
പല കാരണങ്ങൾ കൊണ്ടും വിവാഹമോചനം നടക്കാറുണ്ട്. ആരോഗ്യമുള്ളൊരു സമൂഹത്തിന്റെ ലക്ഷണം കൂടിയാണ് വിവാഹമോചനം എന്നത്. എന്നാൽ, ചില ദമ്പതികൾക്കാവട്ടെ പിരിഞ്ഞു കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഒന്നിച്ച് ജീവിച്ചാൽ മതിയായിരുന്നു എന്ന തോന്നലുമുണ്ടാവാറുണ്ട്. എന്നാലും, ഒരിക്കൽ പിരിഞ്ഞുപോയ പങ്കാളിയെത്തന്നെ വീണ്ടും വിവാഹം കഴിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമാണ്. പക്ഷേ, അതാണ് ജൂലി ഷോറിന്റെയും സ്കോട്ട് ഗെയ്‌ഡിന്റെയും ജീവിതത്തിൽ സംഭവിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിയമപരമായി വേർപിരിഞ്ഞ ഇവർ ഇപ്പോൾ മക്കളുടെ സാന്നിധ്യത്തിൽ വീണ്ടും ഒരിക്കൽ കൂടി വിവാഹം കഴിച്ചിരിക്കുകയാണ്.
1994 -ലാണ് ജൂലിയും സ്കോട്ടും വിവാഹിതരായത്. വർഷങ്ങളോളം അവർ ഒരുമിച്ച് ജീവിച്ചു. രണ്ട് മക്കളും ജനിച്ചു. എന്നാൽ, 2014 -ൽ ഇരുവരും വിവാഹമോചിതരാവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, 2018 ഓടെ നിയമപരമായ വിവാഹമോചനവും നടന്നു. എന്നാൽ, നിയമപരമായി വേർപിരിഞ്ഞെങ്കിലും ഇരുവരും ശത്രുതയിലൊന്നുമായില്ല. ആരോഗ്യകരമായ ഒരു സൗഹൃദം അവർക്കിടയിൽ ഉണ്ടായിരുന്നു. മക്കളുടെ കാര്യങ്ങൾക്കെല്ലാം അവർ ഒരുമിച്ച് എത്തിച്ചേരുകയും ഒരുമിച്ച് നിൽക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ, സ്കോട്ടിന്റെ അമ്മ മരിച്ചു. ആ സമയത്ത് ആശുപത്രിയിലെത്തിയിരുന്നു ജൂലി. അതുപോലെ അമ്മ നഷ്ടപ്പെട്ട സ്കോട്ടിന് മാനസികമായ പിന്തുണ നൽകാനും അവൾ വിമുഖത കാണിച്ചില്ല. ആറ് മാസങ്ങൾക്ക് ശേഷം സ്കോട്ടിന്റെ അച്ഛനും മരിച്ചു. സ്കോട്ട് ആകെ തകർന്നുപോയ ആ സമയത്തും ജൂലി തന്റെ പഴയ പങ്കാളിയെ ആശ്വസിപ്പിക്കാനെത്തി. അതുപോലെ തന്നെ മക്കളുടെ ഗ്രാജ്വേഷൻ സെറിമണി അടക്കം എല്ലാ ചടങ്ങുകളിലും അവരിരുവരും ഒരുമിച്ച് പങ്കാളികളായി.
ആ സമയത്താണ് എന്തുകൊണ്ട് വീണ്ടും തങ്ങൾക്ക് ഒരുമിച്ച് ജീവിച്ചുകൂടാ, ഒരിക്കൽക്കൂടി ദമ്പതികളായി കഴിഞ്ഞുകൂടാ എന്ന് സ്കോട്ടിനും ജൂലിക്കും തോന്നുന്നത്. ഒരു പുതിയ ബന്ധം എന്നപോലെ തന്നെ ഇരുവരും ഡേറ്റിംഗിലായിരുന്നു ആദ്യം. പിന്നീട്, ഒരു അഞ്ച് ദിവസം യാത്രയും പോയി. തിരികെ വന്ന ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. അവരുടെ പെൺമക്കളായ റേച്ചൽ ഗെയ്‌ഡും കരോലിനും ആ വിവാഹത്തിന് സാക്ഷികളായി. ആ ചടങ്ങ് അവർ അടിച്ചുപൊളിച്ച് ആഘോഷിച്ചു. സഹോദരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അച്ഛന്റെയും അമ്മയുടേയും രണ്ടാം വിവാഹക്കാര്യം അറിയിച്ചത്. മനോഹരമായ ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം