'തടിച്ചി' എന്ന പരിഹാസത്തില്‍ തോറ്റില്ല; ഇന്ന് അറിയപ്പെടുന്ന പ്ലസ് സൈസ് മോഡലും ബെല്ലി ഡാന്‍സറും

By Web TeamFirst Published Mar 21, 2019, 6:23 PM IST
Highlights

പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിന് തലേദിവസം തന്‍റെ വീട്ടില്‍ ഒരു ബന്ധു വന്നതിനെക്കുറിച്ചും അഞ്ജന ഓര്‍ക്കുന്നുണ്ട്. അല്ലെങ്കിലേ അവള്‍ പരീക്ഷയുടെ ടെന്‍ഷനിലായിരുന്നു. അപ്പോഴാണ് അയാള്‍ വന്ന്, അവള്‍ മറ്റ് കുട്ടികളെ പോലെയല്ല ഭയങ്കര തടി കൂടുതലാണെന്ന് പറയുന്നത്. തീര്‍ന്നില്ല, തുടര്‍ന്നുള്ള മൂന്ന് മണിക്കൂര്‍ എങ്ങനെ, എന്തുകൊണ്ട് താന്‍ തടി കുറക്കണം എന്നതിനേക്കുറിച്ചായിരുന്നു അയാള്‍ സംസാരിച്ചത് എന്നും അഞ്ജന ഓര്‍ക്കുന്നു. 

മുപ്പതാമത്തെ വയസ്സില്‍ പ്ലസ് സൈസ് മോഡലിങ്ങ് മേഖലയിലും, ബെല്ലി ഡാന്‍സിലും തന്‍റേതായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജന ബാപ്പത്..

പക്ഷെ, അത്ര നല്ല കുട്ടിക്കാലമായിരുന്നില്ല അവളുടേത്.. അവഗണനയുടേയും ഒറ്റപ്പെടുത്തലുകളുടേതുമായിരുന്നു അത്.. അതിനു കാരണം വേറൊന്നുമായിരുന്നില്ല. അവളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ശരീര പ്രകൃതമായിരുന്നില്ല അവളുടേത് എന്നതു തന്നെ. അവരേക്കാള്‍ വളരെ തടി കൂടുതലായിരുന്നു അഞ്ജനയ്ക്ക്. 

തന്നെ സ്നേഹിക്കുന്ന കുടുംബവും സുഹൃത്തുക്കളും ഉള്ളതുകൊണ്ട് മാത്രമാണ് ചെറുപ്പകാലത്ത് താന്‍ പിടിച്ചുനിന്നതെന്ന് അഞ്ജന പറയും. പലപ്പോഴും കോളനിയിലുണ്ടായിരുന്നവര്‍ മാത്രമല്ല, ബന്ധുക്കള്‍ പോലും അവളെ പരിഹസിച്ചു. കൂടെ പഠിക്കുന്നവര്‍ ഒറ്റപ്പെടുത്തി. ഒരിക്കല്‍ സ്കൂളില്‍ നിന്ന് പിക്നിക്കിന് പോയപ്പോള്‍ കൂടെയുണ്ടായിരുന്നൊരാള്‍ പാട്ട് പാടിയതാണ്. 'ജീവിതത്തേക്കാള്‍ വലുത്' എന്ന് പറഞ്ഞ് വലിപ്പം കാണിക്കാന്‍ അവന്‍ അഞ്ജനയുടെ നേരെ വിരല്‍ ചൂണ്ടി. ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളെല്ലാം ചിരിക്കാന്‍ തുടങ്ങി. അവര്‍ ചിരി നിര്‍ത്തിയിട്ടും എത്രയോ നേരം തന്‍റെ ചെവിയില്‍ ആ ചിരി മുഴങ്ങിക്കൊണ്ടേയിരുന്നു എന്ന് അഞ്ജനയോര്‍ക്കുന്നുണ്ട്. ആ സംഭവം അവളെ എല്ലായിടത്തുനിന്നും മാറ്റിനിര്‍ത്തി. 

പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിന് തലേദിവസം തന്‍റെ വീട്ടില്‍ ഒരു ബന്ധു വന്നതിനെക്കുറിച്ചും അഞ്ജന ഓര്‍ക്കുന്നുണ്ട്. അല്ലെങ്കിലേ അവള്‍ പരീക്ഷയുടെ ടെന്‍ഷനിലായിരുന്നു. അപ്പോഴാണ് അയാള്‍ വന്ന്, അവള്‍ മറ്റ് കുട്ടികളെ പോലെയല്ല ഭയങ്കര തടി കൂടുതലാണെന്ന് പറയുന്നത്. തീര്‍ന്നില്ല, തുടര്‍ന്നുള്ള മൂന്ന് മണിക്കൂര്‍ എങ്ങനെ, എന്തുകൊണ്ട് താന്‍ തടി കുറക്കണം എന്നതിനേക്കുറിച്ചായിരുന്നു അയാള്‍ സംസാരിച്ചത് എന്നും അഞ്ജന ഓര്‍ക്കുന്നു. 

അതിനുശേഷം ഏറെനാള്‍ അവള്‍ അയാളെയോ അയാളുടെ കുടുംബത്തേയോ കണ്ടിരുന്നില്ല. കണ്ണാടി നോക്കുന്നതിനെ അവള്‍ വെറുത്തു. ഷോപ്പിങ്ങ് അവള്‍ക്കൊരു ദുസ്വപ്നമായി. പലപ്പോഴും പതിനാറുകാരിയായ അഞ്ജനയ്ക്ക് ഒറ്റ ഡ്രസ്സും പാകമായില്ല. അഞ്ജന മാത്രമല്ല അവളുടെ മാതാപിതാക്കളും പലപ്പോഴും അഞ്ജനയുടെ തടിയുടെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചു. പലരും അവരോട് മകളുടെ തടിയെ കുറിച്ച് സംസാരിച്ചു. പക്ഷെ, അവയൊന്നും അവളെ അറിയിച്ച് ബുദ്ധിമുട്ടിച്ചില്ല അവര്‍.. 

തിരിച്ചറിവുകളിലേക്ക്

23 വയസ്സിനും 26 വയസ്സിനും ഇടയിലുള്ള കാലത്താണ് അവള്‍ ഒരു പുഴു എന്ന തന്‍റെ തന്നെ തോന്നലില്‍ നിന്നും ഒരു ചിത്രശലഭത്തെ പോലെ പറന്നു തുടങ്ങിയത്. അതിന് നന്ദി പറയേണ്ടത് അവളുടെ സുഹൃത്ത് പ്രിയങ്കയോടും, അവളുടെ കുടുംബത്തിലുള്ള സ്ത്രീകളോടുമാണ്..

''കോളേജ് കാലത്താണ് എനിക്ക് മനസ്സിലായത്, എന്നോടാര്‍ക്കും റൊമാന്‍സ് ഇല്ലായെന്ന്. ഒരിക്കലും ആരുമെന്നോട് മനസ്സില്‍ തൊട്ട് നന്നായിട്ടുണ്ട് എന്നൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ, 23 -ാമത്തെ വയസ്സില്‍ പ്രിയങ്കയോടും അവളുടെ കുടുംബത്തോടുമൊപ്പം പൂനെയില്‍ താമസിച്ചത് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ആ സ്ത്രീകള്‍ രാജകുമാരിമാരായിരുന്നു. അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരും എല്ലാം തുറന്നു പറയുന്നവരുമായിരുന്നു. അവരോട് ഇടപഴകിയപ്പോഴാണ് ഞാനെപ്പോഴും സങ്കടപ്പെടുന്നതും നന്നായിരിക്കാത്തതുമെല്ലാം എന്‍റെ കുഴപ്പമാണെന്ന് എനിക്ക് മനസ്സിലാവുന്നത്.'' 

ആ സമയത്ത് അവളുടെ നഷ്ടമായ ആത്മവിശ്വാസം വീണ്ടുകിട്ടി. ആ സമയത്താണ് അവള്‍ പ്ലസ് സൈസിലുള്ള ഡ്രസുകള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങുന്നതും, പ്ലസ് സൈസ് ബോഡി മാഗസിനുകള്‍ വായിക്കാന്‍ തുടങ്ങുന്നതും. അത് നാല് വര്‍ഷം മുമ്പാണ്. ആ സമയത്ത് ഇന്ത്യയില്‍ പ്ലസ് സൈസ് മോഡലിങ്ങ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 

ആ സമയത്ത് അവള്‍ ബെല്ലി ഡാന്‍സിങ്ങ് പ്രാക്ടീസ് ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും തുടങ്ങി. അന്ന് ജിമ്മിങ്ങോ വര്‍ക്കൗട്ടോ ഒന്നും അത്ര താല്‍പര്യമില്ലായിരുന്നുവെങ്കിലും അതിനോട് ഇഷ്ടം വന്നു കഴിഞ്ഞാല്‍ അത് ജീവിതത്തിന്‍റെ ഭാഗമാകുമെന്നും അഞ്ജന പറയുന്നു. യോഗയും അതിന്‍റെ കൂടെ പരിശീലിക്കുന്നുണ്ടായിരുന്നു അവള്‍. 

