ലോകത്തേറ്റവും കൂടുതല്‍ കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച 36 കാരന്‍ ഇനി അഴിക്കുള്ളില്‍!

By Web TeamFirst Published Sep 18, 2021, 3:35 PM IST
Highlights

ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ 85 ലക്ഷം ലൈംഗിക പീഡനദൃശ്യങ്ങളാണ് ഇയാള്‍ പ്രദര്‍ശിച്ചത്
 

കുട്ടികളുടെ 85 ലക്ഷം അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഐറിഷ് പൗരന് 27 വര്‍ഷം തടവ്.  ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ ലൈംഗികപീഡന ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രദര്‍ശനം നടത്തുന്നയാളാണ് ഇയാളെന്നാണ് എഫ് ബി ഐ വിശേഷിപ്പിക്കുന്നത്. 

ഡബ്ലിനില്‍ നിന്നുള്ള എറിക് ഇയോന്‍ മാര്‍ക്വെസാണ് ഒരു അജ്ഞാത വെബ് ഹോസ്റ്റിംഗ് സേവനത്തിലൂടെ ദശലക്ഷക്കണക്കിന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കിട്ടത്. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാറനുസരിച്ച് ഐറിഷ് അധികൃതര്‍ അമേരിക്കയ്ക്ക് കൈമാറിയ ഇയാളെ അമേരിക്കന്‍ കോടതിയാണ് ശിക്ഷിച്ചത്. ഇയാള്‍ എത്രയും കാലം അഴിക്കുള്ളില്‍ കിടക്കുന്നുവോ അത്രയും ലോകത്തിന് ഗുണകരമായിരിക്കുമെന്ന് കോടതി വിശേഷിപ്പിച്ചു. 

2008 മുതല്‍ 2013 വരെ കാലയളവില്‍ ഡാര്‍ക്ക് വെബില്‍ അജ്ഞാത വെബ് ഹോസ്റ്റിംഗ് സംവിധാനത്തിലൂടെയാണ് മാര്‍ക്വെസ് ചിത്രങ്ങളും വീഡിയോകളും പങ്കിട്ടത്. അതില്‍ ചിലത് ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ബലാത്സംഗവും ലൈംഗിക പീഡനവും ചിത്രീകരിക്കുന്നവയായിരുന്നു. ഈ കുറ്റകൃത്യം ശരിക്കും നിന്ദ്യമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിയോഡോര്‍ ചുവാങ് പറഞ്ഞു. ശിക്ഷ വിധിക്കുന്നതിന് മുന്‍പ്, മാര്‍ക്ക്‌സ് ഇരകളോട് ക്ഷമ ചോദിക്കുകയും കോടതിയില്‍ കരുണ യാചിക്കുകയും ചെയ്തു. 'ഞാന്‍ എന്റെ കുടുംബത്തിന് നാണക്കേടുണ്ടാക്കി. ദയവായി എനിക്ക് രണ്ടാമത്തൊരു അവസരം കൂടി തരൂ, ''അദ്ദേഹം കോടതിയോട് പറഞ്ഞു.

ശിശുക്കളെയും, കൊച്ചുകുട്ടികളെയും കെട്ടിയിട്ട് മൃഗീയമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളാണ് ഇയാള്‍ പ്രദര്‍ശിപ്പിച്ചവയില്‍ ഏറെയും. മലമൂത്രവിസര്‍ജ്ജനം, ഛര്‍ദ്ദി എന്നിവയുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2013 ലാണ് ആ 36 -കാരനെ അയര്‍ലണ്ടിലെ ഒരു ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2019 മാര്‍ച്ചില്‍ ഐറിഷ് അധികാരികള്‍ ഇയാളെ യുഎസിന് കൈമാറി. യുഎസിലെ മേരിലാന്‍ഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. അയാളുടെ പെരുമാറ്റം മയക്കുമരുന്ന് തലവന്റേതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് കോടതി പറഞ്ഞു. 27 വര്‍ഷത്തെ തടവിന് പുറമേ, ബാലപീഡനത്തിന് ഇരയായവര്‍ക്ക് 87,000 ഡോളര്‍ നല്‍കാനും കോടതി ഉത്തരവിട്ടു.

അയര്‍ലണ്ടിലും അമേരിക്കയിലുമായി എട്ട് വര്‍ഷം ജയില്‍ വാസം അനുഭവിച്ച മാര്‍ക്കസിന്റെ ശിക്ഷയുടെ കാലാവധി 21 വര്‍ഷമാക്കി ചുരുക്കണമെന്ന അഭിഭാഷകരുടെ ആവശ്യം ജഡ്ജി ചുവാങ് തള്ളി. ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാലപീഡന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചയാളാണ് മാര്‍ക്വെസ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ നിന്ന് അയാള്‍ 3.6 മില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നുമാണ് കോടതി രേഖകള്‍ പറയുന്നത്.

എന്നാല്‍ മാര്‍ക്വേസിന്റെ വരുമാനം നിയമാനുസൃതമായ വെബ് ഹോസ്റ്റിംഗ് സേവനങ്ങളില്‍ നിന്നാണെന്നും ഡാര്‍ക്ക് വെബില്‍ നിന്നുള്ളതല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. 

മാര്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി എഫ് ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ ഇരകളില്‍ ഒരു വലിയ വിഭാഗത്തെ എഫ്ബിഐ തിരിച്ചറിഞ്ഞു. കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും, കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും എഫ്ബിഐ പറഞ്ഞു.

click me!