പഞ്ഞക്കാലത്ത് ആദ്യം കടംതരും, പിന്നെ ബിസിനസ് കയ്യടക്കും, കൊവിഡ് ഭീതിക്കിടെയും മുതലെടുപ്പുമായി ഇറ്റാലിയൻ മാഫിയ

By Web TeamFirst Published May 6, 2020, 3:13 PM IST
Highlights

വിളിക്കുന്നവർ സഹായം ചോദിച്ചതിന്റെ പിറകെ ഫോണിൽ പൊട്ടിക്കരയാറുണ്ട്. വീട്ടിൽ കുഞ്ഞുങ്ങൾക്ക് രണ്ടു നേരം ഭക്ഷണം കൊടുക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞാണ് കരച്ചിൽ

"എല്ലാ പ്രതിസന്ധിയിലും, വലിയൊരു ഒരു അവസരം ഒളിച്ചിരിപ്പുണ്ടാവും" എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ ആണ്. എന്നാൽ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ഇറ്റലിയിലെ മാഫിയാ തലവന്മാരാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങുന്നവരുടെ എണ്ണം ലക്കും ലഗാനുമില്ലാതെ കുതിക്കുമ്പോൾ, ജനങ്ങളുടെ ഉപജീവനവും ധനാർജ്ജനവും മുടക്കിക്കൊണ്ട് ലോക്ക് ഡൗൺ കർക്കശമാകുമ്പോൾ അവരിൽ പലർക്കും EMI അടക്കാനും, കടങ്ങൾക്ക് പലിശ നൽകാനും, എന്തിന് വീട്ടിൽ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാനും വരെയുള്ള പണമില്ലാതെ ആയിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള സഹായങ്ങൾ പരിമിതമാണ്. അവതന്നെ എല്ലാവരിലേക്കും എത്തിച്ചേരുന്നുമില്ല. ഈ അവസ്ഥയിൽ അധോലോകമാഫിയയുടെ ബ്ലേഡ് സംഘങ്ങൾ നൽകുന്ന സഹായങ്ങൾ നിരസിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഇറ്റലിക്കാരിൽ പലർക്കും. 

സിസിലി ദ്വീപിലെ മാഫിയോസോകൾ

മാഫിയ എന്ന വാക്ക് ഇറ്റലിയിലെയും ലാറ്റിനമേരിക്കയിലെയും അധോലോക ക്രിമിനൽ സംഘങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന വാക്കാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെ വൈദേശിക ശക്തികളുടെ ആധിപത്യത്തിലായിരുന്ന ഇറ്റലിക്കാർ അവനവന്റെ സംരക്ഷണത്തിനായി ഉണ്ടാക്കിയ ചാവേർ സംഘങ്ങൾ ആണ് ആദ്യ മാഫിയോസോകൾ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇറ്റലിയുടെ മണ്ണിൽ അവ കൊല്ലും കൊലയും മയക്കുമരുന്ന് കച്ചവടവും, ഭീഷണിപ്പെടുത്തി പണം തട്ടലും ഒക്കെയായി വിളയാടുകയാണ്. ഇടക്ക് വർഷങ്ങൾ കൂടുമ്പോൾ ഒരു വേട്ടയുണ്ടാകും. അന്ന് കുറെ അധോലോക നായകർ വധിക്കപ്പെടും, ബാക്കിയുള്ളവർ ജയിലാകും. താമസിയാതെ തടവിലിട്ടവർ ഒന്നൊന്നായി പുറത്തിറങ്ങി വീണ്ടും തങ്ങളുടെ കുറ്റകൃത്യങ്ങളുടേതായ അധോലോകം തിരിച്ചുപിടിക്കും. അതാണ് ഇറ്റലിയിൽ നടന്നുവരുന്നത്. 

 

 

ഈ കൊവിഡ് കാലം ഇറ്റാലിയൻ അധോലോക സംഘങ്ങൾക്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ, അവരിൽ തങ്ങളോടുള്ള കൂറ് ഉത്പാദിപ്പിച്ചെടുക്കാനുള്ള കാലമാണ്. അവർ ഇപ്പോൾ തങ്ങളുടെ പക്കലുള്ള അളവറ്റ ധനത്തിന്റെ ചെറിയൊരംശം ചെലവിടുന്നത് നാട്ടുകാരിൽ പട്ടിണി കിടക്കുന്നവർക്ക് ഫുഡ് പാക്കറ്റുകൾ എത്തിക്കാൻ വേണ്ടിയാണ്. 

