
ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന്‍റെ ആദ്യ ദിവസത്തെ രാജ്യസഭ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷം രാജിവെച്ചിരിക്കുകയാണ്. രാജ്യത്ത് ഏറെ ചർച്ചയായ ഉപരാഷ്ട്രപതിയുടെ തികച്ചും അപ്രതീക്ഷമായ ഈ ദുരൂഹ രാജിയുടെ കാരണങ്ങളിലേക്കോ, അതിന്റെ രാഷ്ട്രീയ വിശകലനങ്ങളിലേക്കോ ഈ ലേഖനം കടക്കുന്നില്ല, മറിച്ച് കാലാവധി തീരുവാൻ ഇനിയും രണ്ടു വർഷങ്ങൾ കൂടി ബാക്കി നിൽക്കേ, രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നുള്ള രാജി സൃഷ്ടിച്ചേക്കാവുന്ന ഭരണഘടന പ്രതിസന്ധിയും, തുടർ നടപടിക്രമങ്ങളെയും പറ്റി വിശദീകരിക്കുവാൻ ശ്രമിക്കുകയാണ്.
നമ്മുടെ രാജ്യത്ത് രാഷ്ട്രപതിമാരോ ഉപരാഷ്‌ട്രപതിമാരോ കാലാവധി തീരും മുൻപേ രാജിവെക്കുന്ന ഒരു പതിവില്ല. 1969 ൽ ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം സ്വതന്ത്ര സ്ഥാനാർഥിയായി രാഷ്‌ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉപരാഷ്ട്രപതിയായിരുന്ന വിവി ഗിരി രാജിവെച്ചിട്ടുണ്ട്. ഇതായിരുന്നു ഉപരാഷ്ട്രപതിയുടെ രാജിയുമായി ബന്ധപ്പെട്ടുള്ള രാജ്യത്തെ ആദ്യത്തെ സാഹചര്യം. അക്കാലത്ത് രാഷ്‌ട്രപതി ആയിരുന്ന സക്കീർ ഹുസൈന്‍റെ നിര്യാണത്തെ തുടർന്ന് ആക്ടിങ് പ്രസിഡന്റ് ആയികൂടി ചുമതല വഹിച്ചിരുന്ന വിവി ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതോടു കൂടി ആക്ടിങ് പ്രസിഡന്റ് ആയി അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം ഹിദായത്തുള്ള ചുമതലയേറ്റെടുക്കുകയാണ് ഉണ്ടായത്. മറ്റൊരു സാഹചര്യം 1987 ല്‍ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ആർ വെങ്കിട്ടരാമൻ രാജിവെച്ചതാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനായിരുന്നു ഇത്. അദ്ദേഹം വിജയിച്ച് രാഷ്ട്രപതി ആവുകയും ചെയ്തു. രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ് രാജ്യത്ത് കാലാവധി തീരുന്നതിന് ഏറെ മുമ്പ് ഉപരാഷ്ട്രപതിമാർ രാജിവെക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.
