരക്കണക്കിന് മരങ്ങൾ നട്ടു. വന്യജീവി സംരക്ഷണത്തെക്കുറിച്ചും ഗ്രാമവാസികളിൽ അവബോധം സൃഷ്ടിച്ചു. ഒഡിയയിലെ ‘വൃക്ഷം’ എന്നർഥമുള്ള ഗച്ചാ സർ എന്ന പേര് അദ്ദേഹത്തിന് വർഷങ്ങളായി നാട്ടുകാര്‍ നല്‍കിയതാണ്. 

അന്‍റാരിയാമിക്ക് ഇപ്പോള്‍ 75 വയസാണ് പ്രായം. ഇന്നും അതേ പാഷനോടെ അദ്ദേഹം മരങ്ങള്‍ നടുന്നു. വിവിധ സ്കൂളുകളില്‍ മാറിമാറി ജോലി ചെയ്തിരുന്നു അദ്ദേഹം. അവിടങ്ങളെല്ലാം അദ്ദേഹം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 

അന്റാരിയാമി പറയുന്നത്, 2004 വരെ അദ്ദേഹം ഒറ്റയ്ക്ക് 10,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും 20,000 വിദ്യാർത്ഥികളുമായി കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തുവെന്നാണ്. സാൽ, തേക്ക്, പേരാല്‍, മാമ്പഴം, അത്തിപ്പഴം തുടങ്ങിയ തൈകൾ നടുന്നതിന് അദ്ദേഹം ഊന്നല്‍ നൽകി. ഇന്നും അദ്ദേഹം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഇപ്പോൾ 30,000 ത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 

എന്നാല്‍, പരിസ്ഥിതി സംരക്ഷണം ഇതിലൂടെ മാത്രം സാധ്യമാവില്ല എന്ന് അദ്ദേഹത്തിന് മനസിലായി. പ്രദേശത്ത് എപ്പോഴും കാട്ടുതീയുണ്ടായിരുന്നു. അതുകൊണ്ട്, തീയില്‍ നിന്നും വേട്ടക്കാരില്‍ നിന്നുമെല്ലാം കാട് സംരക്ഷിക്കേണ്ടി വന്നു. സാമൂഹികമാധ്യമങ്ങളൊന്നും ഇല്ലാത്ത കാലത്ത് പോസ്റ്ററുകളിലൂടെയാണ് അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിച്ചത്. 

അടുത്ത കാലത്തായി അന്റാരിയാമി സർക്കാരിന്റെയും വനം വകുപ്പിന്റെയും പിന്തുണയോടെ ജില്ലയിലുടനീളം നാല് ജൈവവൈവിധ്യ പാർക്കുകൾ സൃഷ്ടിച്ചു. 300 ഓളം ഫലവൃക്ഷങ്ങളുള്ള ലുമ്പിനി ഉദ്യാനായിരുന്നു ആദ്യത്തേത്. ഇത് ഒരു മോഡലായി മാറി, ബിസ്വബാസു ഉദയം, ലളിതദേബി ഉദ്യാൻ, മാധബ് ഉദ്യാൻ എന്നീ മൂന്ന് പാര്‍ക്കുകള്‍ പിന്നീട് സൃഷ്ടിച്ചു.

ഏതായാലും ഇത്രയേറെ മരങ്ങൾ നട്ടുപിടിപ്പിക്കുകയും പ്രകൃതിയോടും വനങ്ങളോടും അ​ഗാധമായ സ്നേഹം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹം നാട്ടുകാർക്കും പ്രിയപ്പെട്ടയാളാണ്.  

click me!