"എന്നെ വിളിക്കുന്നവർ സഹായം ചോദിച്ചതിന്റെ പിറകെ ഫോണിൽ പൊട്ടിക്കരയാറുണ്ട്. വീട്ടിൽ കുഞ്ഞുങ്ങൾക്ക് രണ്ടു നേരം ഭക്ഷണം കൊടുക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞാണ് കരച്ചിൽ. ഒരു സ്ത്രീ ദിവസവും വിളിക്കും. അവർക്ക് അഞ്ചു കുഞ്ഞുങ്ങളാണ്. മക്കളെ എങ്ങനെ ഊട്ടണം എന്ന് അവർക്ക് യാതൊരു നിശ്ചയവുമില്ല. " സിസിലിയിലെ പല്ലെർമോയിൽ മാഫിയോസോയുടെ കണ്ണികളിൽ ഒരാൾ ബിബിസിയോട് പറഞ്ഞു. താൻ മാഫിയയുടെ ഭാഗമാണ് എന്നയാൾ സ്ഥിരീകരിക്കുന്നില്ല. "വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നത് മാഫിയാ പ്രവർത്തനമാണെങ്കിൽ ഞാനൊരു മാഫിയക്കാരനാണ്. അങ്ങനെ എന്നെ ആളുകൾ വിളിച്ചാൽ എനിക്കതിൽ അഭിമാനമേ ഉണ്ടാകൂ..." 

കൊവിഡും ഒരു അവസരം തന്നെ 

കൊവിഡ് 19 ഇറ്റലിക്കാർക്ക് പുതിയ മഹാമാരിയായിരിക്കാം. എന്നാൽ, ക്ഷാമകാലത്ത് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുക എന്നത് മാഫിയയുടെ പഴയ തന്ത്രമാണ്. പലവുരു പരീക്ഷിച്ച് വിജയിച്ച തന്ത്രം. "ഇത്തരം പ്രവർത്തനങ്ങളുടെ ലക്‌ഷ്യം ജനങ്ങളുടെ വിശ്വാസമാർജ്ജിക്കുക എന്നതാണ്. ഇത്തരം സഹായങ്ങൾ കൊടുത്തുകൊടുത്ത് ഒടുവിൽ ഗവൺമെന്റിന് സമാന്തരമായ ഒരു സെറ്റപ്പ് തന്നെ അവർ കെട്ടിപ്പൊക്കും സമൂഹത്തിൽ. ഈ ചെറുസഹായങ്ങൾക്ക് പല വിധത്തിലുള്ള പ്രതുപകാരങ്ങൾ ജനങ്ങളിൽ നിന്ന് മാഫിയക്ക് പിന്നീട് വസൂലാക്കാൻ പറ്റും. 

ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ കുറെ വർഷങ്ങളായി ആകെ പരുങ്ങലിലാണ്. വളർച്ച മുരടിച്ചിരിക്കയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ് രാജ്യത്ത്. അങ്ങനെ വല്ലാത്തൊരു അവസ്ഥയിൽ ജീവിക്കാൻ വേണ്ടി പെടാപ്പാടുപെടുന്ന ജനങ്ങൾക്കുമേൽ ഓർക്കാപ്പുറത്ത് വന്നു വീണ ഇടിമിന്നലാണ് ലോക്ക് ഡൗൺ എന്ന ഈ അടിയന്തരാവസ്ഥ. അത് പലരെയും വല്ലാത്ത സാമ്പത്തിക പ്രയാസത്തിലാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവസ്ഥകളിൽ കഴിയുന്നവർക്കാണ് പലപ്പോഴും മാഫിയയുടെ ഭാഗത്തു നിന്നുള്ള ചെറിയ സഹായങ്ങൾ സ്വീകരിക്കേണ്ടി വരുന്നത്. അത് പക്ഷേ അവരുടെ ജീവിതങ്ങളിളെ പിന്നീട് തിരിച്ചു പിടിക്കാനാവാത്ത വിധം മാറ്റും. 

