
ഇന്ത്യയിലെ പല നഗരങ്ങളിലും മിഡിൽ ക്ലാസിനോ സാധാരണക്കാർക്കോ വീട് വാങ്ങാനോ, വീട് വയ്ക്കാനോ പറ്റാത്ത അവസ്ഥയാണ്. അതുപോലെയാണ് സ്ഥലത്തിനും വീടിനുമെല്ലാം വില കൂടിക്കൊണ്ടിരിക്കുന്നത്. എന്തിനേറെ പറയുന്നു വാടക പോലും കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പലരും മറന്നതുപോലെയാണ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ആളുകൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്.
ഈ പോസ്റ്റിൽ ചോദിക്കുന്നത് ഇന്ത്യയിൽ ഒരു ബോട്ടിൽ താമസിക്കുക എന്നത് നിയമവിരുദ്ധമാണോ എന്നാണ്. തനിക്ക് ഇന്ത്യയിലെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി ഒരു നഗരത്തിലും ഫ്ലാറ്റുകൾ വാങ്ങാൻ കഴിയില്ല. തനിക്ക് ഇപ്പോൾ തന്നെ പ്രായമായി, അതിനാൽ ഇഎംഐ അടക്കാനായി ജോലി ചെയ്യാൻ സാധിക്കുന്ന പ്രായമല്ല. ബോട്ട് വാങ്ങി അടുക്കള, കുളിമുറി, രണ്ട് മുറികൾ എന്നിവ പണിത് അതിൽ താമസിക്കാൻ സാധിക്കുമോ എന്നാണ് ഇയാളുടെ ചോദ്യം.
എല്ലാ നഗരങ്ങളിലും കുറച്ച് തടാകങ്ങളെങ്കിലുമുണ്ട്. അതിനാൽ, തനിക്ക് ഈ ബോട്ടുകൾ തടാകങ്ങളിലോ കടൽത്തീരത്തോ ഒക്കെ വച്ച ശേഷം അവിടെ താമസിക്കാൻ സാധിക്കുമോ എന്നും പോസ്റ്റിൽ ചോദിക്കുന്നു. തന്റെ ചോദ്യം ഗൗരവതരമാണ്. ബോട്ടിന് 15-30 ലക്ഷം രൂപ വരെയാണ് വരുന്നത്. വെള്ളപ്പൊക്കം വന്നാലും കുഴപ്പമില്ല എന്നും ഇയാൾ പറയുന്നു.
നിരവധിപ്പേരാണ് ഈ പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. ഇത്രയും കാശുണ്ടെങ്കിൽ നഗരത്തിൽ നിന്നല്ലാതെ നഗരത്തിൽ നിന്നൊഴിഞ്ഞ് ഒരു വീട് വാങ്ങിക്കൂടേ എന്നായിരുന്നു ഒരാളുടെ സംശയം. കാരവാൻ ട്രൈ ചെയ്തൂടേ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം. ഇതൊന്നുമല്ല, വിലാസത്തിലുൾപ്പടെ നിയമപരമായതും അല്ലാത്തതുമായ അനേകം പ്രശ്നങ്ങൾ ഈ ബോട്ട് ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മറ്റ് ചിലർ സൂചിപ്പിച്ചത്.