ബെല്ലി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ഒരു സുഹൃത്ത് ഒരു നാടകത്തില്‍ ബെല്ലി ഡാന്‍സിന് ആളെ ആവശ്യമുണ്ടെന്നും ഓഡിഷന് ചെല്ലാനും പറയുന്നത്. ആദ്യം അത് നിരസിച്ചുവെങ്കിലും അവള്‍ ഓഡിഷനില്‍ പങ്കെടുത്തു. അങ്ങനെ അവളാ നാടകത്തിന്‍റെ ഭാഗമാവുകയും രണ്ട് വര്‍ഷത്തോളം നാടകം ഓടുകയും ചെയ്തു. അതിനിടയിലാണ് ഒരു പ്രമുഖ ബ്രാന്‍ഡിന് വേണ്ടി മോഡലിനെ തേടി ഓഡിഷന്‍ നടത്തിയത്. ''എനിക്ക് തോന്നിയത്, മോഡലിങ്ങിന് ഒരു ചാന്‍സ് കിട്ടിയാല്‍ ശരീരത്തെ കുറിച്ച് പോസിറ്റീവായി സംസാരിക്കാന്‍ ഇതൊരു നല്ല അവസരമായിരിക്കും എന്നാണ്. എല്ലാ സ്ത്രീകളോടും നിങ്ങള്‍ സുന്ദരികളാണ്. അവിടെ ഭാരമോ, നിറമോ ഒന്നും തന്നെ കാര്യമല്ല എന്ന് പറയാനാഗ്രഹിച്ചു. അത് സ്വയം തിരിച്ചറിഞ്ഞാല്‍ പിന്നീടങ്ങോട്ടുള്ള യാത്ര അത്രയേറെ മനോഹരമായിരിക്കും എന്നും..'' അഞ്ജന പറയുന്നു.  

2016 -ല്‍ അവള്‍ പ്ലസ് സൈസ് മോഡലായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇ-കൊമേഴ്സ് സൈറ്റുകളിലേക്ക് പരസ്യം, ടൈംസ് മ്യൂസിക്കിന് വേണ്ടി ബെല്ലി ഡാന്‍സര്‍, ലാക്ക്മേ ഫാഷന്‍ വീക്കിലെ സാന്നിധ്യം അങ്ങനെ പോകുന്നു അത്... 

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സാണ് ഇന്ന് അഞ്ജനയ്ക്കുള്ളത്. പരിഹസിച്ചു വരുന്ന കമന്‍റുകള്‍ക്ക് പോലും ചുട്ട മറുപടി നല്‍കുന്നുണ്ടവള്‍. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്യും.. പണ്ട്, തിരികെ ഒന്നും പറയാനാകാത്ത പ്രായത്തില്‍ ഒന്നും മിണ്ടാതെ നിസ്സഹായ ആയി ഇരുന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. പക്ഷെ, ഇന്നങ്ങനെയല്ല എന്നവള്‍ പറയുന്നു. മനുഷ്യന് അവനവനില്‍ തന്നെയുള്ള അരക്ഷിതബോധമാണ് മറ്റുള്ളവരെ അവര്‍ പരിഹസിക്കാന്‍ കാരണമാകുന്നതെന്നും അഞ്ജന പറയുന്നു. 

സ്ത്രീകളോട് അഞ്ജനയ്ക്ക് പറയാനുള്ളത് ഇതാണ്, ''എല്ലാ സത്രീകളും ഒരുമിച്ച് നില്‍ക്കണം. എല്ലാ തരം സ്ത്രീകളേയും മനസ്സിലാക്കണം. അങ്ങനെ പരസ്പരം മനസ്സിലാക്കി ഒരുമിച്ച് നിന്നാലേ എല്ലാവരും ഇയര്‍ന്നു വരൂ..''

click me!