 

 

മാഫിയ ചെയ്യുന്ന ഒരു നന്മയ്ക്കു പിന്നിലും ദീനാനുകമ്പ എന്ന വികാരം പ്രവർത്തിക്കുന്നില്ല. സഹാനുഭൂതി എന്നത് മാഫിയയുടെ നിഘണ്ടുവിൽ ഇല്ലാത്തൊരു പദമാണ്. അവർക്ക് അറിയാവുന്നത് ഒന്നുവെച്ച് പത്തെടുക്കുന്ന ഉത്സവപ്പറമ്പിലെ 'കുലുക്കിക്കുത്ത്' മോഡൽ സഹായങ്ങൾ മാത്രമാണ്. ആദ്യമാദ്യം നൽകുന്ന സഹായങ്ങളിൽ കാര്യമായ ഉപാധികളോ, പ്രത്യുപകാരത്തെപ്പറ്റിയുള്ള സൂചനകളോ ഒന്നും കാണില്ല. എന്നാൽ, ഒരിക്കൽ മാഫിയയുടെ ഉപകാരം സ്വീകരിച്ചവർക്ക്, തിരിച്ച് അടുത്ത തവണ അവർ പറയുന്നത് പോലെ പ്രവർത്തിക്കാതിരിക്കാൻ സാധിക്കുകയില്ല. 

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം അടച്ചിടേണ്ടി വന്ന പല ബിസിനസ്സുകൾക്കും നഷ്ടം താങ്ങാനുള്ള ശേഷിയില്ല. ഓവർ ഹെഡ് ചെലവുകൾ വഹിക്കാനുള്ള സമ്പാദ്യവും അവർക്ക് കാണില്ല. ആയുഷ്കാലത്തെ സമ്പാദ്യം നിക്ഷേപിച്ച് തുടങ്ങിവെക്കുന്ന ബിസിനസ്സുകൾ മാഫിയ വെച്ചുനീട്ടുന്ന തുകയ്ക്ക് വിറ്റൊഴിയാൻ നിർബന്ധിതരായ പലരുമുണ്ട്. അത് മാഫിയയുടെ ഭാഗത്തു നിന്നുള്ള നിർബന്ധം കൊണ്ടല്ല. അവരുടെ ഗതികേടുകൊണ്ടാണ്. ഈ അവസരത്തിൽ എടുത്തുവീശാൻ പണമുള്ളത് മാഫിയയുടെ കയ്യിൽ മാത്രമാണ്. കള്ളക്കടത്തിലൂടെയും മറ്റു ക്രിമിനൽ പ്രവർത്തനങ്ങളിലൂടെയും ഒക്കെ ആർജ്ജിച്ച അളവറ്റ ധനം സേഫിലുള്ളതിനാൽ  അവർക്ക് അങ്ങനെ ചെയ്യുക ഏറെ എളുപ്പവുമാകും. പലപ്പോഴും മാഫിയ സംഘങ്ങളുടെ പിണിയാളുകളിൽ നിന്ന് സഹായം സ്വീകരിക്കുന്നവർ, തങ്ങൾ ആരിൽ നിന്നാണ് പണം കടം വാങ്ങിയത് എന്നുപോലും അന്വേഷിക്കാൻ മിനക്കെടാറില്ല. അത്രയ്ക്ക് ഗതികേട് വന്നുപെട്ടിട്ടുണ്ടാവും അവർക്ക്. ഈ പണം സ്വീകരിക്കുക അല്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുക  എന്ന രണ്ടുവഴികൾ മാത്രം മുന്നിലുള്ള അവസ്ഥയിൽ, പിന്നെ പണം ആര് തന്നാലെന്ത്?

 

 

കുഞ്ഞുങ്ങൾ കണ്മുന്നിലിരുന്നു വിശന്നു കരഞ്ഞുതളർന്നുറങ്ങുന്ന, അല്ലെങ്കിൽ ഒരു പാട് ആശിച്ചു മോഹിച്ചു തുടങ്ങിയ കച്ചവടങ്ങൾ നഷ്ടം കുന്നുകൂടി ഒടുവിൽ വിട്ടൊഴിവാക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ രക്ഷയ്ക്കെത്തുന്ന പണം എവിടെനിന്നു വന്നു എന്ന് ആരും നോക്കിയെന്നു വരില്ല. അവരുടെ മുന്നിലുള്ളത് നിലനിൽപ്പ് എന്ന ഒരേയൊരു ചോദ്യം മാത്രമാണ്. 

