ടാർ​ഗറ്റ് എത്തിയില്ലെങ്കിൽ ന​ഗ്നചിത്രം എടുപ്പിക്കും, സ്വകാര്യഭാ​ഗങ്ങളിൽ വേദനിപ്പിക്കും; ജപ്പാനിലെ കമ്പനിക്കെതിരെ മുൻജീവനക്കാർ

Published : Jul 04, 2025, 12:40 PM IST
Representative image

Synopsis

മേലധികാരികളുടെ അധിക്ഷേപവും പീഡനവും ചൂണ്ടിക്കാട്ടി അഞ്ച് മുൻ ജീവനക്കാർ ഈ വർഷം മാർച്ചിൽ കേസ് ഫയൽ ചെയ്തു. അതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

സെയിൽസ് ടാർ​ഗറ്റ് എത്തുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാരെ ന​ഗ്നചിത്രമെടുത്ത് അയക്കാൻ പ്രേരിപ്പിക്കുന്നതായി ജാപ്പനീസ് കമ്പനിക്കെതിരെ ആരോപണം. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോ കോർപ്പറേഷനിലാണത്രെ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ സ്വന്തം നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിച്ചത്. ബോസ് അവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇലക്ട്രിക്, എനർജി സേവിം​ഗ് എക്വിപ്മെന്റ് വിൽക്കുന്നതിലും അവ സ്ഥാപിക്കുന്നതിലും പ്രവർത്തിക്കുന്ന കമ്പനിയാണ് നിയോ കോർപ്പറേഷൻ. ജപ്പാനിലുടനീളമായി കമ്പനിക്ക് ഇപ്പോൾ ഒമ്പത് ശാഖകളുണ്ട്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മേലധികാരികളുടെ അധിക്ഷേപവും പീഡനവും ചൂണ്ടിക്കാട്ടി അഞ്ച് മുൻ ജീവനക്കാർ ഈ വർഷം മാർച്ചിൽ കേസ് ഫയൽ ചെയ്തു. അതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഒരു ദിവസത്തിനുള്ളിൽ വിൽപ്പന നടത്താൻ കഴിഞ്ഞില്ലെങ്കിൽ സെയിൽസ് മാനേജർ ജീവനക്കാരെ അവരുടെ നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിക്കുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

മാത്രമല്ല, പിന്നാലെ ഇത് മറ്റ് ജീവനക്കാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തന്റെ സ്വകാര്യഭാ​ഗങ്ങളിൽ പിടിച്ച് അമർത്തുമായിരുന്നു എന്നും വേദനിപ്പിക്കുമായിരുന്നു എന്നും ഒരു ജീവനക്കാരൻ പറയുന്നു. ഞാൻ അത്രയൊന്നും ശക്തി എടുത്തിട്ടില്ല എന്നാണ് മേലധികാരി പറയുന്നതെങ്കിലും അത് വളരെ വേദനാജനകമാണ് എന്നും ജീവനക്കാരൻ പറഞ്ഞു.

ബ്രാഞ്ച് മാനേജരെ സമീപിച്ചപ്പോൾ, അയാൾ ജീവനക്കാരനെ പരിഹസിക്കുകയായിരുന്നു. എല്ലാവരും ഇതിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട് എന്നാണ് മാനേജർ പറഞ്ഞത്. അത്തരം ശിക്ഷകൾ കാരണം തനിക്ക് അഡ്ജസ്റ്റ്മെന്റ് ഡിസോർഡറും വിഷാദവും ഉണ്ടെന്ന് കണ്ടെത്തിയതായും ജീവനക്കാരൻ ആരോപിക്കുന്നു.

നഗ്നചിത്രങ്ങൾ എടുക്കുക മാത്രമായിരുന്നില്ല മേലധികാരികൾ ചെയ്തത്. ഓവർടൈം ജോലിയെടുപ്പിക്കുക, വാക്കാൽ അധിക്ഷേപിക്കുക എന്നിവയെല്ലാം പതിവായിരുന്നു. ഒരു ഒഫീഷ്യൽ ഡിന്നർ ഒഴിവാക്കിയതിന് ഒരു ബ്രാഞ്ച് മാനേജരെ കമ്പനി ഡയറക്ടർ തല്ലിച്ചതച്ചതായും ആരോപിക്കപ്പെടുന്നു. സെയിൽസ് കമ്മീഷൻ കുറയ്ക്കുക, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കമ്പനിയിലേക്ക് പണം തിരികെ മാറ്റാൻ ആവശ്യപ്പെടുക, കടുത്ത പിഴകൾ ചുമത്തുക എന്നിവയും ഉണ്ടായിരുന്നു. ചിലത് ആറ് ദശലക്ഷം യെൻ (42,000 ഡോളർ) വരെ എത്തിയതായും റിപ്പോർട്ടുണ്ട്.

2025 മാർച്ചിലാണ് അഞ്ച് ജീവനക്കാർ കമ്പനിക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. എന്നാൽ, കമ്പനി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?