ആര്‍ട്ടിക്കിൾ 64 പ്രകാരം രാജ്യസഭയുടെ എക്സ് ഓഫീഷ്യോ ചെയർമാൻ എന്ന പദവിയും, രാഷ്ട്രപതിയുടെ പദവിയില്‍ ഒഴിവ് വന്നാല്‍ താത്കാലികമായി രാഷ്ട്രപതിയുടെ ചുമതല വഹിക്കുക എന്നുമാണ് ഉപരാഷ്ട്രപതിയുടെ നിർവചനത്തിൽ ഭരണഘടന വ്യക്തമാകുന്നുന്നത്. ആര്‍ട്ടിക്കിൾ 67(a) ഉപരാഷ്ട്രപതിയുടെ രാജിയെ പറ്റി പ്രതിപാദിക്കുന്നത് ഉപരാഷ്‌ട്രപതി സ്വന്തം നിലയിൽ തയാറാക്കിയ രാജി രാഷ്ട്രപതിക്ക് സമർപ്പിക്കാവുന്നതാണ് എന്നാണ്. രാജ്യത്ത് ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾ രാജി സമർപ്പിക്കേണ്ടത് നിയമന അധികാരികൾക്ക് തന്നെയാണ്. എന്നാൽ രാഷ്‌ട്രപതി മാത്രമാണ് ചീഫ് ജസ്റ്റിസിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ഉപരാഷ്ട്രപതിക്ക് രാജി സമർപ്പിക്കേണ്ടത്. തുടർന്ന് രാജ്യത്തെ രാഷ്ട്രപതിയുടെ അഭാവത്തിൽ ഉപരാഷ്ട്രപതിക്ക് ആക്ടിങ് പ്രസിഡന്റ് ചുമതലകൂടി വഹിക്കേണ്ടതുണ്ട്. ഈ അവസരത്തിൽ ഉപരാഷ്ട്രപതിയുടെ ശമ്പളം രാഷ്ട്രപതിയുടേതായിരിക്കും എന്നും ഭരണഘടന വ്യക്തമാക്കിന്നുണ്ട്. എന്നാൽ ഉപരാഷ്ട്രപതി രാജി വെക്കുക എന്ന സവിശേഷ സാഹചര്യത്തിൽ രാജ്യത്ത് ആക്ടിങ് വൈസ് പ്രസിഡന്റ് പ്രൊവിഷൻ ഭരണഘടന അനുവദിക്കുന്നില്ല. മാത്രമല്ല മറ്റെല്ലാ ഭരണഘടന പദവികളുടെയും നിയമനങ്ങളുടെ കാലാവധി ഭരണഘടന നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാന്‍ നിശ്ചിത സമയപരിധി പറയുന്നില്ല. "As soon as poosible " ഇലക്ഷൻ നടത്തണം എന്ന് മാത്രമാണ് ഭരണഘടനയിൽ പറയുന്നത്. എന്നാൽ ഉപരാഷ്ട്രപതി രാജ്യസഭാ ചെയർമാൻ പദവി കൂടി വഹിക്കുന്നത് കൊണ്ട് ആര്‍ട്ടിക്കിൾ 65 പ്രകാരം രാജ്യസഭയുടെ അധ്യക്ഷപദവി രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന് വഹിക്കാവുന്നതാണ്.
രാജ്യസഭയുടെ ചെയർമാൻ എന്ന പദവിയാണ് ഉപരാഷ്‌ട്രപതിയുടെ രാഷ്ട്രീയമായ മൂല്യം ഉയർത്തുന്ന ഘടകം. രാജ്യസഭയുടെ ചെയർമാൻ എന്ന നിലയിൽ രാജ്യസഭ നിയന്ത്രിക്കുന്നതിൽ മികവ് തെളിയിക്കേണ്ടത് ഭരണപക്ഷത്തിന്റെ ആവശ്യം കൂടിയാണ്. രാജ്യസഭയിൽ ഇതുവരെ ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി ഗവണ്മെന്റ് രാഷ്‌ട്രപതി നിയമനത്തേക്കാൾ ശ്രദ്ധ പുലർത്തിയിട്ടുള്ള ഒരു നിയമനമാണ് ഉപരാഷ്‌ട്രപതിയുടേത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബിജെപി മുൻ ദേശീയ പ്രസിഡന്റ് ആയിരുന്ന വെങ്കയ്യ നായിഡു ആയിരുന്നു മുൻ ഉപരാഷ്ട്രപതി എന്ന കാരണം മാത്രം മതി ബിജെപി ഗവണ്മെന്റ് എത്ര രാഷ്ട്രീയ പ്രാധാന്യത്തോട് കൂടിയാണ് ഈ ഉപരാഷ്ട്രപതി നിയമനം നടത്തിയിരുന്നതെന്ന് മനസിലാക്കാന്‍. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകർ ഇക്കാലയളവിലെല്ലാം ഭരണപക്ഷത്തിന് വേണ്ടി അരയും തലയും മുറുക്കി രാജ്യസഭയിൽ പ്രകടനം കാഴ്ച വെച്ചിരുന്നു എന്ന് തന്നെയാണ് പൊതുവെയുള്ള വിമര്‍ശനം. ജുഡീഷ്യൽ നിയമനങ്ങളിലും, ജുഡീഷ്യറിയുടെ പല നിലപാടുകളോടും പരസ്യമായി എതിർശബ്ദങ്ങളാണ് ജഗ്ദീപ് ധൻകറിന്റെ നേതൃത്വത്തിൽ നടന്നത്. ഗവണ്മെന്റുമായുള്ള വഖഫ് ബിൽ തർക്കത്തിൽ പാർലമെന്‍റാണ് സുപ്രീം എന്ന് പറഞ്ഞ ജഗ്ദീപ് ദൻകറിനോട് ഭരണഘടനയാണ് രാജ്യത്ത് സുപ്രീം