തടവുകാരികള്‍ക്ക് ഗര്‍ഭം, വനിതാ ജയില്‍ അടച്ചുപൂട്ടുന്നു

Published : Apr 14, 2022, 06:54 PM ISTUpdated : Apr 14, 2022, 06:55 PM IST
തടവുകാരികള്‍ക്ക് ഗര്‍ഭം, വനിതാ ജയില്‍ അടച്ചുപൂട്ടുന്നു

Synopsis

 നിരന്തര ലൈംഗിക പീഡന പരാതികള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ള ജയില്‍ അടച്ചുപൂട്ടുമെന്ന് ന്യൂജഴ്‌സി ഗവര്‍ണര്‍ അറിയിച്ചു. 

വനിതാ ജയിലില്‍ പാര്‍പ്പിച്ച ട്രാന്‍സ് ജെന്‍ഡര്‍ തടവുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് വനിതാ തടവുകാര്‍ ഗര്‍ഭിണികളായി. പരസ്പര സമ്മതത്തോടു കൂടിയാണ് ലൈംഗിക ബന്ധം നടന്നതെന്നും ബലാല്‍സംഗം നടന്നിട്ടില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. നിരന്തര ലൈംഗിക പീഡന പരാതികള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ള ജയില്‍ അടച്ചുപൂട്ടുമെന്ന് ന്യൂജഴ്‌സി ഗവര്‍ണര്‍ അറിയിച്ചു. 

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള (New Jersey) എഡ്‌നമന്‍ വനിതാ ജയിലിലാണ് സംഭവം. ഇവിടെ 800 -ലധികം വനിതാ തടവുകാരികളും 27 ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരുമുണ്ട്. ഇവരില്‍ ചിലര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്തവരാണ്. അവരില്‍ ഒരാളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് രണ്ട് തടവുകാരികള്‍ ഗര്‍ഭിണികളായതെന്ന് ജയില്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ഗര്‍ഭിണികളായ തടവുകാരുടെയോ ട്രാന്‍സ് ജെന്‍ഡര്‍ തടവുകാരിയുടെയോ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഗര്‍ഭിണികളായ തടവുകാരികള്‍ തങ്ങളുടെ ഗര്‍ഭധാരണവുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇവര്‍ ഒരേ ട്രാന്‍സ് ജെന്‍ഡറില്‍നിന്നാണോ ഗര്‍ഭിണിയായത് എന്ന കാര്യവും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തടവുകാര്‍ക്ക് ലൈംഗിക അതിക്രമം നടക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്ന ജയിലാണ് ഇത്. ഗാര്‍ഡുകളടക്കം ജയില്‍ജീവനക്കാര്‍ക്ക് എതിരെ വലിയ പരാതികള്‍ മുന്‍കാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 

2020 ജനുവരിയില്‍ ഒരു ട്രാന്‍സ്വുമണ്‍ ഉള്‍പ്പെടെ തടവുകാരെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരില്‍ പത്ത് ജയില്‍ ഗാര്‍ഡുകള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുകയാണ്. ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ അടുത്ത കാലത്തായി ലൈംഗികാതിക്രമത്തിനും മോശം പെരുമാറ്റത്തിനും കുറ്റസമ്മതം നടത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവിടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും ജയിലില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം നീതിന്യായ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജയിലിലെ കറക്ഷന്‍ കമ്മീഷണര്‍ മാര്‍ക്കസ് ഹിക്‌സ് രാജിവെച്ചിരുന്നു. 

ജയിലില്‍ ആവശ്യത്തിന് ക്യാമറകള്‍ ഇല്ലെന്നും നിരീക്ഷണ ക്യാമറയില്ലാത്ത സ്റ്റോറേജ് റൂമില്‍ ഒരു കിടക്ക കിടപ്പുണ്ടെന്നും  നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഗാര്‍ഡുകള്‍ വനിതാ തടവുകാരെ തെറി വിളിക്കുകയും രൂപത്തെക്കുറിച്ച് പരിഹസിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിപ്പെടുന്ന തടവുകാരികളെ ഏകാന്തതടവിലാക്കുകയും മറ്റ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ ഗാര്‍ഡുകള്‍ വനിതാ തടവുകാരെ മര്‍ദിക്കുന്നതും കുരുമുളക് സ്പ്രേ ചെയ്യുന്നതും സെല്ലില്‍ നിന്ന് വലിച്ചിഴയ്ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് പുറത്തുവന്നിരുന്നു. 

കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥാപനത്തില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പാര്‍പ്പിക്കാന്‍ തുടങ്ങിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവാത്തവരും അതിലുള്‍പ്പെടുന്നു. 18 മാസത്തോളം പുരുഷന്മാരുടെ ജയിലില്‍ കഴിയാന്‍ നിര്‍ബന്ധിതയായ ഒരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ ട്രാന്‍ജെന്‍ഡര്‍ തടവുകാരെ പാര്‍പ്പിക്കാന്‍ തീരുമാനമായത്. 

PREV
Read more Articles on
click me!

Recommended Stories

ഓരോരോ ഹോബികളെ; ഇല്ലാത്ത നായയെ പരിശീലിപ്പിക്കുക, ട്രെൻഡായി ഹോബി ഡോഗിംഗ്
സിനിമയുടെ ത്രികോണഘടനയിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നാല് പതിറ്റാണ്ടുകൾ