അടുത്തതവണ പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ, ഈ മാഫിയ നേതാക്കൾ കഴിഞ്ഞ തവണ സഹായം സ്വീകരിച്ചവരുടെ അടുത്തേക്ക് അങ്ങോട്ട് ചെല്ലും, എന്നിട്ട് ഏതെങ്കിലും ഒരാൾക്ക് വോട്ടുചെയ്യാൻ പറയും. കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാൻ പണം തന്നു സഹായിച്ചവർ പറഞ്ഞാൽ വോട്ടല്ല, അതിലും വലുത് ജനങ്ങൾ നൽകിയെന്നിരിക്കും. 

സർക്കാർ സംവിധാനങ്ങളുടെ  പരിമിതി 

ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞുകൊണ്ട് കൃത്യസമയത്ത് ഇടപെടുന്നതിലും, അവരുടെ ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിലുമൊക്കെ സർക്കാർ സംവിധാനങ്ങളെക്കാൾ എത്രയോ കാര്യക്ഷമമായാണ് മാഫിയാ സംഘങ്ങൾ ഇടപെടുന്നത് എന്നതാണ് ഇറ്റലിയിൽ നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യം. 

ഇറ്റലിയിലെ ഒട്ടുമിക്ക സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും ഇന്ന് പാപ്പർസ്യൂട്ടടിക്കുന്നതിന്റെ വക്കിലാണ്. സർക്കാർ ഈ നിമിഷം കൃത്യമായ ഇടപെടലുകൾ നടത്തി അവയെ രക്ഷിച്ചില്ല എന്നുണ്ടെങ്കിൽ അവയെല്ലാം തന്നെ മാഫിയയുടെ കൈകളിലേക്ക് എത്തിച്ചേരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വായ്പ വേണ്ട ബിസിനസ്സുകൾക്ക് തങ്ങൾ 25,000 യൂറോ വരെ വായ്പ നൽകാൻ തയ്യാറാണ് എന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചിട്ടുണ്ട് എങ്കിലും അതിലെ ചുവപ്പുനാടയുടെ നൂലാമാലകൾ എത്രത്തോളമുണ്ടാകും എന്ന് ആർക്കും ഉറപ്പില്ല. 

രണ്ടുണ്ട് പ്രശ്നം. ഒന്ന്, നല്ലൊരു സംഖ്യ വായ്പയായി തരപ്പെടാതെ ബിസിനസുകൾ രണ്ടാമതും തുടങ്ങാൻ സാധിക്കില്ല. അങ്ങനെ തുടങ്ങുന്ന ബിസിനസ്സുകൾക്ക് ലോക്ക് ഡൗൺ കഴിഞ്ഞ് പൂർണ തോതിൽ രാജ്യത്തെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കാത്തിടത്തോളം പഴയപോലെ വരുമാനം ഉണ്ടാക്കാനും സാധിക്കില്ല. അതായത് ഉടനെ തന്നെ വലിയ തോതിൽ ഒരു കടം തിരിച്ചടവ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നർത്ഥം. പലരും ബിസിനസുകൾ മാഫിയക്ക് വിറ്റുകൊണ്ട് കിട്ടുന്ന കാശും വാങ്ങി ഇനിയുള്ള നഷ്ടമെങ്കിലും കുറക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, സർക്കാരിന്റെ ശ്രമങ്ങൾ വീണ്ടും വിധം ജനങ്ങളിലേക്ക് എത്തിയില്ലെങ്കിൽ, ഇന്നോളം തള്ളിപ്പറഞ്ഞ മാഫിയയെത്തന്നെ ആശ്രയിക്കാൻ, മാഫിയയുടെ കക്ഷത്തിലേക്ക് തങ്ങളുടെ തലകൾ തിരുകിക്കൊടുക്കാൻ ഇറ്റലിയിലെ സാധാരണക്കാർ നിർബന്ധിതരാകും. അത് ജനങ്ങൾക്കോ സർക്കാരിനോ ഹിതകരമായെന്നു വരില്ല..! 

click me!