എന്ന കേശവാനന്ദ ഭാരതി കേസിലെ നിരീക്ഷണം എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് മറുപടി നല്‍കിയത്. കൂടാതെ സഭയിൽ പ്രതിപക്ഷ അംഗങ്ങളോട് നിർദയമായി തന്നെയാണ് രാജ്യസഭ ചെയർമാൻ എന്ന നിലയിൽ ജഗ്ദീപ് ധൻകറിന്റെ പ്രകടനം ഉണ്ടായിരുന്നത്. തൽഫലമായാണ് രാജ്യത്ത് ആദ്യമായി പ്രതിപക്ഷം ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനായുള്ള പ്രമേയം രാജ്യസഭയിൽ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിൾ 67(b)പ്രകാരം ഉപരാഷ്‌ട്രപതിയെ പുറത്താക്കുന്നതിനായി ഇംപീച്ച്മെന്‍റ് ആവശ്യമില്ല. രാജ്യസഭയിൽ അംഗീകരിച്ച പ്രമേയം ലോക്സഭ കൂടി അംഗീകരിച്ചാൽ ഉപരാഷ്ട്രപതിയെ പുറത്താക്കാവുന്നതാണ്. പരാജയപ്പെട്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഒരു ഉപരാഷ്ട്രപതിയെ പുറത്താക്കുന്നതിനായി രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
ഇത്തവണത്തെ പാർലമെന്റ് മൺസൂൺ സെഷൻ സവിശേഷമായ സാഹചര്യങ്ങളാണ് നേരിടാൻ പോകുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സെഷൻ എന്ന നിലയിലും അതിനുമപ്പുറം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്‍റില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സെഷൻ എന്ന നിലയിലും അതിനുമപ്പുറം സംസ്ഥാനങ്ങൾ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി നടപടിയിന്മേലുള്ള രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടി, ഇതെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധികളും നടപടി ക്രമങ്ങളും പലതും പാർലർമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി നടക്കുന്നതാണ്. ഈ നിർണായക ഘട്ടത്തിലാണ് രണ്ടു വർഷം കൂടി കാലാവധി ഉള്ളപ്പോൾ ഉപരാഷ്ട്രപതി രാജിവെച്ച ഒരു അവസ്ഥ രാജ്യം നേരിടുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ബി ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ രാഷ്‌ട്രപതി നേരിട്ട് സുപ്രീം കോടതിയിൽ റഫറൻസ് സമർപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവില്‍. നിയമസഭകളിലും പാർലമെന്റിലും പാസ്സാക്കിയ ബില്ലുകൾ ഒപ്പിട്ട് നിയമസാധുത നൽകുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കുമേൽ ആര്‍ട്ടിക്കിൾ 137 പ്രകാരമുള്ള പ്രസിഡൻഷ്യൽ റഫറൻസ് എന്ന അധികാര പ്രകാരം രാഷ്‌ട്രപതി 14 ഇന കാര്യങ്ങളിൽ രേഖാ മൂലം വ്യക്തത നൽകുവാൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് പരിഗണിക്കാനിരിക്കുന്ന സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിന്റെ വിധിന്യായം ഇന്ത്യൻ ജുഡീഷ്യൽ രംഗത്തെ ഒരു ലാൻഡ്മാർക് വിധി ആകുമെന്ന കാര്യത്തിൽ സംശയമില്ല. അത് പാർലമെന്റിന് അകത്തും പുറത്തും ചർച്ചകൾക്ക് വഴി വെക്കുന്ന വിധി പ്രസ്തവം കൂടിയാകും. അതുകൊണ്ട് തന്നെ ഈ മൺസൂൺ സെഷൻ ഏറെ നിർണായകമാണ്. പ്രത്യേകിച്ച് ഗവർണർമാരും ബിജെപി ഇതര സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള തർക്കങ്ങൾ പാരമ്യത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ.
രാജ്യത്ത് ഇതുവരെ ഒരു ഹൈക്കോടതി ജഡ്ജിനെ ഇംപീച്ച്മെന്‍റില്‍ കൂടി പുറത്താക്കിയിട്ടില്ല. ഇതിനു മുൻപ് നടന്ന പല ശ്രമങ്ങളും പല വഴിയിൽ പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഒരു പക്ഷെ ഇത് ആദ്യമായി ഒരു ഹൈക്കോടതി ജഡ്ജിന് എതിരായി ഒരു ഇംപീച്ച്മെന്‍റ് വിജയിച്ചേക്കാവുന്ന സാഹചര്യം ആണ് നിലവിൽ രാജ്യത്തുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ യോജിച്ച നിലപാടുകൾ തന്നെയാണ് എടുക്കുന്നത്. ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപിടുത്തവും അതിനെ തുടർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്ത അനധികൃത കറൻസികളും രാജ്യത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു. അതിനെ തുടർന്ന് സുപ്രീം കോടതി നടത്തിയ ഇൻഹൗസ് അന്വേഷണത്തിലും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന വരുന്ന പാർലമെന്റ് മൺസൂൺ സെഷനിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്‍റിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാനുള്ള റിപ്പോർട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപിച്ചതിന്റെ ഫലമായുമാണ് ലോകസഭയിൽ സ്പീക്കർ ഭരണപ്രതിപക്ഷാഗംങ്ങളുടെയും യോജിച്ച അപേക്ഷകൾ സ്വീകരിച്ചത്. രാജ്യസഭയിൽ പ്രതിപക്ഷാഗംങ്ങളുടേ അപേക്ഷ മാത്രം ഉപരാഷ്ട്രപതി സ്വീകരിച്ചതിന്മേലുള്ള തർക്കങ്ങൾ ആണ് നിലവിലെ ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് വരെ നീങ്ങിയത് എന്ന വാർത്തകളും വന്നിരുന്നു.
സുപ്രീം കോടതി ജഡ്ജിനെ ആര്‍ട്ടിക്കിൾ 124 (4) പ്രകാരവും ഹൈക്കോടതി ജഡ്ജിനെ ആര്‍ട്ടിക്കിൾ 127 പ്രകാരവുമാണ് ഇംപീച്ച്മെന്‍റിന് വിധേയമാക്കുന്നത്. അതിനായി ലോക്സഭയിൽ 100 ൽ കുറയാത്ത അംഗങ്ങളുടെ പിന്തുണയും രാജ്യസഭയിൽ 50 ൽ കുറയാത്ത അംഗങ്ങളുടെ പിന്തുണയോട് കൂടിയുള്ള അപേക്ഷയും ലോകസഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും സമർപ്പിക്കണം. ശേഷം, രണ്ടു സഭകളിലും അംഗങ്ങളുടെ പകുതിയിൽ കുറയാത്ത പ്രാതിനിധ്യവും മൂന്നിൽ രണ്ട് കുറയാതെയുള്ള കേവലഭൂരിപക്ഷവും ലഭിച്ചാൽ മാത്രമേ ഇംപീച്ച്മെന്‍റ് പ്രക്രിയ പൂർത്തിയായി രാഷ്ട്രപതിക്ക് ഓർഡർ ഇറക്കുവാൻ സാധിക്കുകയുള്ളൂ. എന്ത് തന്നെ ആയാലും വേൾഡ് കറപ്ഷൻ ഇൻഡക്സിൽ 180 രാജ്യങ്ങളിൽ 96-ാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ രാജ്യം ഒരു ഹൈക്കോടതി ജഡ്ജിന്‍റെ അഴിമതിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇംപീച്ച്മന്‍റിന് വിധേയമാകുന്ന പ്രക്രിയ മാധ്യമങ്ങൾക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ഒരു പുതിയ അനുഭവമായിരിക്കും.